Connect with us

Education

എംജിയില്‍ പിജി കോഴ്‌സുകള്‍ക്ക് ഇനി പുതുക്കിയ സിലബസ്

Published

|

Last Updated

കോട്ടയം: മഹാത്മാ ഗാന്ധി സര്‍വകലാശാലയിലെ ബിരുദാനന്തര ബിരുദ കോഴ്‌സുകള്‍ക്ക് ഈ അധ്യയന വര്‍ഷം മുതല്‍ പരിഷ്‌ക്കരിച്ച സിലബസ്. അഞ്ചുമാസം കൊണ്ട് 90 പിജി പ്രോഗ്രാമുകളുടെ സിലബസാണ് സര്‍വകലാശാല പരിഷ്‌ക്കരിച്ചത്. 2012 നുശേഷം ഇതാദ്യമായാണ് പി ജി കോഴ്‌സുകളുടെ സിലബസ് പരിഷ്‌കരണം നടക്കുന്നത്.
സിലബസ് പരിഷ്‌ക്കരണത്തിനായി സിന്‍ഡിക്കേറ്റ് അംഗം വി എസ് പ്രവീണ്‍കുമാര്‍ കണ്‍വീനറും സിന്‍ഡിക്കേറ്റ് അംഗങ്ങളായ ഡോ. കെ. കൃഷ്ണദാസ്, ഡോ. ആര്‍ പ്രഗാഷ്, പ്രൊഫ. ടോമിച്ചന്‍ ജോസഫ്, ഡോ. അജി സി. പണിക്കര്‍ എന്നിവര്‍ അംഗങ്ങളുമായി രൂപീകരിച്ച സിലബസ് പരിഷ്‌ക്കരണ സിന്‍ഡിക്കേറ്റ് ഉപസമിതിയാണ് നേതൃത്വം നല്‍കിയത്. ഇതിനായി 48 ശില്പശാലകള്‍ സംഘടിപ്പിച്ചു.

സിന്‍ഡിക്കേറ്റംഗങ്ങളായ ഡോ. എ. ജോസ്, ഡോ. കെ. ജയചന്ദ്രന്‍, ഡോ. എം എസ് മുരളി, ഡോ. എസ് സുജാത, ഡോ. പി കെ പത്മകുമാര്‍, ഡോ. കെ എം കൃഷ്ണന്‍, ഡോ. സന്തോഷ് പി. തമ്പി, ഡോ. ബിസ്മി ഗോപാലകൃഷ്ണന്‍, ഡോ. റോയ് സാം ഡാനിയേല്‍, ഡോ. ആര്‍. അനിത എന്നിവരാണ് ശില്‍പശാലകള്‍ക്ക് നേതൃത്വം നല്‍കിയത്. 14 ബോര്‍ഡ് ഓഫ് സ്റ്റഡീസുകളുടെയും 34 വിദഗ്ധ സമിതികളുടെയും മേല്‍നോട്ടത്തിലാണ് പരിഷ്‌ക്കരണ നടപടികള്‍ നടന്നത്.

സര്‍വ്വകലാശാലയിലും വിവിധ അഫിലിയേറ്റഡ് കോളേജുകളിലും മൂന്നു ദിവസം മുതല്‍ അഞ്ചുദിവസം വരെ നീണ്ട ശില്പശാലകളാണ് സംഘടിപ്പിച്ചത്. ഡിസംബറില്‍ ആരംഭിച്ച ശില്പശാലകള്‍ ഫെബ്രുവരിയില്‍ അവസാനിച്ചു. 1,650 അധ്യാപകരും വിദഗ്ധരും ശില്പശാലകളില്‍ പങ്കെടുത്തു. ശില്പശാലകളില്‍ ഗവേഷകര്‍, പി.ജി. വിദ്യാര്‍ഥികള്‍ എന്നിവര്‍ക്കും പങ്കെടുക്കാന്‍ അവസരം നല്‍കി.
ശില്പശാലകളിലൂടെ തയ്യാറാക്കിയ പരിഷ്‌ക്കരിച്ച സിലബസിന്റെ കോഴ്‌സ് മാപ്പിംഗ് അടക്കമുള്ള പ്രവൃത്തികള്‍ക്കായി അക്കാദമിക് വിഭാഗത്തിലെ ആറുപേരടങ്ങുന്ന പ്രത്യേക ക്യാമ്പ് രൂപീകരിച്ചിട്ടുണ്ട്.
എം.പി.എഡ്., എം.എസ്.ഡബ്ല്യു., എം.ബി.എ. പ്രോഗ്രാമുകള്‍ ഒഴിച്ചുള്ള പി.ജി. പ്രോഗ്രാമുകള്‍ക്ക് പുതുക്കിയ സിലബസ് അനുസരിച്ച് 80 ക്രെഡിറ്റാണുള്ളത്. ഒരു സെമസ്റ്ററില്‍ 16 മുതല്‍ 25 വരെ ക്രെഡിറ്റാണുള്ളത്. ഒരു കോഴ്‌സിന് രണ്ടു മുതല്‍ അഞ്ചുവരെ ക്രെഡിറ്റാണ് നല്‍കുന്നത്.

ഇന്റേണല്‍-എക്‌സ്റ്റേഷണല്‍ അനുപാതം 1:3 ആണ്. ഡയറക്ട് ഗ്രേഡിങ് രീതിയാണ് മൂല്യനിര്‍ണയത്തിന് ഉപയോഗിക്കുക. നിലവിലുള്ള അഞ്ച് പോയിന്റ് സ്‌കെയില്‍ ഗ്രേഡിങ് രീതിയില്‍നിന്ന് ഏഴു പോയിന്റ് സ്‌കെയില്‍ ഗ്രേഡിങ് രീതിയിലേക്ക് മാറി. 1.99 വരെ ഡി ഗ്രേഡ്, 2.00-2.49 സി, 2.50-2.99 സി പ്ലസ്, 3.00-3.49 ബി, 3.50-3.99 ബി പ്ലസ്, 4.00-4.49 എ, 4.50-5.00 എ പ്ലസ് ഗ്രേഡ് എന്ന നിലയിലേക്ക് ജി.പി.എ./എസ്.ജി.പി.എ./സി.ജി.പി.എ. ഗ്രേഡിങ് രീതി മാറി. കോഴ്‌സ് ജയിക്കുന്നതിന് സി ഗ്രേഡ് ലഭിക്കണം. 75 ശതമാനം ഹാജര്‍ നിര്‍ബന്ധമാണ്. ഓരോ കോഴ്‌സിനും സവിശേഷ കോഡും അക്കത്തിലുള്ള കോഡ് നമ്പരുമുണ്ട്.

പ്രോഗ്രാമിന്റെ ഇലക്ടീവിലെ കോഴ്‌സുകള്‍ ഗ്രൂപ്പ് അടിസ്ഥാനത്തിലാണ് അനുവദിക്കുക. മൂന്നു കോഴ്‌സുള്ളതാണ് ഒരു ഇലക്ടീവ് ഗ്രൂപ്പ്. രണ്ടു മുതല്‍ നാലു വരെ ഗ്രൂപ്പുകളാണ് ഇലക്ടീവ് ഗ്രൂപ്പുകളായി വിവിധ പ്രോഗ്രാമുകള്‍ക്ക് തയ്യാറാക്കിയിട്ടുള്ളത്. ഇവയില്‍നിന്ന് കുട്ടികളുടെ പൊതുതാല്‍പര്യവും അക്കാദമിക സൗകര്യങ്ങളും പരിഗണിച്ച് കോളേജുകള്‍ക്ക് ഇലക്ടീവ് ഗ്രൂപ്പ് തെരഞ്ഞെടുക്കാം. മൂന്ന്, നാല് സെമസ്റ്ററുകളിലായോ നാലാം സെമസ്റ്ററില്‍ മാത്രമായോ ഇലക്ടീവ് ഗ്രൂപ്പിലെ കോഴ്സുകള്‍ ഉള്‍പ്പെടുത്താം.
വൈസ് ചാന്‍സിലര്‍ പ്രൊഫ. സാബു തോമസ്, സിന്‍ഡിക്കേറ്റ് അംഗങ്ങള്‍, വിവിധ ബോര്‍ഡ് ഓഫ് സ്റ്റഡീസിലെയും വിദഗ്ദ്ധ സമിതിയിലെയും ചെയര്‍പേഴ്സണ്‍ ഉള്‍പ്പെടെയുള്ള അംഗങ്ങള്‍, അദ്ധ്യാപകര്‍, രജിസ്ട്രാര്‍, ജീവനക്കാര്‍ എന്നിവരുടെ കൂട്ടായ യത്നത്തിന്റെ ഫലമായാണ് വേഗത്തില്‍ സിലബസ് പരിഷ്‌ക്കരിക്കാന്‍ സാധിച്ചതെന്ന് സിന്‍ഡിക്കേറ്റ് ഉപസമിതി കണ്‍വീനര്‍ വി.എസ്. പ്രവീണ്‍കുമാര്‍ പറഞ്ഞു.

 

Latest