Connect with us

Education

എം ജിയില്‍ പി ജി ഏകജാലകം മേയ് 10 മുതല്‍

Published

|

Last Updated

കോട്ടയം: മഹാത്മാഗാന്ധി സര്‍വകലാശാലയ്ക്കു കീഴിലുള്ള കോളജുകളില്‍ വിവിധ ബിരുദാനന്തരബിരുദ പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനത്തിനായി ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ മേയ് 10ന് ആരംഭിക്കും. ഏകജാലക സംവിധാനത്തിലൂടെയാണ് മെരിറ്റ്, പട്ടികജാതി-വര്‍ഗ-എസ ഇ.ബി.സി.-ഇ ബി എഫ സി. സംവരണ സീറ്റുകളിലേക്ക് അലോട്ട്മെന്റ് നടക്കുക.

രജിസ്ട്രേഷന്‍ ഓണ്‍ലൈനായി

സര്‍വകലാശാലയുടെ www.cap.mgu.ac.in എന്ന വെബ്സൈറ്റിലൂടെ ഓണ്‍ലൈനായാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്. വെബ്സൈറ്റിലെ “പി ജി ക്യാപ് 2019” എന്ന ലിങ്കില്‍ പ്രവേശിച്ച് “കാന്‍ഡിഡേറ്റ് രജിസ്ട്രേഷന്‍” ലിങ്കില്‍ ക്ലിക്ക് ചെയ്യണം. ഈ ലിങ്കിലൂടെ “അക്കൗണ്ട് ക്രിയേഷന്‍” എന്ന ലിങ്കില്‍ പ്രവേശിച്ച് അപേക്ഷകന്റെ പേര്, ഇ-മെയില്‍ വിലാസം, ജനനത്തീയതി, സംവരണവിഭാഗം എന്നീ വിവരങ്ങള്‍ നല്‍കി പാസ്വേഡ് സൃഷ്ടിക്കണം. തുടര്‍ന്ന് ഓണ്‍ലൈനായി ഫീസ് അടയ്ക്കണം. പൊതുവിഭാഗത്തിന് 1250 രൂപയും എസ്.സി., എസ്.ടി. വിഭാഗത്തിന് 625 രൂപയുമാണ് അപേക്ഷ ഫീസ്. അപേക്ഷ ഫീസ് അടച്ചാല്‍ മാത്രമേ അപേക്ഷകന്റെ അക്കൗണ്ട് പ്രവര്‍ത്തനക്ഷമമാകൂ. അപേക്ഷ നമ്പരായിരിക്കും അപേക്ഷകന്റെ ലോഗിന്‍ ഐ.ഡി. ഓണ്‍ലൈനായി ഫീസടച്ചശേഷം അപേക്ഷകന്റെ അക്കാദമിക വിവരങ്ങള്‍ നല്‍കി പരിശോധിച്ച് ഉറപ്പുവരുത്തിയശേഷം അപേക്ഷ സബ്മിറ്റ് ചെയ്യണം. മേയ് 25ന് ഉച്ചകഴിഞ്ഞ് രണ്ടുവരെ ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ നടത്താം. അപേക്ഷയുടെ പ്രിന്റ്ഔട്ട് സര്‍വകലാശാലയില്‍ സമര്‍പ്പിക്കേണ്ട. വെബ്സൈറ്റിലെ മാര്‍ഗനിര്‍ദേശങ്ങള്‍ അനുസരിച്ച് അപേക്ഷ നല്‍കണം.

ആദ്യ അലോട്ട്മെന്റ് ജൂണ്‍ ആറിന്

ബിരുദാനന്തര ബിരുദ പ്രവേശനത്തിനുള്ള ആദ്യ അലോട്ട്മെന്റ് ജൂണ്‍ ആറിന് നടക്കും. മാനേജ്മെന്റ്, കമ്മ്യൂണിറ്റി, സ്പോര്‍ട്സ്, കള്‍ച്ചറല്‍ ക്വാട്ട, ഭിന്നശേഷി വിഭാഗ സംവരണ സീറ്റുകളിലേക്ക് അപേക്ഷിക്കുന്നവര്‍ ഏകജാലകം വഴി അപേക്ഷിച്ച ശേഷം അപേക്ഷയുടെ പകര്‍പ്പ് പ്രവേശനം ആഗ്രഹിക്കുന്ന കോളജുകളില്‍ നേരിട്ട് നല്‍കണം. ലക്ഷദ്വീപില്‍നിന്നുള്ള അപേക്ഷകര്‍ക്കായി ഓരോ കോളജിലും സീറ്റുകള്‍ സംവരണം ചെയ്തിട്ടുണ്ട്. ലക്ഷദ്വീപ് നിവാസികള്‍ ഏകജാലകത്തിലൂടെ അപേക്ഷിക്കുകയും അപേക്ഷയുടെ പകര്‍പ്പ് പ്രവേശനം ആഗ്രഹിക്കുന്ന കോളജില്‍ നേരിട്ടു നല്‍കുകയും ചെയ്യണം. ഏകജാലകത്തിലൂടെ അപേക്ഷിക്കാത്തവര്‍ക്ക് മാനേജ്മെന്റ്, കമ്മ്യൂണിറ്റി, സ്പോര്‍ട്സ്, കള്‍ച്ചറല്‍ ക്വാട്ട, ഭിന്നശേഷി വിഭാഗ സംവരണ സീറ്റുകളിലേക്ക് പ്രവേശനം സാധിക്കില്ല.

സ്പോര്‍ട്സ്, കള്‍ച്ചറല്‍ ക്വാട്ട, ഭിന്നശേഷി വിഭാഗ സംവരണ സീറ്റുകളിലേക്ക് അപേക്ഷിക്കുന്നവര്‍ മേയ് 22നകം ഓണ്‍ലൈനായി അപേക്ഷിക്കണം. ഈ സീറ്റുകളിലേക്ക് പ്രവേശനത്തിനുള്ള പ്രൊവിഷണല്‍ റാങ്ക് ലിസ്റ്റ് മേയ് 23ന് പ്രസിദ്ധീകരിക്കും. ഇതു സംബന്ധിച്ച രേഖകളുടെ പരിശോധന അതത് കോളജുകളില്‍ മേയ് 23, 24 തീയതികളില്‍ നടക്കും.

സ്പോര്‍ട്സ്, കള്‍ച്ചറല്‍ ക്വാട്ട, ഭിന്നശേഷി വിഭാഗ സംവരണം, മാനേജ്മെന്റ്, കമ്മ്യൂണിറ്റി ക്വാട്ട സീറ്റുകളിലേക്കുള്ള പ്രവേശനം സംബന്ധിച്ച വിജ്ഞാപനം സര്‍വകലാശാല വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കോളജ് അധികൃതര്‍ വിജ്ഞാപന തീയതികള്‍ക്ക് അനുസൃതമായി പ്രവേശന നടപടികള്‍ പൂര്‍ത്തീകരിക്കണമെന്ന് വൈസ് ചാന്‍സലര്‍ അറിയിച്ചു. കോളജ് അധികൃതര്‍ ഇ-മെയില്‍ ദിവസേന പരിശോധിക്കണം. വിശദവിവരം ക്യാപ് വെബ്സൈറ്റില്‍ ലഭിക്കും. ഇ-മെയില്‍: pgcap@mgu.ac.in

Latest