Connect with us

Ongoing News

മാധ്യമ പ്രവര്‍ത്തകരെ പണം നല്‍കി സ്വാധീനിക്കാന്‍ ബി ജെ പി ശ്രമം: ദൃശ്യത്തെളിവുകള്‍ പുറത്ത്

Published

|

Last Updated

ലേ: ലഡാക്കിലെ മാധ്യമ പ്രവര്‍ത്തകരെ ബി ജെ പി പണം നല്‍കി സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്ന ലഡാക്ക് പ്രസ് ക്ലബിന്റെ ആരോപണം തെളിയിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. ബി ജെ പി നേതാക്കള്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക് പണമടങ്ങിയ കവര്‍ നല്‍കുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തായത്.

അടുത്തിടെ ലഡാക്കിലെ ഹോട്ടല്‍ സിങ്കെ പാലസില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിനു ശേഷം തങ്ങള്‍ക്ക് അനുകൂലമായ വാര്‍ത്തകള്‍ നല്‍കുന്നതിനും പാര്‍ട്ടിയുടെ പ്രചാരണം മികവുറ്റ രീതിയില്‍ ചിത്രീകരിക്കുന്നതിനുമായി മാധ്യമ പ്രവര്‍ത്തകര്‍ക്ക് ബി ജെ പി പണം നല്‍കാന്‍ ശ്രമിച്ചുവെന്നാണ് പ്രസ് ക്ലബ് ആരോപണം. എന്നാല്‍, മാധ്യമ പ്രവര്‍ത്തകരാരും പണം വാങ്ങാന്‍ തയാറായില്ലെന്ന് പ്രസ് ക്ലബ് വ്യക്തമാക്കിയിരുന്നു. ബി ജെ പിയുടെ നടപടിക്കെതിരെ ക്ലബ് തിരഞ്ഞെടുപ്പു കമ്മീഷന് പരാതി നല്‍കുകയും ചെയ്തു. പരാതിയില്‍ ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ അന്വേഷണം നടത്തിവരികയാണ്.

ബി ജെ പി എം എല്‍ എ. വിക്രം രണ്‍ധാവേ പണമടങ്ങിയ കവറുകള്‍ കൈമാറാന്‍ ശ്രമിക്കുന്നതാണ് ദൃശ്യത്തിലുള്ളത്. പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ രവീന്ദര്‍ റെയ്‌നയും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു. അതേസമയം, ദൃശ്യങ്ങളുടെ ആധികാരികത സ്ഥിരീകരിക്കപ്പെട്ടിട്ടില്ല.

Latest