Connect with us

Articles

പെണ്‍കുട്ടികളിനിയും ആസിഡില്‍ ചുട്ടുപൊള്ളരുത്‌

Published

|

Last Updated

സ്ത്രീകള്‍ക്കെതിരെ നടക്കുന്ന കുറ്റകൃത്യങ്ങളില്‍ ഏറ്റവും ക്രൂരമായതാണ് ആസിഡ് ആക്രമണം. ലോകത്തേറ്റവും കൂടുതല്‍ ആസിഡ് ആക്രമണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന ഏഷ്യന്‍ രാജ്യങ്ങളില്‍ പാക്കിസ്ഥാന്‍, ബംഗ്ലാദേശ്, കംബോഡിയ എന്നീ രാജ്യങ്ങള്‍ക്കൊപ്പം ഇന്ത്യയുമുണ്ട്. ഇക്കൂട്ടത്തില്‍ ഏറ്റവും കൂടുതല്‍ ആസിഡ് ആക്രമണങ്ങള്‍ ഇന്ത്യയിലാണെന്നും കണക്കുകള്‍ പറയുന്നു.

സ്ത്രീകള്‍ക്കെതിരെ സംഘടിതമായ ആക്രമണങ്ങള്‍ നടക്കുന്ന രാജ്യങ്ങളിലും ഇന്ത്യ മുന്നിലാണ്. ഉത്തരേന്ത്യയിലെ ഖാപ്പ് പഞ്ചായത്തുകളില്‍ ഏറെയും കടുത്ത സ്ത്രീ വിരുദ്ധത വെച്ച് പുലര്‍ത്തുന്നവയാണ്. കുടുംബത്തിലെ പുരുഷന്മാര്‍ ചെയ്യുന്ന കുറ്റങ്ങള്‍ക്ക് പോലും സ്ത്രീകളെ കൂട്ടമാനഭംഗത്തിന് വിധേയമാക്കാന്‍ വിധിക്കുന്ന സംഭവങ്ങള്‍ ഈ അടുത്ത കാലം വരെ വ്യാപകമായിരുന്നു. ഇപ്പോഴും ഒറ്റപ്പെട്ട സംഭവങ്ങളായി ഈ പൈശാചികത റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. പുരുഷന്റെ അധികാര പരിധിയിലുള്ള ഒരു ചരക്ക് വസ്തു എന്നതില്‍ കവിഞ്ഞ് സ്ത്രീക്ക് മറ്റെന്തെങ്കിലും സ്ഥാനം കല്‍പ്പിച്ചു കൊടുക്കാത്ത ഇത്തരം ആചാരങ്ങള്‍ അവള്‍ക്ക് മാത്രമാണ് നഷ്ടപ്പെടാന്‍ എന്തൊക്കെയോ ഉള്ളതെന്നും കരുതുന്നു. മാനഭംഗ സംസ്‌കാരം വ്യാപകമായ ഉത്തര്‍പ്രദേശ്, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളില്‍ തന്നെയാണ് സ്ത്രീകള്‍ക്കെതിരെ ആസിഡ് ആക്രമണങ്ങളും കൂടുതലായി നടക്കുന്നത്.

ഇന്ത്യയില്‍ പ്രതിവര്‍ഷം 250 മുതല്‍ 300 കേസുകള്‍ വരെ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതായി ദേശീയ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോയുടെ കണക്കുകള്‍ പറയുന്നു. എന്നാല്‍ യാഥാര്‍ഥ കണക്കുകള്‍ ഇതിന്റെ നാലിരട്ടി എങ്കിലുമാണെന്ന് ആസിഡ് ആക്രമണങ്ങള്‍ക്കെതിരില്‍ പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടനകള്‍ സാക്ഷ്യപ്പെടുത്തുന്നു. ഇത് 2015ലെ കണക്കുകള്‍ മുന്‍നിര്‍ത്തിയുള്ള നിരീക്ഷണമാണ്. 2015ല്‍ നിന്ന് 2019ല്‍ എത്തുമ്പോഴും സ്ത്രീ സുരക്ഷയെ പറ്റിയുള്ള പ്രബന്ധങ്ങളും പ്രസംഗങ്ങളും കൂടിയെന്നല്ലാതെ സ്ത്രീകളുടെ സുരക്ഷിതത്വത്തിനു മാറ്റമൊന്നുമില്ല. കത്വായിലെയും ഉന്നാവോയിലേതുമടക്കം കൂടുതല്‍ ഭീതിതമായ കുറ്റകൃത്യങ്ങള്‍ ഇവിടെ നടക്കുന്നു എന്നതാണ് വസ്തുത.

ഇന്ത്യയില്‍ നടക്കുന്ന ആസിഡ് ആക്രമണങ്ങളില്‍ 90 ശതമാനം കേസുകളും പ്രണയാഭ്യര്‍ഥന നിരസിച്ചതിന്റെ, ജാതി മാറി പ്രണയിച്ചതിന്റെ, സ്ത്രീധനം കുറഞ്ഞുപോയതിന്റെ ഒക്കെയാണ്. സാധാരണ ആക്രമണത്തിന് ഇരയാകുന്നത് 14നും 35നുമിടയിലുള്ള സ്ത്രീകളാണ്. അക്രമികളുടെ പ്രേരണയായി കാണപ്പെടുന്നത് ദുരഭിമാനമാണ്. എപ്പോഴും വ്രണപ്പെടാന്‍ പാടില്ലാത്ത അഭിമാനം ആണിന്റെതാണ്. ഒരു സ്ത്രീ പ്രണയാഭ്യര്‍ഥന നിരസിക്കുമ്പോഴേക്കും, വിവാഹാഭ്യര്‍ഥനക്ക് മറുപടിയായി താത്പര്യമില്ലെന്ന് പറയുമ്പോഴേക്കും അഭിമാന ക്ഷതമുണ്ടായതായി കണക്കാക്കുകയാണ് അക്രമികള്‍ ചെയ്യുന്നത്. ഒരു സ്ത്രീയുടെ സ്വതന്ത്രമായ തിരഞ്ഞെടുപ്പിനെയോ തീരുമാനത്തെയോ ഉള്‍ക്കൊള്ളാന്‍ കഴിയാത്ത ആണധികാര മാനസികാവസ്ഥയുടെ കൊടും ക്രൂരമായ പരിണിതിയാണ് ഇത്തരം ആക്രമണങ്ങള്‍.
ആസിഡ് വാങ്ങിയതു മുതല്‍ അത് സൂക്ഷിക്കുമ്പോഴും പ്രയോഗിക്കാന്‍ അവസരം പാര്‍ത്ത് കൊണ്ടുനടക്കുമ്പോഴുമെല്ലാം അത് പ്രയോഗിക്കുമ്പോഴുള്ളതു പോലെ അതിഭീകരമായ ഒരു മനോ നിലയാണ് അക്രമികളിലുള്ളത്. ആക്രമണത്തിനായി ആസിഡ് തിരഞ്ഞെടുക്കുന്ന അക്രമി ഇരയില്‍ ഇതുണ്ടാക്കുന്ന ആഘാതത്തെ പറ്റി പൂര്‍ണമായും ബോധവാനായിരുന്നു എന്നാണ് മുഴുവന്‍ കേസുകളിലെയും സ്ഥിതി. അതായത് വെറുതെ വേദനിപ്പിക്കുക മാത്രമല്ല, ശരീരം വികൃതമാക്കുക കൂടിയാണ് ലക്ഷ്യം; പ്രത്യേകിച്ചും മുഖം. മുഖത്തിന്റെ രൂപം കെടുത്തി മറ്റൊരു വിവാഹം, ലൈംഗിക ജീവിതം എന്നിങ്ങനെയുള്ള സാധ്യതകളെയെല്ലാം റദ്ദു ചെയ്യുകയാണ് ഓരോ പ്രതിയുടെയും ഉദ്ദേശ്യം. തനിക്ക് വഴങ്ങാത്ത പെണ്ണിന് മറ്റൊരു ജീവിത സാധ്യത തന്നെ നിഷേധിക്കുകയാണ് അവരുടെ ലക്ഷ്യം.

മുഖം വികൃതമാകുന്നതോടെ വ്യക്തി ജീവിതത്തില്‍ നിന്ന് തന്നെ മറഞ്ഞിരിക്കാന്‍ നിര്‍ബന്ധിതരാകുന്ന ഇരകള്‍ക്ക് സാമൂഹിക ജീവിതത്തെ പറ്റി എങ്ങനെ ആലോചിക്കാനാണ്. ആക്രമണത്തിനിരയായവരുടെയും അവരുടെ ഉറ്റവരുടെയും ജീവിതം അതോടെ തീര്‍ത്തും ദുസ്സഹമാകും. വേദനയുടെ ഉഷ്ണം വര്‍ഷങ്ങളോളം ഇവരെ വിട്ടുപോകുന്നില്ല. ചികിത്സകളും അവസാനിക്കില്ല. അതും ലക്ഷക്കണക്കിന് രൂപയുടെ സര്‍ജറികളും തുടര്‍ ചികിത്സകളും.

ആക്രമണത്തിന് ഇരയായവരാരും പിന്നീടൊരിക്കലും സാധാരണ ജീവിതത്തിലേക്ക് മടങ്ങി വരില്ല. ഒന്നും പഴയതു പോലെയാകില്ലെങ്കിലും ചെറിയ രൂപത്തിലെങ്കിലും ജീവിതത്തിലേക്ക് അവരെ കൊണ്ടുവരുന്നതിന് അഞ്ച് മുതല്‍ പത്ത് വര്‍ഷം വരെ നീണ്ട ചികിത്സകള്‍ വേണ്ടിവരും. ഇതില്‍ എണ്ണമറ്റ സര്‍ജറികളും കൗണ്‍സിലിംഗുകളും ഉണ്ടാകും. എന്നിട്ടും ശരീരവും മനസ്സും പാകപ്പെട്ട് സമൂഹത്തിലേക്ക് തിരിച്ചുവരുന്നവര്‍ വളരെ കുറച്ചു മാത്രമാണ്. അങ്ങനെ വരുന്ന/വന്ന വളരെ കുറച്ചുപേരുടെ കഥകള്‍ മാത്രമാണ് നമുക്ക് പരിചയം. ആക്രമണത്തിന് ശേഷം മനോനില പൂര്‍ണമായും തകര്‍ന്ന, പേടികൊണ്ട് ഇപ്പോഴും വെളിച്ചത്തേക്ക് വരാനാകാത്ത, ചികിത്സിക്കാന്‍ പണമില്ലാത്തതിനാല്‍ വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും വേവു മാറാത്ത മുറിപ്പാടുകളുമായി വേദന തിന്നുന്ന എത്രയോ ആളുകള്‍ വേറെയുണ്ട്.

വ്യക്തി എന്ന നിലക്കും സാമൂഹികമായും ഇല്ലായ്മ ചെയ്യപ്പെടുന്ന എന്നാല്‍ ജീവനുണ്ടായതിന്റെ പേരില്‍ ചികിത്സക്കുള്ള പണം പോലും നഷ്ടപരിഹാരമായി ലഭിക്കാത്ത സ്ഥിതിയാണ് നിലവിലെ നിയമം വെച്ചു നീട്ടുന്നത്. നഷ്ടപരിഹാരം എന്തു നല്‍കണമെന്നതിനെ പറ്റി സര്‍ക്കാറുകള്‍ക്ക് ഇപ്പോഴും ധാരണയായിട്ടില്ല. ഡല്‍ഹിയിലെ അനു മുഖര്‍ജി എന്ന ആസിഡ് ആക്രമണത്തിന്റെ ഇരക്ക് ഈ കഴിഞ്ഞ പത്ത് വര്‍ഷത്തിനിടക്ക് 21 സര്‍ജറികളാണ് കഴിഞ്ഞത്. ആകെ ചെലവായത് ഏകദേശം 30 ലക്ഷം രൂപ. സര്‍ക്കാര്‍ നല്‍കിയത് മൂന്ന് ലക്ഷം മാത്രം. അതായത് ചികിത്സാ ചെലവിന്റെ പത്തിലൊന്ന് മാത്രം. ജീവിച്ചിരിക്കുന്ന ഒരാള്‍ക്ക് ഇത്രയൊക്കെയേ സര്‍ക്കാറിന് ചെയ്യാന്‍ കഴിയുകയുള്ളൂ എന്ന് അവരോട് സര്‍ക്കാര്‍ വിശദീകരണവും നല്‍കി.

തുടര്‍ച്ചയായ പ്രക്ഷോഭങ്ങളുടെയും ആവശ്യങ്ങളുടെയും ഫലമെന്നോണം 2017ലെ നിയമമനുസരിച്ച് ആസിഡ് ആക്രമണത്തിന്റെ ഇരകള്‍ അംഗവൈകല്യമുള്ളവരുടെ പട്ടികയില്‍ ചേര്‍ക്കപ്പെട്ടിട്ടുണ്ട്. എന്നാല്‍, ഇവരെ ഇങ്ങനെയൊരു വിഭാഗത്തില്‍ പെടുത്തി പരിഗണിച്ചതുകൊണ്ടായില്ല എന്നതാണ് വസ്തുത. കാരണം, കാഴ്ച ശക്തി, കേള്‍വി ശക്തി, സ്പര്‍ശന ശക്തി തുടങ്ങിയ ഇന്ദ്രിയങ്ങളുടെ ശേഷി നഷ്ടമാകുന്നതിനു പുറമെ, കുഷ്ഠം, സെറിബ്രല്‍ പ്ലാസി, പേശികളുടെ നാശത്തിനു കാരണമായേക്കാവുന്ന മസ്‌കുലാര്‍ ഡിസ്‌ട്രോഫി തുടങ്ങിയ അനേകം രോഗങ്ങള്‍ ആസിഡ് ആക്രമണത്തിന് ഇരയായവരില്‍ പൊതുവായി കാണപ്പെടുന്നതായി വൈദ്യരംഗം ചൂണ്ടിക്കാണിക്കുന്നു.
നഷ്ടപരിഹാരത്തിനൊപ്പം സര്‍ക്കാര്‍ ജോലി കൂടി ഉറപ്പു വരുത്തുന്ന ഈ നിയമത്തിനു സാങ്കേതികമായ തടസ്സങ്ങള്‍ ഇനിയുമേറെയാണ്. അപകടത്തിന് ശേഷം വ്യക്തിക്ക് സംഭവിച്ചേക്കാവുന്ന മാനസിക നിലയിലെ പ്രശ്‌നം തുടങ്ങി, ശാരീരികക്ഷമതയുടെ അഭാവം അടക്കം, തൊഴിലെടുക്കാനുള്ള വൈദഗ്ധ്യത്തിന്റെ അഭാവം വരെ ഇവിടെ പ്രശ്‌നമാണ്. ഇരകളുടെ വിദ്യാഭ്യാസ യോഗ്യത, അതിനനുസരിച്ചുള്ള തൊഴില്‍, കമ്പ്യൂട്ടര്‍ പരിജ്ഞാനം പോലുള്ള തൊഴിലിനു വേണ്ടി കൊടുത്ത നിബന്ധനയുടെ സാധ്യത എന്നിങ്ങനെ ഇപ്പോഴുള്ള ഈ വിജ്ഞാപനത്തില്‍ അവ്യക്തതകള്‍ ഏറെയാണ്.

ആസിഡ് ആക്രമണങ്ങള്‍ ഇല്ലായ്മ ചെയ്യാന്‍ കര്‍ശനമായ നിയമങ്ങള്‍ ആവിഷ്‌കരിച്ചു നടപ്പാക്കുകയേ മാര്‍ഗമുള്ളൂ. പ്രമാദമായ ഡല്‍ഹി കൂട്ടമാനഭംഗത്തിന് ശേഷം സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ തടയുന്നതിനുള്ള മാര്‍ഗങ്ങളെ പറ്റി പഠിക്കാന്‍ നിയോഗിക്കപ്പെട്ട ജസ്റ്റിസ് ജെ എസ് വര്‍മയുടെ നിര്‍ദേശവും, കേട്ടാല്‍ പേടി തോന്നുന്ന നിയമം നടപ്പാക്കുക എന്നത് തന്നെയായിരുന്നു. തുടര്‍ന്ന് ഇന്ത്യന്‍ പീനല്‍ കോഡ് 326(എ), (ബി) വകുപ്പുകള്‍ ഭേദഗതി ചെയ്യപ്പെടുകയുണ്ടായി. പത്ത് വര്‍ഷം കഠിന തടവും, ജാമ്യമില്ലാ വകുപ്പുമായി ഇത് മാറി. പിഴയായി ചുമത്തുന്ന തുക ഇരക്ക് നല്‍കണമെന്നും ഈ വകുപ്പ് പറയുന്നു.

മാരകമായ ആയുധങ്ങള്‍ ഉപയോഗിച്ച് ഒരാളെ അപായപ്പെടുത്താന്‍ ശ്രമിച്ചാല്‍ ഒരാള്‍ക്ക് ലഭിക്കുന്ന ശിക്ഷയാണിത്. ആസിഡ് ആക്രമണങ്ങള്‍ കാര്യമായും ഈ വകുപ്പിന് കീഴിലാണ് ഫയല്‍ ചെയ്തു വരുന്നത്. എന്നാല്‍, നിയമങ്ങള്‍ കര്‍ശനമാകുന്നുണ്ടെന്ന് പറഞ്ഞാലും വളരെ കുറഞ്ഞ കേസുകളേ നിയമത്തിനു മുന്നില്‍ വരുന്നുള്ളൂ എന്നതാണ് യാഥാര്‍ഥ്യം. അതും കുടുംബക്കാര്‍ തന്നെയാണ് കുറ്റവാളികളെങ്കില്‍ ഇരകള്‍ എങ്ങോട്ട് പോകാനാണ്?
2013ല്‍ പ്രാബല്യത്തില്‍ വന്ന ഈ നിയമത്തിന് കാതലായ ഒരു മാറ്റവും ഉണ്ടാക്കാന്‍ സാധിച്ചില്ല. ആ വര്‍ഷം 89 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തതെങ്കില്‍ 2015 ആകുമ്പോഴേക്കും ഇത് 300 കേസുകള്‍ എന്ന തോതിലേക്കുയര്‍ന്നു. ആസിഡ് വില്‍പന നിയന്ത്രിക്കുകയാണ് വേണ്ട അനിവാര്യമായ മറ്റൊരു നടപടിയെന്ന് ആവശ്യങ്ങളുയര്‍ന്നു. 2005ല്‍ ആസിഡ് ആക്രമണത്തിന് ഇരയായ ലക്ഷ്മി അഗര്‍വാള്‍ ആരംഭിച്ച ക്യാമ്പയിന്‍ ഏറെ ശ്രദ്ധിക്കപ്പെട്ടു. ആസിഡ് വില്‍പനക്ക് ഇന്ത്യയില്‍ ഏറെ നിയന്ത്രണങ്ങള്‍ നേരത്തെ ഉണ്ടായിരുന്നെങ്കിലും അതൊന്നും തന്നെ പ്രാബല്യത്തിലില്ലായിരുന്നു. ആസിഡ് അങ്ങനെ എല്ലായിടത്തും എപ്പോഴും വില്‍ക്കാന്‍ പറ്റുന്ന വസ്തുവല്ല.

മതിയായ ലൈസന്‍സ് ഇല്ലാതെയാണ് ആസിഡ് വില്‍പന നടത്തുന്നതെങ്കില്‍ 50,000 രൂപയാണ് പിഴ. ഈ നിയമങ്ങളൊന്നും ഇപ്പോഴും പാലിക്കപ്പെടുന്നില്ല എന്നതാണ് വസ്തുത. ടോയ്ലറ്റ് ക്ലീനറിന്റെ രൂപത്തില്‍ മുതല്‍ പലവിധം ആസിഡുകള്‍ ഇന്ന് ധാരാളമായി വിപണിയില്‍ ലഭ്യമാണ്. ലിറ്ററിന് 30 രൂപ മുതല്‍ കുറഞ്ഞ തുക കൊടുത്ത് ആര്‍ക്കും നല്ല വീര്യവും ഗാഢതയുമുള്ള ആസിഡ് വാങ്ങാം എന്നതാണ് നിലവിലെ സ്ഥിതി.

നിയമ പരിപാലനം കര്‍ശനമെങ്കില്‍ ആസിഡ് ആക്രമണങ്ങളടക്കം സ്ത്രീകള്‍ക്കെതിരെയുള്ള എല്ലാ അതിക്രമങ്ങളും ഫലപ്രദമായി നിയന്ത്രിക്കാനാകുമെന്നാണ് ബംഗ്ലാദേശ് നല്‍കുന്ന പാഠം. ഇവിടുത്തേതിനേക്കാള്‍ കൂടുതല്‍ ആസിഡ് ആക്രമണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്ന രാജ്യമാണ് ബംഗ്ലാദേശ്. കഴിഞ്ഞ അഞ്ച് വര്‍ഷം കൊണ്ട് രാജ്യാന്തര തലത്തില്‍ തന്നെ പ്രശംസിക്കപ്പെടുന്ന രീതിയിലാണ് ആസിഡ് ആക്രമണങ്ങളെ ബംഗ്ലാദേശ് നിയന്ത്രിച്ചത്. കര്‍ശനമായ നിയമങ്ങള്‍ ആസിഡ് വില്‍പനയുടെ മേഖലയില്‍ നടപ്പാക്കുകയാണ് ചെയ്തത്. ഒരു വ്യാപാരി ആസിഡ് വ്യാപാര ആവശ്യത്തിനായി എടുക്കുന്നതു മുതല്‍ അതിന്റെ സ്റ്റോക്കും ക്രയവിക്രയ വിവരങ്ങളും കൃത്യമായി ബന്ധപ്പെട്ട സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് കൈമാറണം എന്നാണ് നിയമം. ആസിഡ് ആക്രമണമുണ്ടായാല്‍ 30 ദിവസത്തിനകം കേസന്വേഷണം പൂര്‍ത്തിയാക്കി പ്രതിയെ അറസ്റ്റ് ചെയ്യണം. അന്വേഷണം വൈകുന്നെങ്കില്‍ മജിസ്ട്രേറ്റ് മുമ്പാകെ വിശദീകരണം നല്‍കിയാല്‍ 15 ദിവസം കൂടി അധികം ലഭിക്കും. കേസന്വേഷണത്തില്‍ ഏതെങ്കിലും തരത്തില്‍ വീഴ്ച വരുത്തിയെന്ന് കണ്ടാല്‍ ഉദ്യോഗസ്ഥനെ പ്രതി ചേര്‍ക്കുന്നതടക്കം കര്‍ശന നടപടികളെടുക്കും. ഇങ്ങനെ പോകുന്നു ബംഗ്ലാദേശിലെ നിയമങ്ങള്‍. ഇതോടെ, സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങളില്‍ തന്നെ മൊത്തത്തില്‍ നല്ല കുറവുണ്ടായതായി കാണുന്നു. ഇക്കാര്യത്തില്‍ നമ്മുടെ അയല്‍ രാജ്യമായ ബംഗ്ലാദേശ് നല്ല മാതൃകയാണ്.

മുഖം വികൃതമാക്കി തോല്‍പിച്ചുകളയാമെന്ന് കരുതുന്ന ആണധികാരത്തിന്റെ പൈശാചിക പ്രേരണയെ നിരന്തരമായ പോരാട്ടത്തിലൂടെ അതിജയിച്ച ജീവിതങ്ങളാണ് ഡല്‍ഹിയിലെ ലക്ഷ്മി അഗര്‍വാളിന്റെയും മുംബൈയിലെ അന്‍മോള്‍ റോഡ്രിഗസിന്റെയും. 15 വയസ്സുള്ളപ്പോള്‍ തന്നെക്കാള്‍ രണ്ടിരട്ടി പ്രായമുണ്ടായിരുന്ന ഒരാളുടെ പ്രണയാഭ്യര്‍ഥന നിരസിച്ചതിനാണ് ലക്ഷ്മി ആസിഡ് ആക്രമണത്തിനിരയാകുന്നത്. പിന്നീട് ആസിഡ് ആക്രമണങ്ങള്‍ക്കെതിരെ ഏറ്റവും ഉറക്കെ കേള്‍ക്കുന്ന ശബ്ദമായി മാറി ലക്ഷ്മിയുടേത്. അവരുടെ ശ്രമങ്ങള്‍ക്ക് നിരവധി രാജ്യാന്തര പുരസ്‌കാരങ്ങളും തേടിയെത്തി. രണ്ട് മാസം മാത്രം പ്രായമുള്ളപ്പോള്‍ സ്വന്തം പിതാവാണ് അന്‍മോളെ ആസിഡ് ഒഴിച്ച് പൊള്ളിച്ചത്. പെണ്ണായി പിറന്നതായിരുന്നു കുറ്റം. പെണ്‍കുഞ്ഞിന് ജന്മം നല്‍കിയതിന്റെ പേരില്‍ ഇതേ ശിക്ഷക്ക് വിധിക്കപ്പെട്ട അവളുടെ അമ്മ അന്ന് മരിച്ചുപോയി. അന്‍മോള്‍ ഇപ്പോള്‍ ഒരു ഫാഷന്‍ മോഡലാണ്. തൊലിപ്പുറത്താണ് സൗന്ദര്യമെന്ന് വ്യാഖ്യാനിക്കുന്ന എല്ലാ സങ്കല്‍പങ്ങളെയും ഘടനകളെയും തകര്‍ക്കുകയാണ് അന്‍മോള്‍. എന്റെ മുഖമേ വികൃതമായൊള്ളൂ, മനസ്സും കഠിനാധ്വാനം ചെയ്യാനുള്ള ധൈര്യവും ഇപ്പോഴും കൂടുതല്‍ ഭംഗിയോടെയുണ്ടെന്ന് അന്‍മോള്‍ പറയുന്നു. സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ ഇല്ലാതാക്കുന്നതോടൊപ്പം ഇരയായവരെ ഒറ്റപ്പെടുത്താതെ മുഖ്യധാരയിലേക്ക് കൊണ്ടുവരാനും നമുക്ക് കഴിയണം.

sumayyaramlas@gmail.com