Connect with us

National

വിവിപാറ്റ്: 21 പ്രതിപക്ഷ പാര്‍ട്ടികളുടെ പുനഃപരിശോധനാ ഹരജി സുപ്രീംകോടതി തള്ളി

Published

|

Last Updated

ന്യൂഡല്‍ഹി: 50 ശതമാനം വിവിപാറ്റുകള്‍ എണ്ണണമെന്ന് ആവശ്യപ്പെട്ട് രാജ്യത്തെ 21 പ്രതിപക്ഷ പാര്‍ട്ടികള്‍ നല്‍കിയ പുനഃപരിശോധനാ ഹരജി സുപ്രീം കോടതി തള്ളി. ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട പോളിംഗുകളില്‍ അടക്കമുള്ള തകരാറുകളും ക്രമക്കേടുകളും ചൂണ്ടിക്കാട്ടി നല്‍കിയ ഹരജികളാണ് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ ബഞ്ച് തള്ളിയത്. ഒരു നിയമസഭാ മണ്ഡലത്തിലെ അഞ്ച് ശതമാനം വിവിപാറ്റ് രസീത് എണ്ണിയാല്‍ മതിയെന്ന ആദ്യ ഉത്തരവ് പരിശോധിക്കേണ്ട സാഹചര്യം നിലവിലില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. എല്ലാ വാദങ്ങളും കേട്ടശേഷമാണ് ആദ്യഘട്ടത്തില്‍ വിധി പുറപ്പെടുവിച്ചത്. ഇതില്‍ കൂടുതല്‍ പരിശോധന ഇപ്പോള്‍ ആവശ്യമില്ലെന്നും കോടതി പറഞ്ഞു.

പുനപ്പരിശോധ ഹരജിയില്‍ കാര്യമായ വാദങ്ങള്‍ കേള്‍ക്കുക പോലും ചെയ്യാതെയാണ് കോടതി പുനപ്പരിശോധന ഹരജി തള്ളിയത്.

നേരത്തേ സമാനമായ ഹരജി സുപ്രീംകോടതിക്ക് മുമ്പാകെ വന്നപ്പോള്‍, വിവി പാറ്റ് രസീതുകള്‍ എണ്ണാന്‍ വലിയ സമയം വേണ്ടിവരുമെന്നും ഫലപ്രഖ്യാപനം ദിവസങ്ങള്‍ നീളുമെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ കോടതിയെ അറിയിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് ഒരു നിയമസഭാ മണ്ഡലത്തിലെ അഞ്ച് വിവിപാറ്റ് മെഷീനുകള്‍ എടുത്ത് അതിലെ രസീതുകള്‍ എണ്ണി കൃത്യത പരിശോധിച്ചാല്‍ മതിയെന്ന് സുപ്രീംകോടതി വിധിച്ചത്.

എന്നാല്‍ കേരളത്തില്‍ കോണ്‍ഗ്രസിന് കുത്തിയ വോട്ടുകള്‍ ബിജെപിക്ക് വീണതായി പരാതി ഉയര്‍ന്നെന്നും, സമാനമായ പരാതികള്‍ ഉത്തര്‍പ്രദേശില്‍ വ്യാപകമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടെന്നും പുനഃപരിശോധനാ ഹരജിയില്‍ പ്രതിപക്ഷം വാദിച്ചിരുന്നു. വിധി വന്നതിന് ശേഷം ദില്ലിയില്‍ ഈ വിഷയം ചര്‍ച്ച ചെയ്യാന്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ യോഗം ചേര്‍ന്നിരുന്നു. ഇതിനെതിരെ വീണ്ടും സുപ്രീംകോടതിയെ സമീപിക്കണമെന്ന് ആ യോഗത്തിലും ധാരണയായിരുന്നതാണ്. ഏപ്രില്‍ 23 ന് നടന്ന, രാജ്യത്തെ ഏറ്റവും വലിയ ഘട്ടം പോളിംഗിലും സമാനമായ പരാതികള്‍ ഉയര്‍ന്നതോടെയാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ നീക്കം വേഗത്തിലാക്കിയത്. എന്നാല്‍ ഇതൊന്നും കോടതി പരിഗണിച്ചില്ല. ടി ഡി പി നേതാവ് ചന്ദ്രബാബു നായിഡുവിന്റെ നേതൃത്വത്തില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ സമര്‍പ്പിച്ച പുനഃപരിശോധനാ ഹരജിയില്‍ കോണ്‍ഗ്രസ് നേതാവ് മനു അഭിഷേക് സിംഗ്വിയാണ് ഹാജരയാത്.

പുതിയ സാഹചര്യത്തില്‍ ഇനി രാജ്യത്തെ ജനങ്ങള്‍ക്ക് മുമ്പില്‍ കാര്യങ്ങള്‍ വിശദീകരിക്കുമെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ അറിയിച്ചു.

Latest