Connect with us

Eranakulam

പാട്ടകാലാവധി കഴിഞ്ഞ ഭൂമി കുടിശ്ശിക പിരിച്ചെടുക്കാൻ നടപടിയായില്ല; സർക്കാറിന് ലഭിക്കാനുള്ളത് 1,155 കോടി

Published

|

Last Updated

പാലക്കാട്: പാട്ട കാലാവധി കഴിഞ്ഞ ഭൂമി കുടിശ്ശിക പിരിച്ചെടുക്കാൻ സർക്കാർ തലത്തിൽ നടപടിയായില്ല. കാലാവധി കഴിഞ്ഞ സ്വകാര്യ എസ്റ്റേറ്റുകളുൾപ്പെടെ സർക്കാർ ഏറ്റെടുക്കുമെന്ന പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും കുടിശ്ശിക പോലും പിരിച്ചെടുക്കാൻ സർക്കാർ നടപടി സ്വീകരിക്കുന്നില്ലെന്നാണ് അറിയുന്നത്.

സംസ്ഥാനത്ത് കുടിശ്ശിക അടക്കാൻ സർക്കാർ നിശ്ചയിച്ച കാലാവധി കഴിഞ്ഞ 415 ഭൂമികളാണുള്ളത്. ഈ ഭൂമിയിൽ കുടിശ്ശിക ഇനത്തിൽ സർക്കാറിന് 1,155 കോടി രൂപയോളം കിട്ടാനുണ്ടെന്നാണ് രേഖകൾ ചുണ്ടിക്കാണിക്കുന്നത്. ക്ലബ്ബുകൾ, എസ്റ്റേറ്റുകൾ, സ്വകാര്യ സ്ഥാപനങ്ങൾ എന്നിവയിൽ നിന്നാണ് ഇത്രയും കുടിശ്ശിക ലഭിക്കാനുള്ളത്.

പ്രളയവും സാമ്പത്തിക പ്രതിസന്ധിയുമുണ്ടായി സംസ്ഥാനത്തിന്റെ നട്ടെല്ലൊടിഞ്ഞിട്ടും കുടിശ്ശിക പിരിക്കാൻ നടപടിയൊന്നുമുണ്ടാകാത്തതിൽ പ്രതിഷേധവും ശക്തമായിട്ടുണ്ട്. മെട്രോ നഗരങ്ങളിലെ ആഡംബര ക്ലബ്ബുകൾ, സർക്കാറിൽ നിന്ന് കൃഷിക്കായി ഭൂമി പാട്ടത്തിനെടുത്ത എസ്‌റ്റേറ്റ് ഉടമകൾ, വിദ്യാഭ്യാസത്തിനായി ഭൂമി ലഭിച്ച ട്രസ്റ്റുകൾ, പൊതുമേഖലാ സ്ഥാപനങ്ങൾ തുടങ്ങിയവരാണ് പാട്ടത്തുക സർക്കാറിന് അടക്കാതിരിക്കുന്നത്.

ഇതിൽ ഏറ്റവും കൂടുതൽ എറണാകുളം ജില്ലയിലാണ്. പാട്ടക്കാലവധി കഴിഞ്ഞിട്ടും 585.41 കോടി രൂപയാണ് ജില്ലയിൽ നിന്ന് ലഭിക്കാനുള്ളത്. ആലപ്പുഴയിലാണ് ഏറ്റവും കുറവ്. 31.9 ലക്ഷം രൂപ. 43 എസ്റ്റേറ്റുകൾ കാലാവധി കഴിഞ്ഞിട്ടും തുക നൽകിയിട്ടില്ലെന്ന് രേഖകൾ തെളിയിക്കുന്നു. നെല്ലിയാമ്പതിയിൽ സ്വകാര്യ എസ്റ്റേറ്റുകൾ പാട്ടക്കാലവധി കഴിഞ്ഞിട്ടും ഇപ്പോഴുംസ്വകാര്യവ്യക്തികളുടെ കൈയിലാണ്. പലതിനും ഹെക്ടറിനു 1,500 രൂപയിൽ താഴെ മാത്രമാണ് പാട്ടത്തുക. ഇത് തന്നെയാണ് സംസ്ഥാനത്തെ മിക്ക ഭൂമിയുടെയും പാട്ടത്തുക.
മൂന്ന് വർഷത്തിലൊരിക്കൽ പാട്ടത്തുക പുതുക്കണമെന്നാണ് ചട്ടം. എന്നാൽ അതും നടന്നിട്ടില്ല. പ്രളയത്തെ തുടർന്നുള്ള നവകേരള നിർമാണത്തിന് പണമില്ലാതെ വലയുമ്പോഴും സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകുമ്പോഴും ഈ തുക തിരിച്ചു പിടിക്കാൻ സർക്കാർ തയാറാകുന്നില്ല. ഇത്തരത്തിലുള്ള ഭൂമി ബേങ്കിൽ ഈട് വച്ച് ഉടമസ്ഥർ കോടിക്കണക്കിന് രൂപ വായ്പ എടുത്തിട്ടുണ്ടെന്നാണ് പറയുന്നത്.

സാധാരണ കർഷകർ സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് വായ്പ എടുത്തത് തിരിച്ചടക്കാത്തത് മൂലം കിടപ്പാടം അടക്കം ജപ്തി ചെയ്യാൻ ബേങ്ക് അധികൃതർ ഒരുങ്ങുമ്പോൾ ഇവർക്കെതിരെ ചെറുവിരൽ പോലും അനക്കുന്നില്ലെന്ന പരാതിയും ഉയർന്നിട്ടുണ്ട്.

Latest