Connect with us

Kerala

സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ബയോ മെട്രിക് പഞ്ചിംഗ് സ്ഥാപിക്കാന്‍ ഉത്തരവ്

Published

|

Last Updated

തിരുവനന്തപുരം: സംസ്ഥാനത്തെ മുഴുവന്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളിലും ബയോ മെട്രിക് പഞ്ചിംഗ് സംവിധാനം നടപ്പിലാക്കാന്‍ സര്‍ക്കാര്‍ ഉത്തരവ്. സര്‍ക്കാര്‍-അര്‍ധ സര്‍ക്കാര്‍, സ്വയംഭരണ-ഗ്രാന്റ് ഇന്‍ എയ്ഡ് സ്ഥാപനങ്ങളിലെയും എല്ലാ വകുപ്പുകളിലും സംവിധാനം നടപ്പിലാക്കണമെന്ന് പൊതു ഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ബിശ്വനാഥ് സിന്‍ഹയുടെ ഉത്തരവില്‍ നിര്‍ദേശിച്ചു.

ഉത്തരവു പ്രകാരം സിവില്‍ സ്റ്റേഷനുകളില്‍ മൂന്നു മാസത്തിനകവും മറ്റു വകുപ്പുകളില്‍ ആറു മാസത്തിനകവും വേതന വിതരണ സോഫ്റ്റ്‌വെയറുമായി ബന്ധപ്പെടുത്തിയ ബയോ മെട്രിക് പഞ്ചിംഗ് നടപ്പിലാക്കണം. ഇതുസംബന്ധിച്ച് പഠിക്കാന്‍ നിയോഗിച്ച സാങ്കേതിക കമ്മിറ്റിയുടെ ശിപാര്‍ശ പ്രകാരമാണ് ഉത്തരവ്. നിലവില്‍ സെക്രട്ടേറിയറ്റ് ഉള്‍പ്പടെയുള്ള പ്രധാന ഓഫീസുകളില്‍ മാത്രമാണ് പഞ്ചിംഗ് മെഷീനും വേതന വിതരണ സോഫ്റ്റ്‌വെയറും തമ്മില്‍ ബന്ധിപ്പിച്ചിട്ടുള്ളത്.

നാഷണല്‍ ഇന്‍ഫോര്‍മാറ്റിക് സെന്ററിന്റെ (എന്‍ ഐ സി) വെബ്‌സൈറ്റില്‍ കൊടുത്തിട്ടുള്ള യു ഐ ഡി എ ഐഅംഗീകാരമുള്ള ആധാര്‍ അധിഷ്ഠിത ബയോമെട്രിക് അറ്റന്‍ഡന്‍സ് മെഷീനാണ് സ്ഥാപിക്കേണ്ടതെന്ന് ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്. മെഷീനുകള്‍ നേരിട്ടോ കെല്‍ട്രോണ്‍ വഴിയോ വാങ്ങണം. മെഷീനുകള്‍ക്ക് ആവശ്യമായ ആപ്ലിക്കേഷന്‍ എന്‍ ഐ സി നല്‍കും. സംവിധാനം നടപ്പിലാക്കേണ്ടതിന്റെ ഉത്തരവാദിത്തം വകുപ്പു സെക്രട്ടറിമാര്‍ക്കും മേധാവികള്‍ക്കുമായിരിക്കും.

Latest