Connect with us

Eranakulam

സ്വകാര്യ വായ്പാ ദാതാക്കളുടെ ആധിപത്യം; തട്ടിപ്പിനിരയായി മത്സ്യത്തൊഴിലാളികൾ

Published

|

Last Updated

കൊച്ചി: മത്സ്യബന്ധനത്തിലേർപ്പെടുന്നതിന് സ്വകാര്യ ഇടപാടുകാരിൽ നിന്ന് വായ്പയെടുക്കുന്നതിലൂടെ സംസ്ഥാനത്തെ മത്സ്യത്തൊഴിലാളികൾ സാമ്പത്തിക ചൂഷണത്തിന് വിധേയമാകുന്നെന്നും വൻ ബാധ്യതകൾ വരുത്തിവെക്കുന്നെന്നും കണ്ടെത്തൽ. ഔദ്യോഗിക ധനകാര്യ സ്ഥാപനങ്ങളുമായുള്ള പണമിടപാടുകൾ താരതമ്യേന കുറവായ മത്സ്യമേഖലയിൽ, സ്വകാര്യ വായ്പാദാതാക്കളുടെ ആധിപത്യമാണുള്ളതെന്നും കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിന്റെ പുതിയ പഠനത്തിൽ വെളിപ്പെട്ടു.

സംസ്ഥാനത്തെ എട്ട് തീരദേശ ജില്ലകൾ കേന്ദ്രീകരിച്ച് നടത്തിയ പഠനത്തിലാണ് കേരളത്തിലെ മത്സ്യമേഖലയിലെ അനാരോഗ്യകരമായ സാമ്പത്തിക പ്രവണതകളെക്കുറിച്ചുള്ള വിവരങ്ങൾ ലഭ്യമായത്. നിലവിലെ സാഹചര്യത്തിൽ വായ്പയെടുക്കുന്നതിന് മത്സ്യത്തൊഴിലാളികൾ പ്രധാനമായും ആശ്രയിക്കുന്നത് സ്വകാര്യ പണമിടപാടുകാരെയാണ്. മത്സ്യഫെഡ് സൊസൈറ്റികൾ, സഹകരണ വാണിജ്യ ബാങ്കുകൾ, മറ്റ് ധനകാര്യസ്ഥാപനങ്ങൾ എന്നീ ഔദ്യോഗിക വായ്പാദാതാക്കൾ മേഖലയിൽ ഉണ്ടായിരിക്കെയാണ് മത്സ്യത്തൊഴിലാളികൾ അനൗദ്യോഗിക ഇടപാടുകാരെ ആശ്രയിക്കുന്നത്.

എളുപ്പത്തിൽ വായ്പ ലഭിക്കുന്നതിനാലും തിരിച്ചടവിന് മീൻ ലഭ്യതക്ക് അനുസരിച്ച് സാവകാശം ലഭിക്കുമെന്നതുമാണ് മത്സ്യം ലേലം നടത്തുന്ന ഇടനിലക്കാർ, മറ്റ് ഓഹരിയുടമകൾ, സ്വകാര്യ പലിശയിടപാടുകാർ എന്നിവരിലേക്ക് മത്സ്യത്തൊഴിലാളികളെ ആകർഷിക്കുന്നത്. എന്നാൽ, ഇതിലൂടെ 160 ശതമാനം വരെ പലിശനിരക്കിൽ വായ്പ തിരിച്ചടക്കേണ്ട അവസ്ഥയാണുള്ളതെന്ന് പഠനം വെളിപ്പെടുത്തുന്നു. പിടിക്കുന്ന മത്സ്യത്തിന്റെ നിശ്ചിത ശതമാനം കമ്മീഷൻ വ്യവസ്ഥയിലാണ് വായ്പ തിരിച്ചടക്കുന്നത്. ഈ വ്യവസ്ഥയിൽ, കൂടുതൽ മീൻ ലഭിക്കുന്ന സാഹചര്യത്തിൽ കൂടുതൽ പലിശ നൽകണം.

സ്വകാര്യ പണമിടപാടുകാരിൽ വായ്പക്കായി ഏറ്റവും കൂടുതൽ മത്സ്യത്തൊഴിലാളികൾ ആശ്രയിക്കുന്നത് ഹാർബറുകളിൽ ലേലം നടത്തുന്ന ഇടനിലക്കാരെയാണ്.
പഠനവിധേയമാക്കിയവയിൽ 69 ശതമാനം യാനങ്ങളും മീൻപിടിത്തത്തിന് പുറപ്പെടുന്നത് ഇങ്ങനെയാണ്. ഈ ബോട്ടുകളിൽ പിടിക്കുന്ന മത്സ്യത്തിന്റെ വിലയുടെ അഞ്ച് മുതൽ 10 ശതമാനം വരെ കമ്മീഷൻ പലിശയായി ഈടാക്കിയതിന് ശേഷമുള്ള തുകയാണ് ലേലത്തിന് ശേഷം ഇടനിലക്കാർ മത്സ്യത്തൊഴിലാളികൾക്ക് നൽകുന്നത്. ഏകദേശം 60 ശതമാനം ബോട്ടുകൾക്ക് മത്സ്യഫെഡ് സൊസൈറ്റികൾ വായ്പ നൽകുന്നുണ്ട്. എന്നാൽ, മറ്റ് ഔദ്യോഗിക ധനകാര്യസ്ഥാപനങ്ങളിൽ നിന്ന് 20 ശതമാനത്തിൽ താഴെ മാത്രമാണ് വായ്പയെടുക്കുന്നതെന്നും പഠനത്തിൽ പറയുന്നു.

മത്സ്യമേഖലയിലെ സാമ്പത്തിക ചൂഷണം ചെറുക്കുന്നതിന് മത്സ്യലേല സമ്പ്രദായം പരിഷ്‌കരിക്കണമെന്ന് പഠനത്തിന് നേതൃത്വം നൽകിയ സി എം എഫ് ആർ ഐയിലെ സാമൂഹിക സാമ്പത്തിക വിഭാഗം സീനിയർ സയന്റിസ്റ്റ് ഡോ. ഷിനോജ് പാറപ്പുറത്ത് പറഞ്ഞു. ചൂഷണസ്വഭാവമുള്ള വായ്പാരീതികൾക്ക് തടയിടാൻ സർക്കാർ ഇടപെടണം. മത്സ്യത്തൊഴിലാളികളെ ഔദ്യോഗിക ധനകാര്യസ്ഥാപനങ്ങളിലേക്ക് ആകർഷിക്കുന്നതിനായി മത്സ്യബന്ധന യാനങ്ങളെ വായ്പാ ഈടായി പരിഗണിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണം. ഇതിനായി, വായ്പയെ ഇൻഷ്വറൻസുമായി ബന്ധിപ്പിക്കേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.

മത്സ്യമേഖലയിൽ ഇൻഷ്വറൻസ് പരിരക്ഷ ഒട്ടും കാര്യക്ഷമമല്ലെന്ന് നേരത്തെ സി എം എഫ് ആർ ഐ മറ്റൊരു പഠനത്തിലൂടെ വെളിപ്പെടുത്തിയിരുന്നു. സി എം എഫ് ആർ ഐയിലെ ഗവേഷകർക്കൊപ്പം ഒരു മത്സ്യത്തൊഴിലാളി കൂടി പങ്കാളിയായതും ഈ പഠനത്തെ ശ്രദ്ധേയമാക്കുന്നു. ആലപ്പുഴ ജില്ലയിലെ ആന്റണി സേവിയറാണ് പഠനത്തിന്റെ ഭാഗമായത്. ഈ പഠനത്തിന്റെ അടിസ്ഥാനത്തിൽ അന്താരാഷ്ട്ര ഗവേഷണ പ്രസിദ്ധീകരണമായ മറൈൻ പോളിസിയിൽ പ്രസിദ്ധീകരിച്ച പ്രബന്ധം തയ്യാറാക്കിയവരിൽ ഒരാൾ കൂടിയാണ് അദ്ദേഹം.

Latest