Connect with us

Kerala

കേരളത്തിന്റെ ദേശീയപാത വികസനം തടഞ്ഞ കേന്ദ്രത്തിനെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി

Published

|

Last Updated

തിരുവനന്തപുരം: സംസ്ഥാനത്തെ ദേശീയപാത വികസനം അട്ടിമറിക്കുന്നതിന് പിന്നില്‍ കേന്ദ്ര ഇടപടെലുകള്‍ തുറന്നുകാട്ടി മുഖ്യമന്ത്രി പിണറായി വിജയന്‍. ദേശീയപാത വികസനമെന്ന സംസ്ഥാനത്തിന്റെ ദീര്‍ഘകാല സ്വപ്‌നത്തിന്റെ ചിറകരിയുന്ന സമീപനമാണ് കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കുന്നത്. ഇതിന്റെ ഭാഗമായാണ് സംസ്ഥാനവുമായി ചര്‍ച്ച നടത്താതെ കേരളത്തിലെ ദേശീയപാത വികസന പ്രവൃത്തികള്‍ നിര്‍ത്തിവെക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചത്. എന്തിന് നിര്‍ത്തിവെക്കുന്നു എന്ന കാര്യത്തില്‍ ഒരു വിശദീകരണവും കേന്ദ്രം നല്‍കിയിട്ടില്ല. ഇത് സംസ്ഥാനത്തിന്റെ ഫെഡറല്‍ അവകാശവും വികസനവും തടയുന്ന ഒന്നാണിതെന്ന് മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. മന്ത്രിസഭാ യോഗത്തിന് ശേഷമായിരുന്നു മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനം.

തിരഞ്ഞെടുപ്പ് കഴിഞ്ഞ ശേഷമാണ് ദേശീയ പാത വികസന പദ്ധതി നിര്‍ത്തിവെക്കാന്‍ തീരുമാനിക്കുന്നത് എന്നതും ശ്രദ്ധേയമാണ്. കേന്ദ്രത്തിന്റെ നടപടി ഭരണഘടാനാ വിരുദ്ധമാണിത്. പുതിയ സാഹചര്യത്തില്‍ പാത വികസനം രണ്ട് വര്‍ഷത്തേക്ക് നിശ്ചലമാകുന്ന അവസ്ഥയാണുള്ളത്. നിക്ഷിപ്ത താത്പര്യക്കാര്‍ക്ക് ഒപ്പം നിന്ന് കേരളത്തിന്റെ വികസനം തടയാനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നത്. ദേശീയപാത വികസനം അട്ടിമറിക്കുന്നുായി ബന്ധപ്പെട്ട് ബി ജെ പി അധ്യക്ഷന്‍ ശ്രീധരന്‍പിള്ള കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിക്ക് അയച്ച കത്ത് പുറത്തുവന്നു. കേരളം തകരണമെന്ന ശ്രീധരന്‍പിള്ളയുടെ സാഡിസ്റ്റ് മനോഭവം ഇതിലൂടെ പുറത്തുവരുകയായിരുന്നു. പ്രളയത്തിന്റെ പേര് പറഞ്ഞ് ന്യായീകരിക്കാനാണ് അദ്ദേഹം ഇപ്പോള്‍ ശ്രമിക്കുന്നത്. ബി ജെ പി ഭരിക്കുന്ന സംസ്ഥാനങ്ങള്‍ക്ക് മാത്രമാണ് ദേശീയപാത വികസനത്തിന്റെ ഒന്നാംഘട്ടത്തില്‍ പരിഗണന ലഭിച്ചത്.

ദേശീയപത വികസനത്തില്‍ സംസ്ഥാനം ചെയ്യേണ്ടത് എല്ലാം ചെയ്തു. ഭൂമി ഏറ്റെടുക്കല്‍ വേഗത്തിലാക്കി. ഇനി രണ്ട് വര്‍ഷം കഴിഞ്ഞ് ഭൂമി ഏറ്റെടുക്കുമ്പോള്‍ ഭൂമി വില വീണ്ടും വര്‍ധിക്കും. ഇത് പദ്ധതി അനിശ്ചിതമായി വൈകും. അര്‍ഹതപ്പെട്ട ഒരു വിഹിതവും കേന്ദ്രം കേരളത്തിന് നല്‍കുന്നില്ല.

കേരളത്തിന്റെ എല്ലാ മുന്നേറ്റങ്ങളെയും തകര്‍ത്ത് അതുവഴി കേരളത്തെ തന്നെ തകര്‍ക്കാനാണുള്ള ആസൂത്രിത ശ്രമമാണ് ഇതിന് പിന്നിലുള്ളത്. പ്രളയകാലത്തും മറ്റും ഇത് കണ്ടതാണ്. കേരളത്തിന്റെ വികസനത്തില്‍ ഒരു പങ്കുമില്ലാത്ത സംഘ്പരിവാറാണ് നീക്കത്തിന് പിന്നില്‍. രാഷ്ട്രീയ ലാഭത്തിനായി സംഘ്പരിവാറിന്റെ ശ്രമങ്ങള്‍ക്ക് യു ഡി എഫും പിന്തുണ നല്‍കുന്നു. കേരളത്തിന്റെ വികസനം തകര്‍ക്കാര്‍ ശ്രമിക്കുന്നവരെ ജനങ്ങള്‍ തിരിച്ചറിയണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

 

Latest