ഇടവേളക്ക് ശേഷം ഐ ടി കമ്പനികൾ ജീവനക്കാരെ പിരിച്ചുവിടുന്നു

Posted on: May 6, 2019 10:15 am | Last updated: May 6, 2019 at 12:54 pm


തിരുവനന്തപുരം: ചെറിയ ഇടവേളക്ക് ശേഷം രാജ്യത്തെ ഐ ടി കമ്പനികൾ ജീവനക്കാരെ പിരിച്ചുവിടുന്നത് തുടരുന്നു. 2016ന് ശേഷം രാജ്യത്ത് ഐ ടി മേഖലയിൽ അനുഭവപ്പെട്ട പ്രതിസന്ധിക്ക് പരിഹാരം കാണാനെന്ന പേരിൽ ജീവനക്കാരെ വ്യാപകമായി പിരിച്ചുവിട്ടിരുന്ന കമ്പനികൾ രണ്ട് വർഷത്തെ ഇടവേളക്ക് ശേഷം വീണ്ടും ജീവനക്കാരുടെ എണ്ണം കുറക്കൽ നടപടിയുമായി മുന്നോട്ടുപോകുകയാണ്.

യു എസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന കൊഗ്‌നിസന്റ് ടെക്‌നോളജി സൊല്യൂഷൻസ് കോർപറേഷൻ എന്ന അമേരിക്കൻ ഐ ടി കമ്പനിയാണ് വീണ്ടും ജീവനക്കാരെ പിരിച്ചുവിടാൻ ഒരുങ്ങുന്നത്. ഇതിന്റെ ഭാഗമായി ജീവനക്കാർക്ക് നോട്ടീസ് നൽകിത്തുടങ്ങി. ജീവനക്കാരുടെ കാര്യക്ഷമതയുൾപ്പെടെയുള്ള കാര്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് നോട്ടീസ് നൽകിയിരിക്കുന്നത്.

നടപ്പ് സാമ്പത്തിക വർഷം കോഗ്‌നിസെന്റിന്റെ റവന്യൂ വരുമാനം 3.9 മുതൽ 4.9 ശതമാനം വരെ വർധിക്കുമെന്നാണ് റിപ്പോർട്ടുകൾ വന്നിരുന്നത്. എന്നാൽ ഏഴ് മുതൽ ഒമ്പത് ശതമാനം വരെ വളർച്ച കമ്പനിക്കുണ്ടാകുമെന്നായിരുന്നു നേരത്തെയുണ്ടായിരുന്ന വിലയിരുത്തൽ. കമ്പനിയുടെ വളർച്ചാ നിരക്ക് കുറയുമെന്ന പുതിയ റിപ്പോർട്ടുകൾ പുറത്ത് വന്നതിന് പിന്നാലെയാണ് ജീവനക്കാരുടെ എണ്ണം കുറക്കാൻ കമ്പനി നടപടി ആരംഭിച്ചിരിക്കുന്നത്.

കോഗ്‌നിസെന്റിനെ പ്രതിസന്ധിയിൽ നിന്ന് കരകയറ്റുന്നതിനായി വിവിധ പദ്ധതികളെ കുറിച്ചുള്ള ചർച്ചകൾ നടക്കുകയാണെന്ന് കമ്പനി വക്താവ് അറിയിച്ചു. ജീവനക്കാരെ കുറക്കുന്നതിനെ കുറിച്ചും ചർച്ചകൾ നടക്കുകയാണ്. എന്നാൽ, എത്രത്തോളം ജീവനക്കാരെ കുറക്കണമെന്നോ എപ്പോൾ വേണമെന്നോ അന്തിമതീരുമാനം എടുത്തിട്ടില്ലെന്ന് കമ്പനി അറിയിച്ചു. കഴിഞ്ഞ ആഗസ്റ്റിൽ 200 മുതിർന്ന ജീവനക്കാരെ കോഗ്‌നിസന്റ്പിരിച്ചു വിട്ടിരുന്നു. ജൂനിയർ ജീവനക്കാർക്ക് വളരാൻ അവസരങ്ങൾ നൽകുന്നതിന്റെ ഭാഗമായാണ് നടപടിയെന്നായിരുന്നു അന്ന് കന്പനി നൽകിയ വിശദീകരണം. 2017ൽ ജീവനക്കാരോട് സ്വമേധയാ പിരിഞ്ഞു പോകാനും കമ്പനി ആവശ്യപ്പെട്ടിരുന്നു.

രാജ്യത്തെ ഐ ടി മേഖലയിലുണ്ടായ പ്രതിസന്ധി മറയാക്കി ജീവനക്കാരെ പിരിച്ചുവിടുന്നതിൽ അമേരിക്കൻ ഐ ടി കമ്പനികളായിരുന്നു മുന്നിൽ നിന്നിരുന്നത്.

കോഗ്‌നിസെന്റ്തുടങ്ങി വെച്ച പിരിച്ചുവിടൽ യജ്ഞം പിന്നീട് മറ്റൊരു അമേരിക്കൻ കമ്പനിയായ സെറോക്‌സും വൻകിട കമ്പനികളായ ഇൻഫോസിസ്, വിപ്രോ, ടെക് മഹീന്ദ്ര, എച്ച് സി എൽ ടെക്‌നോളജീസ്, ഡി എക്‌സ് സി ടെക്‌നോളജി, ഫ്രാൻസ് ആസ്ഥാനമായ കാപ്‌ജെയ്മിനി എസ് എ എന്നിവ ഏറ്റെടുക്കുകയായിരുന്നു. സെറോക്‌സ് കൊച്ചിയിലെ ഇൻഫോപാർക്ക് ക്യാമ്പസിൽ നിന്ന് തങ്ങളുടെ ജീവനക്കാരെ യാതൊരു മുന്നറിയിപ്പുമില്ലാതെ കൂട്ടത്തോടെ പിരിച്ചുവിട്ടു. ആഗോളതലത്തിൽ സെറോക്‌സ് വിഭജിച്ച് കോണ്ടുവെന്റ്ആയപ്പോൾ തന്നെ ജീവനക്കാർക്കെതിരായ നടപടികൾക്ക് കരുക്കൾ നീക്കിയിരുന്നു. പുതിയ കമ്പനി വന്നപ്പോൾ 90 ശതമാനം ജീവനക്കാരേയും കോണ്ടുവെന്റിന്റെ കീഴിലേക്ക് മാറ്റി. 4,000 പേരുണ്ടായിരുന്ന സെറോക്‌സിൽ ജീവനക്കാരുടെ എണ്ണം 200 ആക്കി കുറച്ചു.

സാമ്പത്തിക മാന്ദ്യത്തിന് പിന്നാലെ ഓട്ടോമേഷൻ, പുതിയ സാങ്കേതിക വിദ്യകൾ, ട്രംപ് ഭരണകൂടത്തിന്റെ വിസാ വിലക്കുകൾ എന്നിവയായിരുന്നു അന്ന് രാജ്യത്തെ ഐ ടി മേഖലയെ പ്രതിസന്ധിയിലാക്കിയത്. ഏതാനും വർഷത്തേക്ക് ഈ പ്രതിസന്ധി തുടരുമെന്ന സൂചനകൾ സോഫ്ട്‌വെയർ സർവീസസ് കമ്പനികളുടെ ദേശീയ സംഘടനയായ നാസ്‌കോം ഉൾപ്പെടെയുള്ളവർ നൽകിയിരുന്നു.
2017 ൽ മാത്രം രാജ്യത്ത് ഐ ടി മേഖലയിൽ അരലക്ഷത്തിലധികം ജീവനക്കാർക്കാണ് ജോലി നഷ്ടമായത്.