Connect with us

Ongoing News

നിപ്പക്ക് ഒരാണ്ട്: അജന്യ രോഗികൾക്കൊപ്പമുണ്ട്; മഹാമാരിയെ അതിജീവിച്ച ആത്മധൈര്യത്തിൽ

Published

|

Last Updated

കോഴിക്കോട്: ബീച്ച് ഹോസ്പിറ്റലിലെ ഹോസ്റ്റലിൽ നിഷ്‌കളങ്കമായി ചിരിക്കുമ്പോൾ അജന്യയുടെ മുഖത്ത് ഒരു മഹാമാരിയെ അതിജയിച്ചതിന്റെ ഊർജസ്വലതയുണ്ടായിരുന്നു.
ജീവിതത്തെ മാറ്റി മറിച്ച നിപ്പ ദുരന്തത്തിന് ഒരാണ്ട് തികയുമ്പോൾ അജന്യ സഹപാഠികൾക്കൊപ്പം പഠനത്തിന്റെ തിരക്കിലാണ്. കോഴിക്കോട് ബീച്ച് ഹോസ്പിറ്റൽ ജനറൽ നഴ്‌സിംഗ് ഡിപ്ലോമ കോഴ്‌സിന് പഠിക്കുന്ന അജന്യക്ക് പഠനത്തിന്റെ ഭാഗമായാണ് കോഴിക്കോട് മെഡിക്കൽ കോളജിലെ അത്യാഹിത വിഭാഗത്തിൽ കഴിഞ്ഞ വർഷം ഏപ്രിൽ 30 മുതൽ മെയ് അഞ്ച് വരെ ഡ്യൂട്ടി ചെയ്യേണ്ടി വന്നത്. അജന്യയുടെ ഡ്യൂട്ടി കഴിയുന്ന മെയ് അഞ്ചിനാണ് പേരാമ്പ്ര സൂപ്പിക്കടയിലെ സാബിത്ത് പനിയായി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടുന്നത്. അത്യാഹിത വിഭാഗത്തിൽ സാബിത്തിനെ പരിചരിക്കുന്ന കൂട്ടത്തിൽ അജന്യയുമുണ്ടായിരുന്നു. ദിവസങ്ങൾക്ക് ശേഷം കടുത്ത പനി ബാധിച്ചതിനെ തുടർന്ന് അജന്യ ബീച്ച് ആശുപത്രിയിൽ ചികിത്സ തേടി. പിന്നീട് രോഗം മൂർച്ഛിച്ചതോടെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

അതിനിടക്കാണ് അജന്യക്ക് തലയുടെ പിറക് ഭാഗത്ത് കടുത്ത വേദന അനുഭവപ്പെടാൻ തുടങ്ങിയത്.തുടർന്ന് മെഡിക്കൽ കോളജിലേക്ക് മാറ്റി. മെഡിക്കൽ കോളജിലെത്തുമ്പോഴേക്കും ഓർമ നഷ്ടപ്പെട്ടു. പിന്നെ ഒരാഴ്ച അബോധാവസ്ഥയിൽ. അതിനിടെ നിപ്പ രോഗം കോഴിക്കോട്ട് സ്ഥിരീകരിച്ചിരുന്നു. അത്യാഹിത വിഭാഗത്തിൽ അജന്യ പരിചരിച്ച സാബിത്തിന്റ മരണവും നിപ്പ മൂലമാണെന്ന സംശയം ബലപ്പെട്ടു. ഇതേ തുടർന്ന് അജന്യയുടെ രക്തസാമ്പിളുകൾ പരിശോധിച്ചപ്പോഴാണ് നിപ്പ ബാധിച്ചതായി സ്ഥിരീകരിച്ചത്.
രോഗം സ്ഥീരീകരിച്ചതോടെ. ചെസ്റ്റ് ഐ സി യുവിൽ അജന്യയെ പ്രവേശിപ്പിച്ചു. പക്ഷേ വൈദ്യശാസ്ത്രത്തെ അത്ഭുതപ്പെടുത്തിക്കൊണ്ട് അജന്യ രോഗത്തിന്റെ പിടിയിൽ നിന്ന് രക്ഷപ്പെട്ടു.

രോഗം റിപ്പോർട്ട് ചെയ്യപ്പെട്ട 16 പേർ മരണത്തിന് കീഴടങ്ങിയെങ്കിലും അജന്യയും മലപ്പുറം സ്വദേശി ഉബീഷും മാത്രമാണ് മരണത്തെ അതിജീവിച്ചത്.
അസുഖം പൂർണമായും ഭേദമായ അജന്യ ജൂൺ 11ന് മെഡിക്കൽ കോളജ് ആശുപത്രി വിട്ടു. ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്ത ശേഷം മറ്റ് മരുന്നുകളൊന്നും കഴിച്ചിട്ടില്ലെന്ന് അജന്യ “സിറാജി”നോട് പറഞ്ഞു. അസുഖം ഭേദമായി ഒരു വർഷം പിന്നിടുമ്പോൾ തിരിച്ച് ജീവിതത്തിലെത്തിയതിന്റെ സന്തോഷമാണ് അജന്യക്ക്. തനിക്ക് ശക്തമായി പിന്തുണ നൽകിയ ഡോക്ടർമാർ ഉൾപ്പെടെയുള്ള ആശുപത്രി ജീവനക്കാർക്കും കുടുംബാംഗങ്ങൾക്കും അവർ നന്ദി പറഞ്ഞു. നിപ്പയെ അതിജീവിച്ച് തിരിച്ചെത്തിയ സഹപാഠിക്ക് കോളജിൽ വലിയ സ്വീകരണമാണ് ലഭിച്ചത്.

ചികിത്സയിലായതിനാൽ മാസങ്ങളുടെ പാഠഭാഗങ്ങൾ നഷ്ടപ്പട്ടത് അധ്യാപകരുടെയും സഹപാഠികളുടെയും സഹായത്തോടെ പഠിച്ചെടുത്തു. തുടർന്ന് നടന്ന രണ്ടാം വർഷ പരീക്ഷയിൽ ഫസ്റ്റ് ക്ലാസോടെ ജയം. ഈ വർഷം ഒക്‌ടോബറിൽ കോഴ്‌സ് പൂർത്തിയാകുന്ന അജന്യ തനിക്ക് സമൂഹത്തിൽ നിന്ന് ലഭിച്ച സ്‌നേഹവും സന്തോഷവും തിരിച്ച് നൽകാൻ കഴിയാനുതകുന്ന രീതിയിൽ ജോലിയെടുക്കണമെന്നാണ് ആഗ്രഹിക്കുന്നത് “എല്ലാം ദൈവത്തിന്റെ കൃപാകടാക്ഷം”-പിന്നിട്ട ഒരു വർഷത്തെ അവർ വിലയിരുത്തുന്നത് ഇങ്ങനെയാണ്.

ബ്യൂറോ ചീഫ്, സിറാജ്, കോഴിക്കോട്

Latest