Connect with us

Malappuram

ചരിത്രങ്ങളുടെ ഒളിവിതറുന്ന വെന്നിയൂര്‍ ജുമുഅത്ത് പള്ളി

Published

|

Last Updated

വെന്നിയൂര്‍ ജുമുഅത്ത് പള്ളി

ദേശീയ പാതയോരത്ത് വെന്നിയൂര്‍ ടൗണിന് സമീപം തല ഉയര്‍ത്തി നില്‍ക്കുന്ന വെന്നിയൂര്‍ ജുമുഅത്ത് പള്ളി. നൂറ്റാണ്ടുകളുടെ പ്രൗഢിയും പ്രതാപവും വിളിച്ചോതുന്ന പടിപ്പുരയും ഖബര്‍സ്ഥാനും. വാളക്കുളമെന്ന വിശാലമായ സ്ഥലത്തെ ഒരു പ്രദേശമാണ് വെന്നിയൂര്‍.
പ്രത്യേകമായ ഒരു പേരും ഇല്ലാതിരുന്ന ഈ പ്രദേശം കാട് ആയതിനാല്‍ ജനവാസം കുറവായിരുന്നു. ആ ഇടക്കാണ് മഗ്രിബ് തങ്ങള്‍ എന്ന മഹാന്‍ ഇവിടെ എത്തുന്നത് ജനവാസമില്ലാത്ത ഈ പ്രദേശത്ത് താമസാവാശ്യാര്‍ഥം ആദ്യമായി വന്നത് മഗ് രിബ് തങ്ങളായിരുന്നു അതോടെ “വന്ന ഊര് ” എന്ന പേരില്‍ ഈ സ്ഥലം അറിയപ്പെട്ടു തുടങ്ങി പിന്നീടത് “വെന്നിയൂരാ “യി രൂപാന്തരപ്പെട്ടു എന്നാണ് ചരിത്രം .
മമ്പുറം തങ്ങളുടെ മാതുലനായ സയ്യിദ് ഹസന്‍ ജിഫ് രിയുടെ അടുത്ത കുടുംബ ബന്ധുവും മത പ്രബോധന ദൗത്യവുമായി സഞ്ചാരം നടത്തിയ വ്യക്തിയുമായിരുന്ന സയ്യിദ് അഹമ്മദ് ജിഫ്രി തങ്ങളാണ് മശ് രിഖ് തങ്ങള്‍ എന്ന പേരില്‍ അറിയപ്പെടുന്നത്.സയ്യിദ് അഹമ്മദ് ജിഫ്രി തങ്ങള്‍ വെന്നിയൂരിലെ കാട് പ്രദേശത്ത് മേല്‍കൂര പോലുമില്ലാത്ത സ്ഥലത്തായിരുന്നു താമസിച്ചിരുന്നത് പല അത്ഭുത സിദ്ധികളും പ്രകടമായിരുന്നു. പടിഞ്ഞാറുനിന്ന് വന്ന തങ്ങള്‍ എന്ന അര്‍ഥത്തില്‍ ജനങ്ങള്‍ ഇദ്ദേഹത്തെ മഗ് രിബ് തങ്ങള്‍ എന്ന് ആദരവോടെ അഭിസംബോധനം ചെയ്തു. ഇതേ കാലത്ത് തന്നെ അഹ് ലു ബൈത്തില്‍ പെട്ട മറ്റൊരു വ്യക്തിയും ഇവിടെ എത്തി മൂച്ചിക്കലിലാണ് ഇദ്ദേഹത്തിന്റെ കുടുംബമെന്ന് പറയപ്പെടുന്നു. ഇദ്ദേഹത്തെ മശ് രിഖ് തങ്ങള്‍ എന്നും നാട്ടുകാര്‍ വിളിച്ചു.

മഗ്‌രിബ് തങ്ങളുടേയും മശ് രിഖ് തങ്ങളുടേയും ആത്മീയ പ്രഭാവം വാളക്കുളം പ്രദേശത്ത് പരന്നു. ധീരപുരുഷനായ ചെറ്റാലിമരക്കാരുടെ ധീരമായ പ്രവര്‍ത്തനവും കൂടിയായപ്പോള്‍ വെന്നിയൂരില്‍ ജനവാസം വര്‍ധിക്കുകയും ഇവിടെ ഒരു പള്ളി നിര്‍മിക്കുകയും ചെയ്തു. അതാണ് വെന്നിയൂര്‍ ജുമുഅത്ത് പള്ളി.

വെന്നിയൂര്‍ വിശാലമായ മഹല്ലായിരുന്നു. വെന്നിയൂര്‍, കുണ്ടുകുളം, പുതുപ്പറമ്പ് ,ചുള്ളിപ്പാറ, കൊടക്കല്ല്, അപ്ല, കരുമ്പില്‍, പാറമ്മല്‍, അറക്കല്‍ തുടങ്ങിയ പ്രദേശങ്ങളെല്ലാം അടങ്ങിയതായിരുന്നു വെന്നിയൂര്‍ മഹല്ല് .ഇപ്പോള്‍ സൗകര്യാര്‍ഥം വിവിധ മഹല്ലുകളായി പിരിഞ്ഞിട്ടുണ്ട്. മഗ് രിബ് തങ്ങളും മശ് രിഖ് തങ്ങളും ചെറ്റാലിമരക്കാരും ഈ പള്ളിക്ക് സമീപമാണ് അന്ത്യവിശ്രമം കൊള്ളുന്നത്.ഈ മഹല്ലിന്റെ ആവിര്‍ഭാവം തൊട്ടു ഇവിടെ ഖാസി സ്ഥാനം വഹിച്ചു വരുന്നത് നരിമടക്കല്‍ പണ്ഡിതന്‍മാരാണ്.

വ്യക്തികള്‍ തമ്മിലോ കുടുംബങ്ങള്‍ തമ്മിലോ വല്ല തര്‍ക്കവും ഉണ്ടായാല്‍ അവ ചര്‍ച്ച ചെയ്ത് പരിഹരിക്കുന്നതിനും ആവശ്യമായാല്‍ സത്യം ചെയ്യാനുമായി സ്ഥാപിച്ചതാണ് പള്ളിക്ക് മുമ്പിലുള്ള പടിപ്പുര. അക്കാലത്ത് പല തര്‍ക്കങ്ങള്‍ക്കും ഇവിടെ വെച്ച് തീര്‍പ്പുകല്‍പിക്കാറുണ്ട്.
പണ്ട് കാലം മുതല്‍ക്കു തന്നെ ഇവിടെ വലിയ ദര്‍സ് നടന്നു വന്നിരുന്നു. പ്രഭാഷകനും സുന്നി നേതാവുമായിരുന്ന മര്‍ഹൂം എന്‍ എം കുഞ്ഞിമോന്‍ ഫൈസി തന്റെ മരണം വരേ ഇവിടെ ഖതീബും ഖാസിയുമായിരുന്നു. ഇപ്പോള്‍ അദ്ദേഹത്തിന്റെ അനുജന്‍ ബാപ്പുട്ടി മുസ്‌ലിയാരാണ് ഈ ചുമതല വഹിച്ചു പോരുന്നത്.

Latest