Connect with us

National

ടിപ്പുവിന് സ്മരണാഞ്ജലി അര്‍പ്പിച്ച ഇമ്രാനെ പ്രശംസിച്ച് തരൂര്‍; ട്വിറ്ററില്‍ ബി ജെ പി-കോണ്‍ഗ്രസ് വാക്‌പോര്

Published

|

Last Updated

ന്യൂഡല്‍ഹി: മൈസൂര്‍ ഭരണാധികാരിയായിരുന്ന ടിപ്പു സുല്‍ത്താന് അദ്ദേഹത്തിന്റെ ചരമ വാര്‍ഷിക ദിനത്തില്‍ സ്മരണാഞ്ജലികള്‍ അര്‍പ്പിച്ച പാക് പ്രധാന മന്ത്രി ഇമ്രാന്‍ ഖാനെ പ്രശംസിച്ച് കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍. എന്നാല്‍, ഇന്ത്യയുടെ വീര യോദ്ധാവിനെ ഓര്‍ക്കാന്‍ ഒരു പാക് നേതാവ് വേണ്ടിവന്നു എന്നതിലുള്ള വേദനയും ട്വിറ്ററില്‍ നല്‍കിയ കുറിപ്പില്‍ തരൂര്‍ പ്രകടിപ്പിച്ചു.

തരൂരിന്റെ വാക്കുകള്‍ ബി ജെ പി, കോണ്‍ഗ്രസ് നേതാക്കളും തമ്മിലുള്ള വാക്‌പോരിനു വഴിതെളിച്ചു. തരൂരിന്റെ അയല്‍ രാഷ്ട്രങ്ങളോടുള്ള പ്രേമവും സ്വന്തം രാഷ്ട്ര നേതാക്കളോടുള്ള വെറുപ്പും പുതിയ കാര്യമല്ലെന്ന് ബി ജെ പി ജനറല്‍ സെക്രട്ടറി റാം മാധവ് പറഞ്ഞു. തന്റെ നിലപാട് ശരിയാണോയെന്ന് തരൂര്‍ ആലോചിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ടിപ്പുവിന് സ്മരണാഞ്ജലി അര്‍പ്പിച്ച പാക് പ്രധാന മന്ത്രിയുടെ നിലപാടിനെച്ചൊല്ലി ബി ജെ പി നേതാവ് രാജീവ് ചന്ദ്രശേഖറും കോണ്‍ഗ്രസ് നേതാവ് സിദ്ധാരാമയ്യയും തമ്മിലും വാഗ്വാദമുണ്ടായി. ഇമ്രാന്റെ ചെയ്തിയെ പുണരുന്നത് രാഹുല്‍ ഗാന്ധിയുടെയും പ്രിയങ്ക ഗാന്ധിയുടെയും പ്രീതി സമ്പാദിക്കുന്നതിനുള്ള എളുപ്പവഴിയാണെന്ന് സിദ്ധാരാമയ്യക്ക് അറിയാമെന്ന് രാജീവ് പരിഹസിച്ചു. മൂന്നു വര്‍ഷം മുമ്പ് കര്‍ണാടക മുഖ്യമന്ത്രിയായിരിക്കുമ്പോള്‍ തന്നെ സിദ്ധാരാമയ്യ ടിപ്പു ജയന്തി ആഘോഷിച്ചു വരാറുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഒരു ശത്രു രാജ്യത്തിന്റെ പ്രധാന മന്ത്രിയോടൊപ്പമിരുന്ന് ബിരിയാണി കഴിക്കുന്ന കള്ളനായ നിങ്ങളുടെ പ്രധാന മന്ത്രിയെയോ നേതാക്കളെ പ്രീതിപ്പെടുത്താന്‍ വേണ്ടി ധാര്‍മികതയില്‍ വിട്ടുവീഴ്ച ചെയ്യുന്ന നിങ്ങളെയോ പോലെയല്ല താനെന്ന് സിദ്ധാരാമയ്യ തിരിച്ചടിച്ചു. 2017ല്‍ അന്ന് പാക് പ്രധാന മന്ത്രിയായിരുന്ന നവാസ് ഷരീഫിനെ മോദി സന്ദര്‍ശിച്ചതിനെ പരാമര്‍ശിച്ചായിരുന്നു സിദ്ധാരാമയ്യയുടെ ട്വീറ്റ്.

Latest