Connect with us

Editorial

അവര്‍ നേടുന്നത് ലഹരിയുടെ പാഠങ്ങള്‍

Published

|

Last Updated

ഉന്നത പഠനം തേടി ഇതര സംസ്ഥാനങ്ങളിലെത്തുന്ന വിദ്യാര്‍ഥികളില്‍ നല്ലൊരു പങ്കും മാരകമായ മയക്കു മരുന്നിനടിമകളായാണ് തിരിച്ചെത്തുന്നതെന്ന് കഴിഞ്ഞ ദിവസം പൊള്ളാച്ചിയില്‍ നിന്ന് പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. പൊള്ളാച്ചി സേത്തുമടയില്‍ അനധികൃത റിസോര്‍ട്ടില്‍ അശ്ലീല നൃത്തം കാണാനും ലഹരി ഉപയോഗത്തിനുമായി വിദ്യാര്‍ഥികള്‍ ഒത്തുകൂടിയതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ പോലീസ് നടത്തിയ റെയ്ഡില്‍ പിടികൂടിയ 160 വിദ്യാര്‍ഥികളില്‍ 90 പേരും മലയാളികളായിരുന്നുവത്രെ. തമിഴ്‌നാട്ടിലെ വിവിധ സ്വകാര്യ കോളജുകളിലെ വിദ്യാര്‍ഥികളാണ് ഇവരില്‍ ഭൂരിഭാഗവും. ഇവരില്‍ നിന്ന് മൂന്ന് കിലോ കഞ്ചാവും ലഹരി ഗുളികകളും മദ്യവും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. ഹെറോയിന്‍ ഉള്‍പ്പെടെ വിലകൂടിയ ലഹരി മരുന്നുകളുമുണ്ട് കൂട്ടത്തില്‍. റിസോര്‍ട്ടില്‍ അശ്ലീല നൃത്തം ചെയ്ത സ്ത്രീകളും റിസോര്‍ട്ട് സ്ഥലത്തിന്റെ ഉടമയും കോയമ്പത്തൂര്‍ ജില്ലാ പോലീസ് മേധാവി സുജിത കുമാറിന്റെ നേതൃത്വത്തിലുള്ള സംഘത്തിന്റെ പിടിയിലായിട്ടുണ്ട്.

സേത്തുമട, അബ്രാംപാളയം, കിണത്തുകടവ്, ടോപ്പ്സ്ലീപ്, വാല്‍പ്പാറ, സര്‍ക്കാര്‍പതി തുടങ്ങി പൊള്ളാച്ചിയുടെ വിവിധ ഭാഗങ്ങളിലും പരിസര പ്രദേശങ്ങളിലുമായി നിരവധി അനധികൃത റിസോര്‍ട്ടുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. സാമൂഹിക മാധ്യമങ്ങളില്‍ ഗ്രൂപ്പുണ്ടാക്കി മാസത്തിലോ ആഴ്ചയിലോ ഒരു തവണ ഇവിടെ അശ്ലീല നൃത്തം സംഘടിപ്പിക്കുകയും ഇത് കാണാനെത്തുന്നവര്‍ക്ക് റിസോര്‍ട്ട് അധികൃതര്‍ ലഹരി എത്തിച്ചു കൊടുക്കുകയും ചെയ്യും.

കഴിഞ്ഞ ശനിയാഴ്ച ശക്തിമാന്‍ എന്ന പേരിലുള്ള 13 വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലുള്ളവരാണ് ലഹരി ഉപയോഗത്തിനായി സേത്തുമടയിലെ റിസോര്‍ട്ടില്‍ ഒത്തുചേര്‍ന്നത്. റിസോര്‍ട്ടില്‍ സ്‌റ്റേജും മൈക്കും കെട്ടി സംഘടിപ്പിച്ച അശ്ലീലനൃത്തം പരിസരവാസികള്‍ക്ക് ശല്യമായപ്പോള്‍ നാട്ടുകാര്‍ സംഘടിതരായെത്തി ബഹളം അവസാനിപ്പിക്കാന്‍ ആവശ്യപ്പെട്ടു. റിസോര്‍ട്ട് ഉടമയും ആഘോഷത്തിന് ഒരുമിച്ചു കൂടിയവരും അതിനു തയ്യാറായില്ല. തുടര്‍ന്ന് നാട്ടുകാര്‍ പോലീസില്‍ പരാതിപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് പോലീസ് സ്ഥലത്തെത്തി നടപടി സ്വീകരിച്ചത്. ആഡംബര കാറുകളിലും ബൈക്കുകളിലുമായിരുന്നു മിക്കവരും റിസോര്‍ട്ടില്‍ എത്തിയത്. കോയമ്പത്തൂരില്‍ അനുമതിയില്ലാതെ പ്രവര്‍ത്തിക്കുന്ന എല്ലാ റിസോര്‍ട്ടുകളും പൂട്ടാന്‍ ജില്ലാ കലക്ടര്‍ കെ രാജാമണി ഉത്തരവിറക്കിയിട്ടുണ്ട്.

ലഹരി വിപണി വിപുലപ്പെടുത്തുന്നതിന്റെ ഭാഗമായി കേരളമുള്‍പ്പെടെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന വിദ്യാര്‍ഥികളെ വലവീശിപ്പിടിക്കുന്ന ലഹരി മാഫിയാ സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട് അയല്‍ സംസ്ഥാനങ്ങളില്‍. ഇവരുടെ വലയില്‍ അകപ്പെട്ട് നിരവധി മലയാളി വിദ്യാര്‍ഥികള്‍ ലഹരിക്കടിപ്പെടുന്നുവെന്ന് മാത്രമല്ല, ലഹരി കടത്തു സംഘത്തിലെ കണ്ണികളായി മാറുകയും ചെയ്യുന്നു. കേരളത്തിലേക്ക് ലഹരി ഉത്പന്നങ്ങള്‍ കടത്തുന്ന വന്‍സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട് തമിഴ്‌നാട്ടിലും ബംഗളൂരുവിലും. മലയാളി വിദ്യാര്‍ഥികളാണ് ഇവരുടെ കാരിയര്‍മാരില്‍ നല്ലൊരു പങ്കും. ബംഗളൂരുവില്‍ നിന്ന് കേരളത്തിലേക്ക് ലഹരി കടത്തുന്നതായി വിവരം ലഭിച്ചതിനെ തുടര്‍ന്ന് മാര്‍ച്ച് അവസാനത്തില്‍ പാലക്കാട് എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡ് കഞ്ചിക്കോട് ദേശീയപാതയില്‍ നടത്തിയ പരിശോധനയില്‍ വലയിലായ മൂന്ന് പേരും വിദ്യാര്‍ഥികളായിരുന്നു. 480 മില്ലിഗ്രാം ലഹരി മരുന്നും 200 ഗ്രാം കഞ്ചാവുമായി ആലപ്പുഴ ചേര്‍ത്തല സ്വദേശി രാഹുലും 1.800 കിലോ കഞ്ചാവുമായി വാളയാര്‍ സ്വദേശികളായ അനീഷ്, അബ്ദുല്‍ കലാം എന്നീ വിദ്യാര്‍ഥികളുമാണ് പിടിയിലായത്.

ഉന്നത വിദ്യാഭ്യാസ മേഖലയില്‍, പ്രത്യേകിച്ചും പ്രൊഫഷനല്‍ കോഴ്‌സുകളില്‍ കേരളത്തില്‍ ആവശ്യമായ സീറ്റില്ലാത്തതിനെ തുടര്‍ന്നാണ് മലയാളി വിദ്യാര്‍ഥികള്‍ ഇതര സംസ്ഥാനങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളെ ആശ്രയിക്കാന്‍ നിര്‍ബന്ധിതരാകുന്നത്. കുട്ടികള്‍ ഉന്നത വിദ്യാഭ്യാസം നേടി കുടുംബത്തിന് താങ്ങും തണലുമാകണമെന്നാഗ്രഹിച്ചാണ് രക്ഷിതാക്കള്‍ അവരെ വന്‍തുക ചെലവാക്കി അത്തരം സ്ഥാപനങ്ങളിലേക്ക് അയക്കുന്നത്. എന്നാല്‍ കേരളീയ വിദ്യാര്‍ഥികള്‍ അവിടെ റാഗിംഗിനും കൈയേറ്റങ്ങള്‍ക്കും ശാരീരിക, മാനസിക പീഡനങ്ങള്‍ക്കും വിധേയരാകുന്നതിനു പുറമെ ലഹരി മാഫിയയുടെ ചൂഷണത്തിന് വിധേയമാകുക കൂടി ചെയ്യുമ്പോള്‍, ധര്‍മ ബോധവും സദ്ചിന്തകളും നഷ്ടപ്പെട്ട് കുടുംബത്തിനും സമൂഹത്തിനും ഭാരമായാണ് അവര്‍ തിരിച്ചെത്തുന്നത്. ഇതൊരു വലിയ സാംസ്‌കാരിക ദുരന്തമാണ്.

കുട്ടികളെ വിദ്യാഭ്യാസത്തിന് അയച്ചതു കൊണ്ടു മാത്രം രക്ഷിതാക്കളുടെ ഉത്തരവാദിത്തം അവസാനിക്കുന്നില്ല. കുടുംബത്തിനും സമൂഹത്തിനും ഉപകാരപ്പെടണമെങ്കില്‍ വീടിനു പുറത്തെ കുട്ടികളുടെ ജീവിത രീതിയും കൂട്ടുകെട്ടും വിദ്യാഭ്യാസാവശ്യത്തിനായി നല്‍കുന്ന പണം അവര്‍ എങ്ങനെ ചെലവഴിക്കുന്നുവെന്നും ശ്രദ്ധിക്കേണ്ടതുണ്ട്. പഠനം നാട്ടിലാകുമ്പോള്‍ ഇക്കാര്യങ്ങള്‍ കുറേയൊക്കെ വീക്ഷിക്കാനും അന്വേഷിച്ചറിയാനും സാധിച്ചേക്കാം.

അന്യസംസ്ഥാനങ്ങളിലാകുമ്പോള്‍ അത് സാധിച്ചെന്നു വരില്ല. അയല്‍ സംസ്ഥാനങ്ങളിലെ മിക്ക സ്വാശ്രയ കോളജുകളും കേവല കച്ചവട സ്ഥാപനങ്ങള്‍ മാത്രമാണ്. പ്രവേശനത്തിന് എത്തുന്നവരില്‍ നിന്ന് ഉയര്‍ന്ന ഡോണേഷനും ഫീസും വാങ്ങി തങ്ങളുടെ ബേങ്ക് ബാലന്‍സ് വര്‍ധിപ്പിക്കുന്നതിലുപരി വിദ്യാര്‍ഥികളുടെ അച്ചടക്കത്തിലോ നല്ല വളര്‍ച്ചയിലോ അവര്‍ക്ക് ഒട്ടും ശ്രദ്ധയില്ല. ലഹരി, പെണ്‍വാണിഭ മാഫിയകളുമായി ബന്ധമുള്ളവരാണ് അവിടുത്തെ ചില വിദ്യാഭ്യാസ സ്ഥാപന നടത്തിപ്പുകാരെന്നതിനാല്‍ സ്ഥാപന അധികൃതര്‍ തന്നെ ഈ ലക്ഷ്യത്തില്‍ വിദ്യാര്‍ഥികളെ ചൂഷണം ചെയ്യാറുമുണ്ട്. സമ്പന്നരായ രക്ഷിതാക്കള്‍ പുറത്തു പഠിക്കാന്‍ പോകുന്ന മക്കള്‍ക്ക് ഇഷ്ടം പോലെ പണം നല്‍കുമ്പോള്‍ അവര്‍ വഴിതെറ്റാനുള്ള സാധ്യത വര്‍ധിക്കുകയും ചെയ്യുന്നു. പൊള്ളാച്ചി സേത്തുമട വാര്‍ത്ത രക്ഷിതാക്കള്‍ക്കും സമൂഹത്തിനും ഒരു പാഠമാകട്ടെ.

Latest