Connect with us

Education

ഹയര്‍സെക്കന്‍ഡറി ഫലം പ്രഖ്യാപിച്ചു; വിജയം 84.33%

Published

|

Last Updated

തിരുവനന്തപുരം: ഈ വര്‍ഷത്തെ ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി, ടെക്നിക്കല്‍ ഹയര്‍ സെക്കന്‍ഡറി, ആര്‍ട്ട് ഹയര്‍ സെക്കന്‍ഡറി രണ്ടാം വര്‍ഷ പരീക്ഷകളുടെ ഫലം പ്രഖ്യാപിച്ചു; വിജയം 84.33%.
ഈ വര്‍ഷം 311375 വിദ്യാര്‍ഥികള്‍ ഉപരിപഠനത്തിന് അര്‍ഹരായി.

റഗുലര്‍ സ്‌കൂള്‍ ഗോയിംഗ് കോമ്പിനേഷന്‍ അടിസ്ഥാനത്തിലുള്ള ഫലം:

സയന്‍സ് വിഭാഗത്തില്‍ 179114 പേര്‍ പരീക്ഷ എഴുതിയതില്‍ 154112 പേര്‍ ഉപരിപഠനത്തിന് അര്‍ഹരായി. 86.04% ആണ് വിജയം.

ഹ്യുമാനിറ്റീസ് വിഭാഗത്തില്‍ 76,022 പേര്‍ പരീക്ഷ എഴുതിയതില്‍ 60681 പേര്‍ ഉപരിപഠനത്തിന് അര്‍ഹരായി. വിജയ ശതമാനം 79.82%.

കൊമേഴ്‌സ് വിഭാഗത്തില്‍ 1,14,102 പേര്‍ പരീക്ഷ എഴുതിയതില്‍ 96,582 പേര്‍ ഉപരിപഠനത്തിന് അര്‍ഹരായി. വിജയ ശതമാനം 84.65%.

ടെക്‌നിക്കല്‍ വിഭാഗത്തില്‍ 1420 പേര്‍ പരീക്ഷ എഴുതിയതില്‍ 990 പേര്‍ ഉപരിപഠനത്തിന് അര്‍ഹരായി. വിജയ ശതമാനം 69.72%. കഴിഞ്ഞ വര്‍ഷം 76.77% ആയിരുന്നു.

കലാമണ്ഡലത്തില്‍ പരീക്ഷ എഴുതിയ 78 പേരില്‍ 73 പേരും വിജയിച്ചു. വിജയ ശതമാനം 93.59%. കഴിഞ്ഞ തവണയിത് 82.11% ആയിരുന്നു.

റെഗുലര്‍ സ്‌കൂള്‍ ഗോയിംഗ് മേഖലയില്‍ സര്‍ക്കാര്‍ വിഭാഗത്തില്‍ പരീക്ഷ എഴുതിയ 155487 വിദ്യാര്‍ഥികളില്‍ 129118 പേരാണ് ഉന്നത വിദ്യാഭ്യാസത്തിന് യോഗ്യത നേടിയത്. 83.04% ആണ് വിജയം. കഴിഞ്ഞ വര്‍ഷം ഇത് 82.18% ആയിരുന്നു.

എയ്ഡഡ് വിഭാഗത്തില്‍ പരീക്ഷ എഴുതിയ 187292 പേര്‍ പരീക്ഷ എഴുതിയപ്പോള്‍ ഉന്നത വിദ്യാഭ്യാസത്തിന് അര്‍ഹരായത് 161751 പേരാണ്. 86.36% വിജയം നേടി. കഴിഞ്ഞ വര്‍ഷം ഇത് 86.14% ആയിരുന്നു.

അണ്‍ എയ്ഡഡ് മേഖലയില്‍ പരീക്ഷ എഴുതിയവര്‍ 26235 ആയിരുന്നു. 20289 പേര്‍ വിജയിച്ചു. വിജയ ശതമാനം 77.34% ആണ്. കഴിഞ്ഞ വര്‍ഷം 76.47% ആയിരുന്നു.

സ്‌പെഷ്യല്‍ സ്‌കൂള്‍ വിഭാഗത്തില്‍ പരീക്ഷയെഴുതിയ 220 പേരില്‍ 217 പേര്‍ വിജയിച്ചു. 98.64% ആണ് വിജയം. കഴിഞ്ഞ വര്‍ഷത്തില്‍ ഇത് 92.95% ആയിരുന്നു.

സ്‌കോള്‍ കേരള ഓപണ്‍ സ്‌കൂള്‍ വഴി പരീക്ഷ എഴുതിയവരില്‍ 25610 പേരാണ് വിജയിച്ചത്. വിജയശതമാനം: 43.48%.

വിജയശതമാനം ഏറ്റവും കൂടുതലുള്ള ജില്ല കോഴിക്കോടാണ്. 87.44% പേര്‍ വിജയിച്ചു. കഴിഞ്ഞ തവണ കണ്ണൂരിനായിരുന്നു ഈ നേട്ടം. കുറവ് ഇത്തവണയും പത്തനംതിട്ട ജില്ലയിലാണ് (78%.).

നൂറുമേനി നേടിയ സര്‍ക്കാര്‍ സ്‌കൂളുകളുടെ എണ്ണം 12 ആണ്. കഴിഞ്ഞ വര്‍ഷം 8 ആയിരുന്നു.

79 സ്‌കൂളുകളാണ് നൂറ് ശതമാനം വിജയം നേടിയത്. ഇരുപത്തിയഞ്ച് എയ്ഡഡ് സ്‌കൂളുകളും 34 അണ്‍ എയ്ഡഡ് സ്‌കൂളുകളും നൂറുമേനി നേടി. കഴിഞ്ഞവര്‍ഷം ഇത് 19 ഉം 46 ഉം ആയിരുന്നു. എട്ട് സ്‌പെഷ്യല്‍ സ്‌കൂളുകളാണ് ഇത്തവണ നൂറ് ശതമാനം വിജയം കൈവരിച്ചത്. കഴിഞ്ഞ വര്‍ഷം ഇത് 6 ആയിരുന്നു.

ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതിയ ജില്ല മലപ്പുറ(54884)വും കുറവ് വയനാടും(9093) ആയിരുന്നു.

പരീക്ഷ എഴുതിയ 14244 വിദ്യാര്‍ഥികള്‍ക്ക് മുഴുവന്‍ വിഷയങ്ങള്‍ക്കും എപ്ലസ് നേടാനായി. 1200 ഇല്‍ 1200 നേടാനായത് 183 പേര്‍ക്കാണ്. കഴിഞ്ഞ വര്‍ഷം ഇത് 180 ആയിരുന്നു.

ഏറ്റവും കൂടുതല്‍ എപ്ലസ് നേടിയ ജില്ല മലപ്പുറമാണ്. 1865 പേരാണ് മലപ്പുറത്ത് നിന്ന് മുഴുവന്‍ വിഷയങ്ങള്‍ക്കും എപ്ലസ് ലഭിച്ചത്.

ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികളെ ഇത്തവണ പരീക്ഷക്കിരുത്തിയത് തിരുവനന്തപുരം ജില്ലയിലെ പട്ടം, സെന്റ് മേരീസ് ഹയര്‍സെക്കന്‍ഡറി സകൂളാണ്. 802 പേരാണ് ഇവിടെ പരീക്ഷയെഴുതിയത്. മലപ്പുറം ജില്ലയിലെ ജിഎച്എസ്എസ് തിരൂരങ്ങാടിയാണ് ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികളെ പരീക്ഷക്കിരുത്തിയ സര്‍ക്കാര്‍ സ്‌കൂള്‍. 605 വിദായര്‍ഥികളാണ് ഇവിടെ ഇത്തവണ പരീക്ഷയെഴുതിയത്.

വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ 28,571 പേര്‍ പരീക്ഷ എഴുതിയതില്‍ 22878 പേരാണ് വിജയിച്ചത്. 80.07% ആണ് വിജയം. എയ്ഡഡില്‍ അഞ്ചും സര്‍ക്കാര്‍ വിഭാഗത്തില്‍ പതിനെട്ടും സ്‌കൂളുകളടക്കം 23 സ്‌കൂളുകള്‍ നൂരുമേനി കരസ്ഥമാക്കി. 63 പേരാണ് വി എച് എസ് ഇയില്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എപ്ലസ് നേടിയത്.

വി എച് എസ് ഇ വിഭാഗത്തില്‍ വയനാട് ജില്ലയാണ് വിജയശതമാനത്തില്‍ മുന്നില്‍. വയാനാടിന് 85.57% വിജയം നേടാനായി. പത്തനംതിട്ടയിലാണ് കുറവ് 67.79 %.

ഈ വര്‍ഷം മൂല്യനിര്‍ണയ ക്യാമ്പുകളുടെ എണ്ണം 110ആയി ഉയര്‍ത്തിയിരുന്നു. ഒന്നാം വര്‍ഷ ഫലപ്രഖ്യാപനം അധ്യായന വര്‍ഷാരംഭത്തിന് മുമ്പ് തന്നെ പ്രഖ്യാപിക്കുന്നതിനുള്ള ഒരുക്കങ്ങളായിട്ടുണ്ടെന്നും വിദ്യാഭ്യാസ ഡയറക്ടര്‍ ഷാജഹാന്‍ അറിയിച്ചു.

ഒന്നാം വര്‍ഷ ഇംപ്രൂവ്‌മെന്റ്് പരീക്ഷകള്‍ ജൂലൈ മാസത്തില്‍ നടക്കും. പാദവാര്‍ഷിക പരീക്ഷകളും മാതൃകാ പരീക്ഷകളും സര്‍ക്കാര്‍ ഫണ്ട് ഉപയോഗിച്ച് വിദ്യാഭ്യാസ ഡയറക്ട്രേറ്റ് തന്നെ നടത്തും.

പരീക്ഷയിലെ മൂല്യനിര്‍ണയം ഐഎക്‌സാം എന്ന സര്‍ക്കാര്‍ സോഫ്‌റ്റ്വെയറിലൂടെയാണ് നടത്തിയത്. വിജയശതമാനം വര്‍ദ്ധിപ്പിക്കുന്നതിനായി 14 സ്‌കൂളുകളെ തിരഞ്ഞെടുത്ത് പ്രത്യേകം പദ്ധതികള്‍ നടപ്പിലാക്കിയിരുന്നു. അതില്‍ 125 സ്‌കൂളുകള്‍ക്കും നില മെച്ചപ്പെടുത്താനായി.

ചരിത്രത്തിലാദ്യമായി പ്രവേശന നടപടികള്‍ പൂര്‍ത്തീകരിച്ച് അധ്യായന വര്‍ഷത്തിന്റെ തുടക്കത്തില്‍ മുഴുവന്‍ ക്ലാസുകള്‍ക്കുമൊപ്പം തന്നെ പ്ലസ് വണ്‍ ക്ലാസുകള്‍ ആരംഭിക്കുമെന്ന് വിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു. ഇത്തവണ ജൂണ്‍ മൂന്നിന് പ്ലസ് വണ്‍ ക്ലാസുകള്‍ ആരംഭിക്കും. സിബിഎസ്ഇ, ഐസിഎസ് പരീക്ഷ ഫലങ്ങള്‍ ഇത്തവണ നേരത്തെ അറിഞ്ഞതിനാലാണിത്.

മേയ് 10 മുതല്‍ ഏകജാലക അപേക്ഷ ഓണ്‍ലൈനായി സമര്‍പ്പിക്കാവുന്നതണ്. ട്രയല്‍ അലോട്‌മെന്റ് മേയ് 20നും ആദ്യ അലോട്‌മെന്റ് മേയ് 24 ഉം പ്രസിദ്ധീകരിക്കും. മുഖ്യഅലോട്‌മെന്റുകളില്‍ ഭൂരിഭാഗം സീറ്റുകളിലും പ്രവേശനം നല്‍കി ജൂണ്‍ മൂന്നിന് തന്നെ പ്ലസ് വണ്‍ ക്ലാസുകള്‍ ആരംഭിക്കാനാണ് തീരുമാനം. കേരളത്തന്റെ ചരിത്രത്തില്‍ ഒന്നു മുതല്‍ പ്ലസ്ടു വരെയുള്ളവര്‍ക്ക് ഒരുമിച്ച് ക്ലാസുകള്‍ ആരംഭിക്കുന്നത് ഇതാദ്യമാണ്. അധ്യായന വര്‍ഷാരംഭത്തില്‍ തന്നെ പ്ലസ് വണ്‍ വിദ്യാര്‍ഥികള്‍ക്കും അധ്യായനമാരംഭിക്കാനുള്ള നടപടികളാണ് സര്‍ക്കാര്‍ കൈകൊണ്ടിരിക്കുന്നത്.

അടുത്ത അധ്യാനവര്‍ഷം 203 പ്രവര്‍ത്തിനങ്ങളാണ് ഉണ്ടാകുക. അത് പൂര്‍ണമായും പ്ലസ് വണ്‍ ക്ലാസുകള്‍ക്കും ലഭ്യമാകും. വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ 226 പ്രവര്‍ത്തിദിനങ്ങളുണ്ടാകും.

പരീക്ഷാഫലങ്ങള്‍ www.dhsekerala.gov.in, www.keralaresults.nic.in, www.prd.kerala.gov.in, www.kerala.gov.in, www.results.kite.kerala.gov.in, www.vhse.kerala.gov.in, www.results.kerala.nic.in, www.results.kerala.gov.in എന്നീ വെബ്‌സൈറ്റുകളില്‍ ലഭിക്കും. പി ആര്‍ ഡി ലൈവ്, സഫലം 2019, ഐ എക്‌സാംസ് എന്നീ മൊബൈല്‍ ആപ്പുകളിലും ഫലം ലഭ്യമാണ്. ഗൂഗിള്‍ പ്ലേസ്റ്റോറില്‍നിന്നും ആപ്പ് സ്റ്റോറില്‍നിന്നും പി ആര്‍ ഡി ലൈവ് ഡൗണ്‍ലോഡ് ചെയ്യാം.

Latest