Connect with us

Kannur

എരഞ്ഞോളി മൂസ ഇനി ഓര്‍മ

Published

|

Last Updated

തലശ്ശേരി: കഴിഞ്ഞ ദിവസം അന്തരിച്ച മാപ്പിളപ്പാട്ട് ഇതിഹാസം എരഞ്ഞോളി മൂസയുടെ മയ്യിത്ത് ഖബറടക്കി. പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ തലശ്ശേരി മട്ടാമ്പ്രം പള്ളി ഖബര്‍സ്ഥാനിലായിരുന്നു ഖബറടക്കം. രാവിലെ ടൗണ്‍ഹാളില്‍ പൊതുദര്‍ശനത്തിന് വെച്ചതിന് ശേഷം 11 മണിയോടെ പള്ളിയിലേക്ക് കൊണ്ടുപോവുകയായിരുന്നു. രാഷ്ട്രീയക്കാരും മാപ്പിളപ്പാട്ട് ഇഷ്ടക്കാരും നാട്ടുകാരും അടക്കം നൂറ്കണക്കിന് പേരാണ് ഖബറടക്ക ചടങ്ങില്‍ പങ്കെടുത്തത്.
ശ്വാസകോശ സംബന്ധമായ അസുഖത്തെത്തുടര്‍ന്ന് ചികിത്സയിലായിരിക്കവെയാണ് മരണം സംഭവിച്ചത്. കേരള ഫോക്ലോര്‍ അക്കാദമി വൈസ് പ്രസിഡന്റായിരുന്നു.അസുഖത്തെ തുടര്‍ന്നു നഷ്ടപ്പെട്ട ശബ്ദം തിരിച്ചുപിടിക്കാനുള്ള ശ്രമത്തിനിടെയാണ് അന്ത്യം.

തീരേ മടക്കമില്ലാത്ത യാത്ര…..

ന്റെ ഭാവുകത്വം ഇഴചേർത്ത് ഏതൊരിശലും തങ്കമാക്കുന്ന പാട്ടുകാരന്് ഒരു പേരേ മലയാളത്തിലുള്ളൂ. മാപ്പിളപ്പാട്ടിന്റെ മാധുര്യം ആസ്വാദക ഹൃദയങ്ങളിലേക്ക് പകർന്ന് ഇശലിന്റെ പാലാഴി തീർത്ത ………വലിയകത്ത് മൂസയെന്ന എരഞ്ഞോളി മൂസയാണ് അന്നും ഇന്നും മാപ്പിളപ്പാട്ടിന്റെ ചരിത്രവും വർത്തമാനവും.

മാപ്പിളപ്പാട്ടിന്റെ ചരിത്രമെന്നാൽ എരഞ്ഞോളി മൂസയുടെ കൂടി ചരിത്രമാണ്. പഴയ പാട്ടുകളുടെ ഇമ്പമേറും ഇശലുകൾ എരഞ്ഞോളി മൂസയുടെ അനുഗ്രഹീത ശബ്ദത്തിലൂടെ ഒഴുകിയെത്തുമ്പോൾ മലബാറിലെ മാപ്പിളപ്പാട്ട് സദസ്സുകളിൽ അത് ഹൃദയത്തിലേറ്റ് വാങ്ങാനായി തടിച്ചു കൂടിയിരുന്നത് ആയിരങ്ങളായിരുന്നു. അത് വരെ മറ്റാർക്കും ലഭിക്കാത്തതായിരുന്നു ഈ സദസ്സും സ്വീകരണവും. തലശ്ശേരി എരഞ്ഞോളിയിലെ കല്ല്യാണ വീടുകളിൽ പാടിതുടങ്ങിയ എരഞ്ഞോളി മൂസ എന്ന ജനകീയ മാപ്പിളപ്പാട്ടുകാരൻ പിന്നീട് മാപ്പിളപ്പാട്ട് വേദികൾ കീഴടക്കുകയായിരുന്നു. ജീവിതാനുഭവങ്ങൾ അദ്ദേഹത്തിന്റെ പാട്ടുകൾക്ക് മാധുര്യം കൂട്ടി. അത് ജനങ്ങൾക്ക് പുതിയ സംഗീതാനുഭവവും പകരുന്നതായിരുന്നു.
ഗൾഫ് രാജ്യങ്ങളിൽ ഏറ്റവുമധികം മാപ്പിളപ്പാട്ട് അവതരിപ്പിച്ചത് എരഞ്ഞോളി മൂസയായിരുന്നു.

അഞ്ഞൂറിനടുത്ത് വേദികളിലാണ് അദ്ദേഹം ഗൾഫിൽ പാടിയത്. 1974 ലായിരുന്നു ആദ്യത്തെ ഗൾഫ് യാത്ര. പിന്നീട് നിരവധി യാത്രകൾ പ്രവാസികൾക്ക് ഇശൽ മാധുര്യം പകരാനായി. 1972ൽ മിഅ്‌റാജ് രാവിലെ കാറ്റേ… എന്ന് തുടങ്ങുന്ന ഗാനം ആകാശവാണിയിൽ പാടിയത് മുതൽ ഈ ഗായകനെ മാപ്പിളപ്പാട്ട് ആസ്വാദകർ നെഞ്ചിലേറ്റുകയായിരുന്നു. പ്രവാചകൻ മുഹമ്മദ് നബിയുടെ ആകാശയാത്രയുടെ കഥ പറയുന്ന ഗാനമാണിത്. പാട്ടിന്റെ രചനാ ശൈലിയും ഈണവും ആലാപനവും പാട്ടിനെ മാപ്പിളപ്പാട്ടിലെ എക്കാലത്തെയും ഹിറ്റ് പാട്ടുകളിൽ ഒന്നാക്കി മാറ്റി. ഈ പാട്ട് പാടാൻ വേണ്ടി മാത്രമായിരുന്നു അക്കാലത്ത് എരഞ്ഞോളി മൂസയെ വിവിധ ഭാഗങ്ങളിലെ മാപ്പിളപ്പാട്ട് സദസ്സുകളിലേക്ക് ക്ഷണിക്കപ്പെട്ടത്. മിസ്‌റീലെ രാജൻ അസിസിന്റെ…, മാണിക്യമലരായ ബിവി……, മക്കാമണൽ തട്ടിൽ….., നേരം വെള്ളുക്കുന്പോൾ… യാസിൻ നബിയേ…തുടങ്ങിയ നൂറുകണക്കിന് മാപ്പിളപ്പാട്ടുകൾ അടക്കം ആയിരത്തിലേറെ പാട്ടുകളാണ് മാപ്പിളപ്പാട്ട് ശാഖക്കായി അദ്ദേഹം നൽകിയത്. കെട്ടുകൾ മൂന്നും കെട്ടിയെന്ന …….. പാട്ട് അദ്ദേഹം പാടുമ്പോൾ മരണം ശ്രോതാക്കളുടെ ഓർമകളിലെത്താറുണ്ടായിരുന്നു.
പ്രവാസ വീടുകളിലെ ടേപ്പ് റിക്കാർഡുകളിലൂടെ അക്കാലത്ത് കേട്ടു കൊണ്ടിരുന്നത് എരഞ്ഞോളി മൂസയുടെ മാപ്പിളപ്പാട്ടുകൾ മാത്രമായിരുന്നു. അരിമുല്ലപ്പൂ മണം ഉള്ളോളെ.. എന്ന് തുടങ്ങുന്ന പാട്ടായിരുന്നു അദ്ദേഹത്തിന്റെ ആദ്യത്തെ പാട്ട്. തലശ്ശേരിയിലെയും പരിസരങ്ങളിലെയും ഗ്രാമീണ കലാ സമിതികളിലുടെയായിരുന്നു അദ്ദേഹം പാടി വളർന്നത്.

അത് കൊണ്ട് തന്നെ എന്നും ഗ്രാമീണ ഭംഗി അദ്ദേഹത്തിന്റെ പാട്ടിലും ശൈലിയിലും പ്രകടമായിരുന്നു. മാപ്പിളപ്പാട്ട് ആലാപന ആചാര്യൻ കോഴിക്കോട് എസ് എം കോയയാണ് പ്രധാന ഗുരു.

ശരത്ചന്ദ്ര മറാഠെയുടെ കീഴിൽ ഹിന്ദുസ്ഥാനിയും തിരുവങ്ങാട് കുഞ്ഞിക്കണ്ണ ഭാഗവതരിൽ നിന്ന് കർണാടക സംഗീതവും അഭ്യസിച്ചു. കടുത്ത ദാരിദ്ര്യമായിരുന്നു കുട്ടിക്കാലത്തെങ്കിലും പാട്ടുകാരനാകാനുള്ള മോഹം അദ്ദേഹം ഉപേക്ഷിച്ചില്ല. മത മൈത്രിയുടെ പാട്ട് എപ്പോഴും അദ്ദേഹത്തിന്റെ പാട്ടുകളിൽ ഇടം പിടിച്ചു.
കണ്ണൂർ, കാസർകോട്, മലപ്പുറം, തൃശൂർ, എറണാകുളം ജില്ലകളിലായിരുന്നു അദ്ദേഹത്തിന്റെഇഷ്ടപ്രേമികളിൽ കൂടുതലും. അനുഗൃഹീത മാപ്പിളപ്പാട്ടു ഗായകനായ അദ്ദേഹത്തിന് അവസാന കാലത്ത് ഇന്നത്തെ മാപ്പിളപ്പാട്ടിലെ മൂല്യശോഷണത്തിൽ പ്രയാസമുണ്ടായിരുന്നു. അക്കാര്യം പലപ്പോഴും അദ്ദേഹം എടുത്തു പറയാറുമുണ്ടായിരുന്നു.

Latest