Connect with us

Ramzan

പാപമോചനത്തിലേക്കുള്ള എളുപ്പവഴി

Published

|

Last Updated

റമസാനിലെ ഒരു രാത്രിയിൽ പള്ളിയിൽ പലയിടങ്ങളിലായി പല ജമാഅത്ത് നിസ്‌കാരങ്ങൾ നടക്കുന്നു. ഇത് കണ്ട ഉമർ (റ) പറഞ്ഞു: ഇതെല്ലാം കൂടി ഒരു ഇമാമിന്റെ കീഴിലായി നിസ്‌കരിക്കുന്നതാണ് നല്ലത്. തുടർന്ന് ഉബയ്യിബ്‌നു കഅ്ബിന്റെ നേതൃത്വത്തിൽ ജമാഅത്തായി നിസ്‌കാരം നടപ്പിലാക്കുകയും ചെയ്തു.

നബി(സ്വ)യുടെ സമുദായത്തിന് മാത്രമായി അല്ലാഹു കനിഞ്ഞു നൽകിയ പ്രത്യേകമായ ഒരു നിസ്‌കാരമാണ് റമസാനിലെ തറാവീഹ് നിസ്‌കാരം. പാപ പങ്കിലമായ മനസ്സുകളെ കഴുകി വൃത്തിയാക്കുന്നതിനായി അല്ലാഹു നിശ്ചയിച്ച റമസാൻ മാസത്തിൽ അതിനുള്ള വഴി എളുപ്പമാക്കുന്നതിനായി വിശ്വാസികളോട് കൽപ്പിച്ച മഹത്തായ കർമം. അബൂഹുറൈറ(റ) റിപ്പോർട്ട് ചെയ്യുന്ന ഹദീസിൽ കാണാം. നബി(സ്വ) പറഞ്ഞു: അല്ലാഹുവിൽ വിശ്വാസമർപ്പിച്ചുകൊണ്ടും പ്രതിഫലം പ്രതീക്ഷിച്ചു കൊണ്ടും ആരെങ്കിലും റമസാനിന്റെ രാത്രിയിൽ നിസ്‌കരിച്ചാൽ അവൻ ചെയ്ത് പോയ മുഴുവൻ ദോഷങ്ങളും പൊറുക്കപ്പെടുന്നതാണ്. ഈ ഹദീസിലെ നിസ്‌കാരം തറാവീഹ് നിസ്‌കാരമാണെന്ന് ഇമാം നവവി (റ) വ്യക്തമാക്കുന്നു.

ഹിജ്‌റ രണ്ടാം വർഷമാണ് തറാവീഹ് നിസ്‌കാരത്തിന് തുടക്കം കുറിക്കുന്നത്. റമസാൻ 23, 25, 27 എന്നീ ഇടവിട്ട മൂന്ന് രാവുകളിൽ മാത്രമാണ് നബി (സ്വ) ആ വർഷം തറാവീഹ് നിസ്‌കരിച്ചത്. നുഅ്മാനുബ്‌നു ബശീർ (റ) പറയുന്നു: ഞങ്ങൾ നബി(സ്വ)യുടെ നേതൃത്വത്തിൽ റമസാനിലെ 23ാം രാവിൽ രാത്രിയുടെ മൂന്നിലൊരു ഭാഗം വരെയും 25ാം രാവിൽ പകുതി വരെയും 27ാം രാവിൽ പുലർച്ചയോടടുക്കും വരെയും നിസ്‌കരിച്ചു. (നസാഈ). ഈ രാത്രികളിൽ നിസ്‌കാരത്തിലുള്ള സ്വഹാബത്തിന്റെ ആവേശം കണ്ടപ്പോൾ സമുദായത്തിന്റെ മേൽ ഇതു നിർബന്ധമാകുമോ എന്ന് ഭയന്ന് നാലാം ദിവസം നിസ്‌കാരത്തിന് നേതൃത്വം നൽകാൻ നബി (സ്വ) പള്ളിയിലേക്ക് വന്നില്ല.

ഖലീഫ ഉമർ(റ) ഭരണം ഏറ്റെടുത്ത രണ്ടാം വർഷമാണ് തറാവീഹ് ഒറ്റ ജമാഅത്തായി പുനസ്സംഘടിപ്പിച്ചു. ഉബയ്യബ്‌നു കഅ്ബ് (റ) ന്റെ നേതൃത്വത്തിൽ നടന്ന 20 റക്അത്ത് തറാവീഹ് നിസ്‌കാരത്തിൽ ഉമറും (റ)പങ്കെടുത്തു. നബി (സ്വ)യോട് കൂടെ പങ്കെടുത്ത് സ്വഹാബികളും ഈ നിസ്‌കാരത്തിൽ പങ്കെടുത്തു. എല്ലാവരും 20 റക്അത്ത് നിസ്‌കരിച്ചു.

20 റക്അത്ത് തറാവീഹ് നിസ്‌കരിക്കുന്ന അടിമ 40 തവണ യജമാനനായ അല്ലാഹുവിന്റെ മുമ്പിൽ സുജൂദ് ചെയ്യുന്നു. ഇതിലൂടെ അല്ലാഹുവിലേക്കടുക്കുകയും പാപമോചനം സാധ്യമാകുകയും ചെയ്യുന്നു. എന്നാൽ സുഭിക്ഷമായ നോമ്പുതുറയുടെ ഇക്കാലത്ത് വയറ് നിറച്ചുണ്ടവന് ആത്മാർഥമായി ഈ മഹനീയ ആരാധനയെ വരവേൽക്കാൻ കഴിയാതെ വരുന്നു. ഇത് റമസാനിന്റെ പവിത്രതക്ക് കോട്ടം വരുത്തുന്നതാണ്.

തറാവീഹ് നിസ്‌കാരം അതിവേഗം സംഘടിപ്പിക്കുന്നവരും വലിയ സൂറത്തുകൾ ഓതി വൈകിപ്പിക്കുന്നവരും പിറകിൽ നിസ്‌കരിക്കുന്ന മഅ്മൂമുകൾക്ക് അതൃപ്തി വരാതെ സൂക്ഷിക്കണം.

സബ് എഡിറ്റർ, സിറാജ്