Connect with us

Ramzan

വാർഷികാഘോഷം കെങ്കേമമാക്കണം

Published

|

Last Updated

വാർഷികാഘോഷം പൊടിപൊടിക്കുന്നതിനുള്ള ഒരുക്കൾ തകൃതിയായി നടക്കുകയാണ്. കമ്മിറ്റി ഭാരവാഹികളും സ്‌നേഹ ജനങ്ങളും അവിശ്രമം രംഗത്തുണ്ട്. പദ്ധതികൾ ആസൂത്രണം ചെയ്യുന്നു. ആവേശത്തോടെ നടപ്പാക്കുന്നു. അല്ലാത്ത പക്ഷം പദ്ധതികൾ പാളിപ്പോകും. ലക്ഷ്യം കാണാതെ വരും. ഭാവിയിൽ അത് പ്രയാസം സൃഷ്ടിക്കും.
ഇത് റമസാൻ മാസം. ഇവിടെ മുസ്‌ലിംകൾക്ക് ഒരു വാർഷികം ആഘോഷിക്കാനുണ്ട്. പരിശുദ്ധ ഖുർആനിന്റെ വാർഷികം. ഹിറാഗുഹയിൽ തനിച്ചിരിക്കുന്ന നബിയുടെ സമീപം ജിബ്‌രീൽ (അ) വന്ന് ഖുർആനിന്റെ ആദ്യ വചനങ്ങൾ (സൂറത്തൂൽ അലഖിലെ അഞ്ച് സൂക്തങ്ങൾ) ഓതിക്കൊടുത്തത് റമസാനിലായിരുന്നു. റമസാൻ 17ാം രാവിലോ 23ലോ ആണെന്നാണ് പണ്ഡിതാഭിപ്രായം. നബി (സ)ക്ക് ഖുർആൻ നൽകുന്നതിന് മുമ്പ് അല്ലാഹു മറ്റു പ്രവാചകർക്ക് ഗ്രന്ഥങ്ങൾ നൽകിയതും റമസാനിലാണെന്ന് പണ്ഡിതർ പറയുന്നു.

റമസാനിൽ ഖുർആനിന്റെ വാർഷികാഘോഷം വിജയിപ്പിച്ചില്ലെങ്കിൽ ഭാവി ജീവിതം അത്ര വിജയകരമാകില്ല. അതുകൊണ്ട് തന്നെ വിജയിപ്പിക്കാനും വിജയിക്കാനും പലരും പലതരത്തിലുള്ള പദ്ധതികളാണ് ആസൂത്രണം ചെയ്യുന്നത്. ദിവസവും അഞ്ച് നേരത്തെ നിസ്‌കാരത്തിന് ശേഷം നിശ്ചിത ഭാഗം ഓതിത്തീർക്കുന്നു. പള്ളികളിലും വീടുകളിലും ഖുർആൻ പാരായണത്തിന്റെ മധുര ധ്വനികൾ പരക്കുന്നു. ആഘോഷം കെങ്കേമമാണ്. ദിവസവും ഒരു തവണയും റമസാനിൽ ദിവസം രണ്ട് തവണയും ഖുർആൻ ഖത്മ് തീർത്ത് ഇമാം ശാഫിഈ (റ) ഇവിടെ വിശാസികൾക്ക് മാതൃകയാണ്.
ഖുർആൻ പാരായണം ഏറ്റവും പുണ്യമായ ആരാധനയാണ്. അതിന് അല്ലാഹുവിന്റെയും റസൂലിന്റെയും കൽപ്പനയുണ്ട്. ഖുർആനിൽ നിന്ന് നബി (സ) അവതീർണമായ ആദ്യ സൂക്തങ്ങൾ തന്നെ അതിലേക്കാണ് വിരൽ ചൂണ്ടുന്നത്.

വായിക്കൂ എന്നർഥം വരുന്ന ഇഖ്‌റഅ് എന്ന പദം കൊണ്ട് തുടങ്ങുന്ന സൂറത്തിൽ മൂന്നാമത്തെ സൂക്തത്തിൽ വീണ്ടും വായിക്കാൻ അഭ്യർഥിക്കുന്നു. ആവർത്തിച്ച് പറയുന്നത് നിർബന്ധ സ്വരത്തിനാണ്. ഖുർആൻ ഒരു ഗ്രന്ഥം മാത്രമല്ലെന്നും അത് പാരായണം ചെയ്യപ്പെടേണ്ടതാണെന്നും അത് നിർബന്ധമാണെന്നും ഇത് സൂചിപ്പിക്കുന്നു. ഖുർആനിൽ അല്ലാഹു പറയുന്നു: തീർച്ചയായും അല്ലാഹുവിന്റെ ഖുർആൻ പാരായണം ചെയ്യുകയും നിസ്‌കാരം കൃത്യമായി നിലനിർത്തുകയും നാം കൊടുത്തിട്ടുള്ളതിൽ നിന്ന് രഹസ്യമായും പരസ്യമായും ചെലവഴിക്കുകയും ചെയ്യുന്നവരാരോ അവർ ആശിക്കുന്നത് ഒരിക്കലും നഷ്ടം സംഭവിക്കാത്ത ഒരു കച്ചവടമാണ്. അവർക്ക് അവരുടെ പ്രതിഫലം അവൻ പൂർത്തിയാക്കി കൊടുക്കും. അവന്റെ അനുഗ്രഹത്തിൽ നിന്ന് അവർക്ക് അവൻ കൂടുതലായി നൽകും. തീർച്ചയായും അവൻ ഏറെ പൊറുക്കുന്നവനും നന്ദിയുള്ളവനുമാകുന്നു.(സൂറത്തുൽ ഫാത്വിർ).
ഖുർആൻ പാരായണം ചെയ്യുന്നവർക്കുള്ള പ്രതിഫലം പ്രതിപാദിക്കുന്ന ഹദീസുകൾ നിരവധിയാണ്. അബൂ ഉമാമ(റ)വിൽ നിന്ന് നിവേദനം: നബി(സ) പറയുന്നതായി ഞാൻ കേട്ടു. നിങ്ങൾ ഖുർആൻ പാരായണം ചെയ്യുക, നിശ്ചയം അതിന്റെ ആളുകൾക്ക് അന്ത്യനാളിൽ അത് ശിപാർശ ചെയ്യുന്നതാണ്. (മുസ്‌ലിം). ഖുർആനിലെ ഒരക്ഷരം ഓതിയാൽ അതിന് പത്തിരട്ടിയാണ് പ്രതിഫലം ലഭിക്കുന്നത്. വാർഷിക വേളയിൽ ഇത് പതിൻമടങ്ങ് വർധിക്കുകയും ചെയ്യും. റമസാനിലും ഖുർആൻ പാരായണം ചെയ്യാൻ കഴിയാതെ പോയാൽ അവൻ പരാജിതരുടെ കൂട്ടത്തിലായിരിക്കും.

ആഇശ(റ)വിൽ നിന്ന് നിവേദനം: നബി(സ) പറഞ്ഞു: വിശുദ്ധ ഖുർആനെക്കുറിച്ച് ആഴത്തിൽ മനസ്സിലാക്കി പാരായണം ചെയ്യുന്നവൻ പുണ്യാത്മാക്കളും ആദരണീയരുമായ മലക്കുകളുടെ കൂടെയായിരിക്കും. എന്നാൽ വളരെ പ്രയാസത്തോടെയും തപ്പിത്തടഞ്ഞും ഖുർആൻ പാരായണം ചെയ്യുന്നവർക്ക് രണ്ട് പ്രതിഫലം ഉണ്ടായിരിക്കും. കഴിയുന്ന രൂപത്തിൽ ഖുർആൻ പരായണം ചെയ്യണമെന്ന് ഈ ഹദീസ് വ്യക്തമാക്കുന്നു. പരായണം അറിയില്ലെങ്കിൽ അത് പഠിക്കൽ മുസ്‌ലിമിന് നിർബന്ധമാണ്.

സബ് എഡിറ്റർ, സിറാജ്

---- facebook comment plugin here -----

Latest