Connect with us

Editorial

ദേശീയ പാത: കേന്ദ്ര തീരുമാനം തിരുത്തണം

Published

|

Last Updated

കേരളത്തിലെ ദേശീയപാതാ വികസനം രണ്ടാം മുന്‍ഗണനാ പട്ടികയിലേക്ക് മാറ്റിയ കേന്ദ്ര നടപടിയുമായി ബന്ധപ്പെട്ട വിവാദം കൊഴുക്കുകയാണ്. ദേശീയപാതാ വികസനത്തിനു വേണ്ടിയുള്ള സ്ഥലമെടുപ്പ് നിര്‍ത്തിവെക്കാന്‍ സംസ്ഥാന ബി ജെ പി അധ്യക്ഷന്‍ അഡ്വ. ശ്രീധരന്‍പിള്ള കേന്ദ്രമന്ത്രി നിതിന്‍ ഗാഡ്കരിക്ക് എഴുതിയ കത്താണ് കേരളത്തെ രണ്ടാം മുന്‍ഗണനാ പട്ടികയിലേക്ക് മാറ്റാന്‍ ഇടയാക്കിയതെന്നും, പാര്‍ട്ടി അധ്യക്ഷ പദവി ശ്രീധരന്‍പിള്ള ദേശീയപാതാ വികസനം അട്ടിമറിക്കാന്‍ ഉപയോഗപ്പെടുത്തുകയാണെന്നുമാണ് ധനമന്ത്രി തോമസ് ഐസക് ആരോപിക്കുന്നത്. വികസനം അട്ടിമറിച്ചതിന് ശ്രീധരന്‍ പിള്ളയെ പൊതു ശത്രുവായി പ്രഖ്യാപിച്ച് ബഹിഷ്‌കരിക്കണമെന്നും ഫേസ്ബുക്കില്‍ എഴുതിയ കുറിപ്പില്‍ കേരളീയ സമൂഹത്തോട് തോമസ് ഐസക് ആവശ്യപ്പെടുന്നു.

അതേസമയം, പ്രളയ ദുരിതത്തില്‍ പെട്ടവരുടെ ഭൂമി ഏറ്റെടുക്കുന്നത് തത്കാലം നിര്‍ത്തിവെക്കണമെന്നു മാത്രമാണ് കേന്ദ്രത്തിനയച്ച കത്തിലുള്ളത്. മന്ത്രി ആരോപിച്ചതു പോലെ ദേശീയപാതാ വികസനം അട്ടിമറിക്കാന്‍ ഉദ്ദേശിച്ചല്ല കത്തെഴുതിയതെന്നാണ് ശ്രീധരന്‍ പിള്ളയുടെ വിശദീകരണം. 2018 സെപ്തംബര്‍ 14നാണ് ബി ജെ പി സംസ്ഥാന പ്രസിഡന്റിന്റെ ലെറ്റര്‍ പാഡില്‍ ഇതുസംബന്ധിച്ച് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിന്‍ ഗാഡ്ഗരിക്ക് ശ്രീധരന്‍പിള്ള കത്തെഴുതിയത്. എന്‍ എച്ച് 66നു വേണ്ടി ദേശീയപാതാ അതോറിറ്റിയുടെ സ്ഥലമേറ്റെടുക്കലുമായി ബന്ധപ്പെട്ടുള്ള പ്രതിഷേധങ്ങള്‍ ചൂണ്ടിക്കാട്ടി അയച്ച കത്തില്‍, ഇടപ്പള്ളി മൂത്തകുന്നം റോഡിലെ സ്ഥലം ഏറ്റെടുക്കല്‍ നിര്‍ത്തിവെക്കണമെന്നും സംസ്ഥാനത്തെ പ്രളയം കൂടി കണക്കിലെടുത്താകണം പാതാവികസനം സംബന്ധിച്ച പ്രവര്‍ത്തനങ്ങള്‍ മുമ്പോട്ടു കൊണ്ടുപോകേണ്ടതെന്നും കത്ത് ആവശ്യപ്പെടുന്നു. പാതാവികസനത്തിനെതിരെ കണ്ണൂര്‍ ജില്ലയില്‍ ജനകീയ പ്രക്ഷോഭമുള്ളതും കത്തില്‍ സൂചിപ്പിക്കുന്നുണ്ട്.
ദേശീയപാതയുടെ സ്ഥലം ഏറ്റെടുക്കല്‍ നടപടി ഏറെ മുന്നേറിയ ഘട്ടത്തിലാണ് ശ്രീധരന്‍പിള്ളയുടെ ഇടപെടലുണ്ടായതും നിര്‍മാണം വൈകിപ്പിച്ചു കൊണ്ടുള്ള കേന്ദ്രത്തിന്റെ ഉത്തരവ് വന്നതും. കണ്ണൂര്‍, കോഴിക്കോട് തുടങ്ങിയ ജില്ലകളില്‍ സ്ഥലം ഏറ്റെടുപ്പ് 80 ശതമാനത്തോളവും തെക്കന്‍ ജില്ലകളില്‍ 50 ശതമാനത്തോളവും പൂര്‍ത്തിയായിട്ടുണ്ട്. കീഴാറ്റൂരിലേത് പോലെ കടുത്ത പ്രതിഷേധങ്ങള്‍ക്കിടയായ പ്രദേശങ്ങളിലെ സ്ഥലമേറ്റെടുപ്പും ഏറെ പുരോഗതി കൈവരിച്ചിരുന്നു. കണ്ണൂരിലും കാസര്‍കോട്ടും സര്‍ക്കാറിന് സ്ഥലം നല്‍കിയവര്‍ക്കുള്ള നഷ്ടപരിഹാരത്തുക നല്‍കാനുള്ള നടപടികളും തുടങ്ങിക്കഴിഞ്ഞിട്ടുണ്ട്. ഈ ഘട്ടത്തിലാണ് കാസര്‍കോട് ഒഴികെയുള്ള ജില്ലകളെ ദേശീയപാതാ വികസനത്തിന്റെ രണ്ടാം മുന്‍ഗണനാ പട്ടികയിലേക്ക് മാറ്റിയതും പ്രസ്തുത ജില്ലകളിലെ സ്ഥലം ഏറ്റെടുപ്പ് നിര്‍ത്തിവെക്കാന്‍ ആവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാറിന്റെ ഉത്തരവ് വരുന്നതും.

ഏറ്റെടുക്കുന്ന ഭൂമികള്‍ക്ക് ദേശീയപാതാ വികസന അതോറിറ്റി വില നിശ്ചയിച്ചിട്ടുണ്ട്. നിലവിലെ മാര്‍ക്കറ്റ് വിലയെ അപേക്ഷിച്ചു വളരെ താഴെയാണിത്. ജനസാന്ദ്രത ഏറെ കൂടിയ കേരളത്തില്‍ ഭൂവില ഓരോ വര്‍ഷം കടന്നു പോകുന്തോറും കുത്തനെ ഉയര്‍ന്നു കൊണ്ടിരിക്കയാണ്. കേന്ദ്ര നിര്‍ദേശ പ്രകാരം ഭൂമി ഏറ്റെടുക്കല്‍ ഉള്‍പ്പെടെയുള്ള നടപടികള്‍ രണ്ട് വര്‍ഷം കഴിഞ്ഞു മതിയെന്നു വെക്കുകയാണെങ്കില്‍, അപ്പോഴേക്കും ഭൂമിയുടെ മാര്‍ക്കറ്റ് വില പിന്നെയും ഉയരും. അതോറിറ്റി നേരത്തെ നിശ്ചയിച്ച വിലയില്‍ മാറ്റം വരുത്താന്‍ പ്രയാസമാണ്. സ്വാഭാവികമായും ആ വിലക്ക് ഭൂമി നല്‍കാന്‍ ഉടമ തയ്യാറായെന്നു വരില്ല.

ഇതുവരെ നടന്നതിനേക്കാള്‍ ശക്തമായ ജനകീയ പ്രക്ഷോഭമായിരിക്കും അനന്തര ഫലം. അതോടെ ദേശീയപാതാ വികസനം തന്നെ നിന്നുപോകാനാണ് സാധ്യത.
വാഹനപ്പെരുപ്പം കൊണ്ട് വീര്‍പ്പുമുട്ടുകയാണ് കേരളത്തിലെ റോഡുകള്‍. ഒരു വര്‍ഷം മുമ്പത്തെ കണക്കനുസരിച്ച് ഒരു കോടി പത്ത് ലക്ഷമാണ് കേരളത്തില്‍ രജിസ്റ്റര്‍ ചെയ്ത് സംസ്ഥാനത്ത് ഓടുന്ന വാഹനങ്ങളുടെ എണ്ണം. ഇതിന് പുറമെ മറ്റ് സംസ്ഥാനങ്ങളില്‍ രജിസ്റ്റര്‍ ചെയ്ത മുപ്പത് ലക്ഷത്തിലേറെ വാഹനങ്ങളും സംസ്ഥാനത്തെ നിരത്തുകളില്‍ ഓടുന്നു. സംസ്ഥാനത്തെ ജനസംഖ്യയും വാഹനങ്ങളുടെ എണ്ണവും താരതമ്യം ചെയ്യുമ്പോള്‍, മൂന്ന് പേര്‍ക്ക് ഒരു വാഹനം എന്നതാണ് സ്ഥിതി. ഗതാഗത സ്തംഭനം സംസ്ഥാനത്തെ മിക്ക നഗരങ്ങളിലും പതിവ് സംഭവമാണ്. ഇത് സമയ നഷ്ടത്തിനും ഇന്ധന നഷ്ടത്തിനും ഇടയാക്കുന്നു. ഒരു വാഹനം യാത്രക്കെടുക്കുന്ന ഓരോ അധിക മിനുട്ടും 85 മില്ലീ ലിറ്റര്‍ അധിക ഇന്ധനം ചെലവാക്കുന്നുണ്ടെന്നാണ് കണക്ക്. ഇതനുസരിച്ച് കോടികളുടെ നഷ്ടമാണ് ഗതാഗതക്കുരുക്കു മൂലം സംസ്ഥാനത്തെ വാഹന ഉടമകള്‍ക്ക് ദിനംപ്രതി ഉണ്ടാകുന്നത്. ഇതിനൊരു പരിഹാരമെന്ന നിലയിലാണ് സംസ്ഥാന സര്‍ക്കാര്‍ ദേശീയപാത വികസിപ്പിക്കാന്‍ തീരുമാനിച്ചത്. ഗതാഗത രംഗത്ത് മാത്രമല്ല, സംസ്ഥാനത്തിന്റെ സര്‍വതോന്മുഖ വികസനത്തിനും സഹായകമായിത്തീരും ഈ പാതയെന്നാണ് വിശ്വസിക്കപ്പെടുന്നത്. ഈ ലക്ഷ്യത്തിലാണ് എതിര്‍പ്പുകള്‍ അവഗണിച്ച് സ്ഥലം ഏറ്റെടുക്കല്‍ നടപടി സര്‍ക്കാര്‍ ത്വരിതപ്പെടുത്തിയത്. കേന്ദ്രത്തിന്റെ പുതിയ ഉത്തരവ് ദേശീയപാതാ വികസനത്തിനു മാത്രമല്ല, മൊത്തം വികസനത്തിനു തന്നെ തിരിച്ചടിയാകും. കേരളത്തോടുള്ള കേന്ദ്രത്തിന്റെ രാഷ്ട്രീയ പകപോക്കലാണ് ഇതിന്റെ പിന്നിലെന്ന് ആരോപണമുണ്ട്. ബി ജെ പി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ ദേശീയപാതാ വികസനങ്ങളെല്ലാം ഒന്നാം മുന്‍ഗണനാ പട്ടികയിലാണെന്നതും കേരളത്തിനു പുറമെ കര്‍ണാടകയെ മാത്രമാണ് രണ്ടാം മുന്‍ഗണനാ പട്ടികയിലേക്ക് മാറ്റിയതെന്നതും ഈ ആരോപണത്തിന് ബലമേകുന്നു. ഭരണഘടന ഉയര്‍ത്തിപ്പിടിക്കുന്ന ഫെഡറല്‍ സംവിധാനത്തിന് കടക വിരുദ്ധമാണ് കേന്ദ്ര നീക്കം. മാത്രമല്ല കേരളത്തില്‍ ചുവടുറപ്പിക്കാനുള്ള ബി ജെ പി നേതൃത്വത്തിന്റെ ശ്രമങ്ങള്‍ക്കും ഇത് തിരിച്ചടിയാകും. തീര്‍ത്തും പക്ഷപാതപരമായ ഉത്തരവ് തിരുത്തി കേരളത്തിന്റെ ദേശീയപാതാ സ്ഥലമെടുപ്പ് എത്രയും പെട്ടെന്ന് പൂര്‍ത്തിയാക്കാനാവശ്യമായ രാഷ്ട്രീയ ധര്‍മവും ഔചിത്യ ബോധവുമാണ് കേരളം കേന്ദ്രത്തില്‍ നിന്നാവശ്യപ്പെടുന്നത്.