Connect with us

Articles

നിഖാബ്: വലിച്ചുകീറുന്നത് പെണ്ണവകാശങ്ങളെയാണ്‌

Published

|

Last Updated

പുരുഷനും സ്ത്രീയും ഇരുമ്പും കാന്തവും പോലെയാണ്. പരസ്പരം ആകര്‍ഷിക്കും. പരിധിക്കപ്പുറം അടുത്താല്‍ ഒട്ടിപ്പിടിക്കും. ഇതിന്റെ കെടുതി കൂടുതല്‍ അനുഭവിക്കേണ്ടി വരിക സ്ത്രീകളായിരിക്കും. അതിനാല്‍ സുരക്ഷയുടെ കാര്യത്തില്‍ അവര്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണം.
കായികമായും മാനസികമായും പുരുഷനുള്ള മേധാവിത്വം പ്രകൃതിപരമാണ്. അതുകൊണ്ടാണ് സ്ത്രീ പുരുഷനെ ബലാത്സംഗം ചെയ്തുവെന്ന വാര്‍ത്ത അപൂര്‍വങ്ങളില്‍ അപൂര്‍വം മാത്രമാകുന്നത്. മറിച്ചുള്ള വാര്‍ത്തകളാണ് കൂടുതലും. ഒരു പുരുഷനെ സ്ത്രീ കയറിപ്പിടിക്കാത്തത്, പുരുഷനെ അപേക്ഷിച്ച് ശാരീരിക, മാനസിക ദൗര്‍ബല്യം അവള്‍ തിരിച്ചറിഞ്ഞതുകൊണ്ടാണ്.

കരുത്തരായ കാമവെറിയന്മാരില്‍ നിന്ന് സ്ത്രീകള്‍ക്ക് സുരക്ഷിതത്വം നല്‍കണമെന്നത് അവിതര്‍ക്കിതമായ കാര്യമാണ്. സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ക്കെതിരെ ശക്തമായ നിമയ നിര്‍മാണം നടത്തിയും പെണ്‍കുട്ടികള്‍ക്ക് കായികമായ പ്രതിരോധ മുറകള്‍ പഠിപ്പിച്ചുമെല്ലാം ലോകതലത്തിലും പ്രാദേശികതലത്തിലും സര്‍ക്കാര്‍തലത്തിലും സ്ത്രീകള്‍ക്ക് സുരക്ഷ ഒരുക്കുന്നവരും അതിനെ പിന്തുണക്കുന്നവരുമാണ് എല്ലാവരും. എന്നാല്‍, ഇതിനെല്ലാം പുറമെ, സ്ത്രീകള്‍ക്ക് നേരെ വരുന്ന കൈയേറ്റങ്ങളെ തടയാന്‍ മതം ചില നിലപാടുകളും അച്ചടക്കങ്ങളും സ്വീകരിക്കും. കൂടുതല്‍ സുരക്ഷ സ്ത്രീക്ക് ഒരുക്കുക എന്നതാണ് ഇതിന് പിന്നിലെ ലക്ഷ്യം. അതിന്റെ ഭാഗമാണ് ശരീരം മുഴുവന്‍ മറക്കുന്ന വസ്ത്രധാരണ രീതി.

ശിരോവസ്ത്രവും പര്‍ദയും നിഖാബും മുസ്‌ലിം സ്ത്രീകള്‍ ധരിച്ചുവരുന്നത് ഈ അടിസ്ഥാനത്തിലാണ്. വിശുദ്ധ ഖുര്‍ആന്‍ പറയുന്നു: ഓ നബിയേ, താങ്കളുടെ ഭാര്യമാരോടും പെണ്‍മക്കളോടും വിശ്വാസികളുടെ സ്ത്രീകളോടും ശരീരം മുഴുവന്‍ മറക്കുന്ന വസ്ത്രം ധരിച്ചുകൊള്ളാന്‍ പറയുക. അതാണവരെ തിരിച്ചറിയപ്പെടാന്‍ ഏറ്റവും എളുപ്പമായിട്ടുള്ളത്. അപ്പോള്‍ അവര്‍ ശല്യം ചെയ്യപ്പെടുകയുമില്ല. അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണ ചെയ്യുന്നവനുമാണ് (അല്‍അഹ്‌സാബ്).
ആരുടെയൊക്കെ മുമ്പിലാണ് സ്ത്രീകള്‍ തങ്ങളുടെ ശരീരം മുഴുവനും മറക്കേണ്ടത് എന്ന് മറ്റു സൂക്തങ്ങളില്‍ അല്ലാഹു തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഭര്‍ത്താവ്, മക്കള്‍, പിതാവ്, ആങ്ങളമാര്‍, സഹോദര-സഹോദരീ പുത്രന്മാര്‍, മാതൃപിതൃ സഹോദരങ്ങള്‍ തുടങ്ങി വിവാഹം നിഷിദ്ധമായവരുടെ മുന്നില്‍ വരുമ്പോള്‍ ശരീരം മുഴുവന്‍ മറക്കണമെന്ന നിയമം ബാധകമല്ല. എന്നാല്‍, അന്യപുരുഷന്മാരുടെ മുമ്പില്‍ തന്നെ മുഖം വെളിവാക്കാന്‍ അനുവദനീയമായ ഘട്ടങ്ങളുമുണ്ട്. ചികിത്സക്ക് വേണ്ടി ഡോക്ടറെ സമീപിക്കുക, പ്രധാന ഇടപാടുകള്‍ നടത്തുക, സാക്ഷി പറയുക, നിര്‍ബന്ധമായ അറിവുകള്‍ പഠിക്കുക തുടങ്ങിയവ അതില്‍പ്പെട്ടതാണ്(തുഹ്ഫ3-179).

സ്ത്രീകളുടെ നിസ്‌കാരം വീടിന്റെ ഉള്ളറയില്‍ വെച്ച് നിര്‍വഹിക്കാനാണ് നബി(സ്വ)യുടെ കല്‍പ്പന. അതിനാല്‍ നിസ്‌കാരത്തില്‍ മുഖവും മുന്‍ കൈയും മറക്കേണ്ടതില്ല. എല്ലാ ഭൗതിക ചിന്തകളും ഉപേക്ഷിച്ച് വികാര വിചാരങ്ങളെല്ലാം മാറ്റിവെച്ച് പ്രപഞ്ചനാഥനായ അല്ലാഹുവിന്റെ വിശുദ്ധ ഭവനമായ കഅ്ബയില്‍ ചെന്ന് ഹജ്ജ് നിര്‍വഹിക്കുമ്പോള്‍ പുരുഷന്‍മാരോട് രണ്ട് തുണികള്‍ മാത്രം ധരിക്കാനാണ് നിര്‍ദേശം. ഒന്ന് ഉടുക്കുകയും മറ്റേത് കൊണ്ട് പുതക്കുകയും ചെയ്യണം. തല മറക്കല്‍ നിഷിദ്ധവുമാണ്. ഇത് താന്‍ അപൂര്‍ണനാണെന്നും അല്ലാഹുവിലേക്ക് ഏറ്റവും വലിയ ആവശ്യക്കാരനാണെന്നും പ്രകടിപ്പിക്കാന്‍ വേണ്ടിയാണ്. ഇതിന്റെ ഭാഗം തന്നെയാണ് സ്ത്രീകള്‍ ഹജ്ജിന് ഇഹ്‌റാം ചെയ്താല്‍ മുഖവും മുന്‍കൈയും മറക്കരുത് എന്ന് നിര്‍ദേശിക്കപ്പെട്ടതും. ഇത് ചൂണ്ടിക്കാട്ടി അല്ലാഹുവിന്റെ നിയമത്തെ ചോദ്യം ചെയ്യുന്നവര്‍ മുസ്‌ലിം സമൂഹത്തില്‍ നിന്നുണ്ടാകുന്നത് അറിവില്ലായ്മ കൊണ്ടാണ്.
ഒരു സ്ത്രീയുടെ മുഖത്തേക്ക് ഏതാനും സെക്കന്‍ഡുകള്‍ തുറിച്ചുനോക്കിക്കൊണ്ടിരിക്കുന്നത് പീഡനമായി ഗണിക്കപ്പെടുമെന്നതാണ് നമ്മുടെ നാട്ടിലെ നിയമം. എങ്കില്‍, ഇത്തരത്തില്‍ നോക്കി പീഡിപ്പിക്കാനുള്ള സാഹചര്യം വേണ്ടെന്ന് വെച്ച് ഒരു സ്ത്രീ തന്റെ മുഖം മറച്ചുവെക്കുന്നതിനെ മാന്യതയുടെ ഭാഗമായി കാണുകയല്ലേ സാംസ്‌കാരികാവബോധമുള്ളവര്‍ വേണ്ടത്. ക്ലാസ് റൂമുകളിലും റെയില്‍വേ സ്‌റ്റേഷനുകളിലും ബസ് സ്‌റ്റോപ്പിലുമെല്ലാം തങ്ങളെ നോക്കി മാനസിക വ്യഭിചാരം നടത്തുന്നവര്‍ക്കായി മുഖം തുറന്നിട്ട് നിന്നുകൊടുക്കണമെന്ന് പറയുന്നത് സ്ത്രീപക്ഷവാദികളല്ല, മറിച്ച് സ്ത്രീ ചൂഷകര്‍ മാത്രമാണ്.

സ്ത്രീകള്‍ മുഖം മറക്കുന്നത് നിരോധിച്ച് കൊണ്ട് ശ്രീലങ്കന്‍ സര്‍ക്കാര്‍ മുന്നോട്ടുവന്ന സാഹചര്യമാണ് പ്രത്യേക ചര്‍ച്ച ചെയ്യേണ്ടത്. തങ്ങളല്ലാത്തവരെ നശിപ്പിച്ചു കളയുക എന്ന സലഫി തീവ്രവാദം ഉഗ്രരൂപം പ്രാപിച്ച് പൊട്ടിത്തെറിച്ചപ്പോഴാണ് ഇങ്ങനെ ഒരു നടപടി ഉണ്ടായത്. ഈ വാര്‍ത്ത പുറത്തുവന്ന സമയത്താണ് എം ഇ എസ് മേധാവി ഡോ. ഫസല്‍ ഗഫൂര്‍ തന്റെ സ്ഥാപനങ്ങളില്‍ നിഖാബ് നിരോധിച്ച് കൊണ്ട് സര്‍ക്കുലര്‍ അയച്ചതായി പ്രസ്താവിച്ചതും. ഈ രണ്ട് നിലപാടുകളും ശരിയല്ലെന്നാണ് ഉണര്‍ത്താനുള്ളത്.
ചെറിയൊരു ശതമാനം സ്ത്രീകള്‍ തങ്ങളുടെ മുഖം മറക്കുന്നത് കൊണ്ടാണ് എല്ലാ ഭീകരപ്രവര്‍ത്തനങ്ങളും ഉണ്ടാകുന്നതും സ്ത്രീ ശാക്തീകരണവും പുരോഗമന പ്രവര്‍ത്തനങ്ങളും തടസ്സപ്പെടുന്നതും എന്ന് തോന്നും വിധമാണ് ചാനല്‍ ചര്‍ച്ചകള്‍ പുരോഗമിക്കുന്നത്. അരയുടുപ്പിനുള്ളില്‍ ബോംബ് വെച്ച് വന്ന ഒരു ചാവേര്‍ പൊട്ടിത്തെറിച്ചാല്‍ ഇനിമുതല്‍ അരയുടുപ്പ് നിരോധിക്കുക എന്ന തീരുമാനമെടുക്കുന്നത് പോലെയാണ് ശ്രീലങ്കയിലെ നിഖാബ് നിരോധനം. അധികാരത്തിനു വേണ്ടിയുള്ള കടിപിടിക്കിടയില്‍ രഹസ്യാന്വേഷണ വിഭാഗത്തിന്റെയും ഇന്ത്യന്‍ ഇന്റലിജന്‍സ് വിഭാഗത്തിന്റെയുമടക്കമുള്ള മുന്നറിയിപ്പുകളെ അവഗണിച്ച ശ്രീലങ്കന്‍ സര്‍ക്കാര്‍ ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍ നടത്തുന്ന നീക്കത്തിന്റെ ഭാഗം മാത്രമാണ് ഈ നിഖാബ് നിരോധനം. ഇതല്ല യഥാര്‍ഥ ചികിത്സ. അതേസമയം, ചില സലഫിസ്റ്റ് സംഘടനകളെ നിരോധിക്കാന്‍ തയ്യാറായ നടപടി ശ്ലാഘനീയവുമാണ്. പാരമ്പര്യ പണ്ഡിതന്മാര്‍ കാലങ്ങളായി മുന്നറിയിപ്പ് നല്‍കിക്കൊണ്ടിരിക്കുന്ന സലഫി ഐഡിയോളജിയുടെ തീവ്രവാദ മുഖമാണ് യഥാര്‍ഥത്തില്‍ ചര്‍ച്ചയാക്കപ്പെടേണ്ടത്. അതുവഴി വഹാബിസത്തിന്റെ സംഹാരാത്മക നിലപാടുകളിലേക്ക് പോയി ഇനി ഒരു മാതാവിനും പിതാവിനും ഒരു മകനെയും നഷ്ടപ്പെടാനുള്ള സാഹചര്യം ഉണ്ടാകാതിരിക്കണം. ഒരു നിരപരാധിയെയും കൊന്നുതള്ളാന്‍ ഇവരെ അനുവദിച്ചു കൂടാ. ഇവര്‍ യുദ്ധം ചെയ്യുന്നത് യഥാര്‍ഥത്തില്‍ ഇസ്‌ലാമിനോടാണ്.
ഡോ. ഫസല്‍ ഗഫൂറിന്റെ നിഖാബ് വിരുദ്ധ നിലപാടിനെ പരോക്ഷമായി പിന്തുണച്ചു കൊണ്ട് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. കെ ടി ജലീല്‍ ചില പ്രസ്താവനകള്‍ നടത്തിയിരുന്നു. കൂട്ടത്തില്‍ ഓരോ സ്ഥാപനങ്ങളിലും പഠിതാക്കള്‍ എന്താണ് ഡ്രസ് കോഡായി സ്വീകരിക്കേണ്ടത് എന്ന് തീരുമാനിക്കാന്‍ സ്ഥാപന മേധാവികള്‍ക്ക് അധികാരമുണ്ട് എന്ന് സൂചിപ്പിച്ചതായി കണ്ടു. ഇത് വ്യക്തത വരുത്തേണ്ട വിഷയമാണ്. ഇത് മുഖത്തിന് മാത്രമാണോ ബാധകം? അതല്ല മറ്റു ഭാഗങ്ങള്‍ക്കും ബാധകമാണോ? ഫസല്‍ ഗഫൂറിനെ പോലെ മറ്റൊരു വിദ്യാഭ്യാസ വ്യവസായി തന്റെ സ്ഥാപനത്തില്‍ പഠിക്കുന്ന പെണ്‍കുട്ടികള്‍ നിതംബവും സ്തനങ്ങളും മാത്രമേ മറക്കാന്‍ പാടുള്ളൂ എന്ന് തീരുമാനിച്ചാല്‍ അതിനയാള്‍ക്ക് അധികാരമുണ്ടോ? ഭരണഘടന അനുസരിച്ച് ഇഷ്ടമുള്ള മതം സ്വീകരിക്കാനും അതനുസരിച്ച് ജീവിക്കാനുമുള്ള സ്വാതന്ത്ര്യം ഇത്തരം സ്ഥാപനങ്ങളില്‍ അഡ്മിഷന്‍ നേടുന്നതോടൊപ്പം നഷ്ടപ്പെടുമോ?

സമ്പന്നരുടെ മക്കള്‍ ആര്‍ഭാഡ പൂര്‍ണമായ വസ്ത്രധാരണങ്ങളുമായി സ്‌കൂളിലെത്തുമ്പോള്‍ അത് പാവപ്പെട്ട വിദ്യാര്‍ഥികളിലുണ്ടാക്കുന്ന പ്രയാസങ്ങളെ ഒഴിവാക്കാനും കുട്ടികള്‍ക്കിടയില്‍ സമത്വബോധം ജനിപ്പിക്കാനുമാണ് ഏകീകൃത യൂനിഫോം സമ്പ്രദായം സ്‌കൂളുകളില്‍ നടപ്പാക്കിയത്. ഇതില്‍ തന്നെ വസ്ത്രത്തിന്റെ നിറവും രീതിയും നിര്‍ണയിക്കുക എന്നല്ലാതെ എത്ര മറക്കണം, ഏതൊക്കെ ഭാഗം തുറന്നിടണം എന്ന് തീരുമാനിക്കാനുള്ള അവകാശം പൗരാവകാശത്തിന്റെ ഭാഗമാണ്. മുസ്‌ലിം പെണ്‍കുട്ടികള്‍ തല മറക്കുന്നതും മുഖം മറക്കുന്നതും അമുസ്‌ലിം വിദ്യാര്‍ഥിനികള്‍ തല തുറന്നിടുന്നതുമെല്ലാം ഇതുകൊണ്ടാണ്.
ഈ അവകാശത്തിന് നേരെ എം ഇ എസ് മേധാവി സ്വീകരിച്ച നടപടി ധിക്കാരപരമായത് പോലെ തന്നെ മന്ത്രി കെ ടി ജലീലിന്റെ സമീപനവും ഈയിടെയായി അദ്ദേഹത്തെ പിടികൂടിയ “നവോത്ഥാന രോഗ”ത്തിന്റെ ഭാഗമാണെന്നാണ് മനസ്സിലാകുന്നത്. മതസ്വാതന്ത്ര്യത്തിനും പൗരാവകാശങ്ങള്‍ക്കുമെതിരെയുള്ള നീക്കങ്ങള്‍ ആരുടെ ഭാഗത്തു നിന്നായാലും വിശ്വാസികള്‍ അതിനെ ചെറുത്തു തോല്‍പ്പിക്കുക തന്നെ ചെയ്യും.

ഇനി, ഡോ. ഫസല്‍ ഗഫൂറിന് മുസ്‌ലിം പെണ്‍കുട്ടികളില്‍ ചിലര്‍ മുഖം മറക്കുന്നത് കൊണ്ട് അവരെ തിരിച്ചറിയാന്‍ സാധിക്കുന്നില്ല എന്നതാണ് പ്രശ്‌നമെങ്കില്‍ അതും പരിഹരിക്കപ്പെടേണ്ടതാണ്. ഇതിന് രണ്ട് മാര്‍ഗം സ്വീകരിക്കാം. ഒന്ന് നിഖാബ് ധരിച്ച പെണ്‍കുട്ടികളുടെ ഫോട്ടോ പതിച്ച ഐ ഡി കാര്‍ഡ് നിര്‍ബന്ധമാക്കുക. അല്ലെങ്കില്‍ വനിതാ വാര്‍ഡന്മാരുടെ പരിശോധനക്ക് വിധേയമാകുക.

ഇതിനൊന്നും തയ്യാറാകാതെയുള്ള എം ഇ എസ് പ്രസിഡന്റിന്റെ നിലപാട് പ്രവാചക കുടുംബാംഗങ്ങളില്‍ നിന്നടക്കമുള്ള പതിനായിരക്കണക്കിന് മുസ്‌ലിം പെണ്‍കുട്ടികളുടെ വിദ്യാഭ്യാസ മുന്നേറ്റത്തിന് തടസ്സം നില്‍ക്കുന്നതാണ്. ഇത് എം ഇ എസിന്റെ സ്ഥാപിതലക്ഷ്യത്തിന് കൂടി എതിരാണ്.
എം ഇ എസ് ഒരു ജനകീയ സംഘടനയോ അല്ലെങ്കില്‍ ഏതെങ്കിലുമൊരു സമുദായത്തെ ഔദ്യോഗികമായി പ്രതിനിധാനം ചെയ്യുന്നതോ ആയ പ്രസ്ഥാനവുമല്ല. അതൊരു പ്രൈവറ്റ് ലിമിറ്റഡ് കമ്പനി പോലെ പ്രവര്‍ത്തിക്കുന്ന ഏതാനും വിദ്യാഭ്യാസ കച്ചവടക്കാരുടെ കൂട്ടായ്മയാണ്. എന്നാല്‍ മാറിമാറി വന്ന സര്‍ക്കാറുകള്‍ വിവിധ സമുദായങ്ങളെ ഉയര്‍ത്തിക്കൊണ്ടുവരുന്നതിന് വേണ്ടി വിദ്യാഭ്യാസ സ്ഥാപനങ്ങളും കോഴ്‌സുകളും അനുവദിച്ചപ്പോള്‍ സമുദായ രാഷ്ട്രീയ പാര്‍ട്ടിയുടെ ഇടപെടല്‍ മൂലം 90 ശതമാനവും ഈ കടലാസ് സംഘടനക്കാണ് അനുവദിച്ച് കൊടുത്തത്. എന്‍ എസ് എസും എസ് എന്‍ ഡി പിയുമെല്ലാം സമുദായത്തിന്റെ പേരില്‍ നേടിയ സ്ഥാപനങ്ങളിലൂടെ അവര്‍ക്കിടയിലെ പാവപ്പെട്ടവരെ ഉയര്‍ത്തിക്കൊണ്ടുവന്നപ്പോള്‍ എം ഇ എസ് സ്ഥാപനങ്ങളിലൂടെ പഠിച്ചുവളര്‍ന്നത് സമുദായത്തിലെ സമ്പന്നരുടെ മക്കള്‍ മാത്രമാണ്.

എന്‍ എസ് എസും എസ് എന്‍ ഡി പിയുമെല്ലാം ചാരിറ്റി രംഗത്ത് കോടികള്‍ ചെലവഴിക്കുമ്പോള്‍ എം ഇ എസ് സമുദായത്തിന്റെ പേരില്‍ നേടിയ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വരുമാനം എന്തു ചെയ്യുന്നുവെന്ന് അജ്ഞാതമാണ്. യഥാര്‍ഥത്തില്‍ ഇവിടെ വലിച്ചുകീറേണ്ടത് മുസ്‌ലിം പെണ്‍കുട്ടികളുടെ നിഖാബല്ല, എം ഇ എസിന്റെ മുഖം മൂടിയാണ്.

---- facebook comment plugin here -----

Latest