Connect with us

Ongoing News

മാപ്പിളപ്പാട്ട് സുല്‍ത്താന്‍ എരഞ്ഞോളി മൂസ അന്തരിച്ചു

Published

|

Last Updated

കണ്ണൂര്‍:  മാപ്പിളപ്പാട്ട് ഇതിഹാസം എരഞ്ഞോളി മൂസ (79) അന്തരിച്ചു. ശ്വാസകോശ സംബന്ധഝമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന അദ്ദേഹം തലശ്ശേരി എരഞ്ഞോളിയിലെ വീട്ടില്‍വെച്ച് ഇന്ന് ഉച്ചക്ക് 12.45ഓടെയാണ് മരിച്ചത്. ഒരു മാസത്തോളം കോഴിക്കോട്ടെ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന അദ്ദേഹം ഡോക്ടറുടെ നിര്‍ദേശത്തെ തുടര്‍ന്ന് ഒരാഴ്ച മുമ്പാണ് വീട്ടിലേക്ക് മടങ്ങിയത്. ചികിത്സക്കിടെ ശബ്ദം വല്ലാതെ കുറഞ്ഞുവരുകയും സംസാരിക്കാന്‍ പറ്റാത്ത അവസ്ഥയില്‍ എത്തിച്ചേരുകയും ചെയ്തിരുന്നു.

Read Also: എരഞ്ഞോളി മൂസ മാപ്പിളപ്പാട്ടിനെ ജനകീയമാക്കി: മുഖ്യമന്ത്രി

നൂറ്കണക്കിന് ശ്രദ്ധേയ മാപ്പിളപ്പാട്ടുകള്‍ മലയാളത്തിന് സമ്മാനിച്ച എരഞ്ഞോളി മൂസ രാജ്യത്തിന് അകത്തും പുറത്തുമായി ആയിരക്കണക്കിന് വേദികളില്‍ മാപ്പിളപ്പാട്ടുകള്‍ ആലപിച്ചിട്ടുണ്ട്.

Read Also: മൂസക്കാ നിങ്ങള്‍ ആ പാട്ട് പാടരുത്!

മിഅ്‌റാജ് രാവിലെ കാറ്റേ…., മാണിക്യ മലരായ പൂവി…., അഹദോന്റെ തിരുനാമം…, അല്‍ഹംദുടയവനേ…, സരിഗമരാഗം…, കെട്ടുകള്‍ മൂന്നും കെട്ടി…, തീരാത്ത ദുഖത്തിന്റെ…, മനസിന്റെ ഉള്ളില്‍ നിന്ന്…, അറബ് നാട്ടില്‍ … തുടങ്ങി നൂറ്കണക്കിന് ഹിറ്റ് പാട്ടുകള്‍ അദ്ദേഹം മലയാളത്തിന് നല്‍കിയിട്ടുണ്ട്.

എരഞ്ഞോളി മൂസയുടെ “ഊതിക്കാച്ചിയ പൊന്ന്” എന്ന ആല്‍ബത്തിന്റെ പ്രകാശനം കോഴിക്കോട് പ്രസ് ക്ലബ് ഹാളില്‍ നിര്‍വഹിച്ചപ്പോള്‍ (ഫയല്‍)

തലശ്ശേരിക്കടുത്ത് എരഞ്ഞോളിയി വലിയകത്തെപരേതരായ അബ്ദുവിന്റെയും ആസിയയുടെയും മകനായി 1940 മാര്‍ച്ച് 18നാണ് എരഞ്ഞോളി മൂസ എന്ന വലിയകത്ത് മൂസ ജനിച്ചത്. തലശ്ശേരിയിലെ കല്ല്യാണ വീടുകളില്‍ പാടി തുടങ്ങിയ മൂസ പതിറ്റാണ്ടുകളോളം മാപ്പിളപ്പാട്ട് രംഗത്തെ കിരീടംവെക്കാത്ത രാജാവായിരുന്നു. അരിമുല്ലപ്പൂമണം ഉള്ളോളെ അഴകിലേറ്റം ഗുണമുള്ളോളെ എന്ന് തുടങ്ങുന്ന ഗാനത്തോടെയാണ് മൂസയുടെ പാട്ട് ജീവിതം തുടങ്ങിയത്. ശരത്ചന്ദ്ര മറാഠെയുടെ കീഴില്‍ രണ്ട് വര്‍ഷത്തോളം സംഗീതം പഠിച്ചിട്ടുണ്ട്. കെ രാഘവന്‍ മാസ്റ്ററുമായുള്ള സൗഹൃദമാണ് അദ്ദേഹത്തിന് മാപ്പിളപ്പാട്ട് വേദികളില്‍ കൂടുതല്‍ അവസരം നേടിക്കൊടുത്തത്. കേരള ഫോക്ലാര്‍ അക്കാഡമി വൈസ് പ്രസിഡന്റനായ മൂസ ഗ്രാമഫോണ്‍ എന്ന സിനിമയിലും അഭിനയിച്ചിരുന്നു.
ഭാര്യ: കുഞ്ഞാമി. മക്കള്‍: നസീറ, നിസാര്‍, സ്വാദിഖ്, സമീം, സാജിദ.

Latest