ഏലത്തിന്റെ സുഗന്ധം പുതിയ ഉയരങ്ങളിലേക്ക്

Posted on: May 6, 2019 12:45 pm | Last updated: May 6, 2019 at 12:45 pm


കൊച്ചി: ഏലം കർഷകരെ ആവേശം കൊള്ളിച്ച വാരമാണ് പിന്നിട്ടത്. റെക്കോർഡ് പ്രകടനത്തിലൂടെ ഏലക്ക വില കിലോ 4,000 രൂപയായി ഉയർന്നു.
തൊട്ട് മുൻവാരത്തിലെ 3,000 രൂപയിലെ റെക്കോർഡാണ് വണ്ടൻമേട്ടിൽ നടന്ന ലേലത്തിൽ ഏലക്ക തിരുത്തിക്കുറിച്ചത്. ഉത്പാദന മേഖലയിൽ സ്റ്റോക്ക് കുറഞ്ഞതിനാൽ ലേലത്തിന് എത്തുന്ന ചരക്ക് പുർണമായി വിറ്റഴിഞ്ഞു.

പുതിയ സീസണിന് തുടക്കം കുറിക്കാൻ ഇനിയും കാത്തിരിക്കേണ്ടി വരുമെന്ന ആശങ്കയിലാണ് ആഭ്യന്തര വിദേശ വാങ്ങലുകാർ. റമസാൻ വ്രതാരംഭത്തോടെ ആഭ്യന്തര മാർക്കറ്റിൽ നിന്നും അറബ് രാജ്യങ്ങളിൽ നിന്നും എലത്തിന് അന്വേഷണങ്ങളുണ്ട്.

നാളികേരോത്പന്നങ്ങളുടെ വില വീണ്ടും താഴ്ന്നു. കൊപ്രയാട്ട് വ്യവസായികൾ ചരക്ക് സംഭരണം കുറച്ചതും മാസാരംഭത്തിലും ലോക്കൽ മാർക്കറ്റിൽ വെളിച്ചെണ്ണ വിൽപ്പന ഉയരാഞ്ഞതും വിലയെ ബാധിച്ചു. വിളവെടുപ്പ് നടക്കുന്നതിനാൽ പച്ചത്തേങ്ങയുടെ ലഭ്യത ചെറുകിട വിപണികളിൽ ഉയർന്നു. കൊച്ചിയിൽ വെളിച്ചെണ്ണ 14,400ത്തിൽ നിന്ന് 14,100 രൂപയായി. കൊപ്ര വില 9,565 രൂപയിൽ നിന്ന് 9,375 രൂപയായി.
വിദേശ കുരുമുളക് ശ്രീലങ്ക വഴി ഇന്ത്യയിലെത്തുന്നത് താത്കാലികമായി നിലച്ചത് ആഭ്യന്തര വിപണിക്ക് നേട്ടമായി. ഇറക്കുമതി ചരക്ക് കിലോ ഗ്രാമിന് 200 രൂപയിലും താഴ്ന്ന വിലയ്ക്ക് എത്തിയിരുന്നു. വില കുറഞ്ഞ വിദേശ ചരക്ക് വരവ് മൂലം ആഭ്യന്തര കർഷകർ കടുത്ത സാമ്പത്തിക ഞെരുക്കത്തിലാണ്.

കൊച്ചിയിൽ നാടൻ മുളക് കിലോ 330 രൂപയിലാണ്. ഉത്പാദന ചെലവ് 350 രൂപയോളം വരുമ്പോൾ വിപണി വില ഇപ്പോഴും കുറവാണ്. ശ്രീലങ്കയിലെ പുതിയ സംഭവവികാസങ്ങൾ കണക്കിലെടുത്താൽ അനധികൃതമായ കയറ്റുമതികളിൽ നിന്ന് അവർ പിന്തിരിയാം. നടപ്പ് സീസണിൽ ഇന്ത്യയുടെ ആഭ്യന്തര കുരുമുളക് ഉത്പാദനം അരലക്ഷം ടണ്ണിൽ ഒതുങ്ങും. കൊച്ചിയിൽ ഗാർബിൾഡ് കുരുമുളക് 36,400 രൂപയിലാണ്.

കാലാവസ്ഥ മാറ്റം റബ്ബർ ഉത്പാദന മേഖലക്ക് ആവേശം പകർന്നു. വരൾച്ച മൂലം ഏതാണ്ട് നാല് മാസം സ്തംഭിച്ച റബ്ബർ ടാപ്പിംഗ് അടുത്ത വാരം പുനരാരംഭിക്കാനുള്ള ഒരുക്കത്തിലാണ് കർഷകർ. കാലവർഷം തുടങ്ങും മുമ്പ് പരമാവധി ഷീറ്റ് ഉത്പാദിപ്പിക്കുകയാണ് അവരുടെ ലക്ഷ്യം. കാർഷിക മേഖലയിൽ കാര്യമായി റബ്ബർ സ്റ്റോക്കില്ലെങ്കിലും വില ഉയർത്തി റബ്ബർ എടുക്കാൻ ടയർ വ്യവസായികൾ തയ്യാറായില്ല. നാലാം ഗ്രേഡ് റബർ 12,850 രൂപയിലും അഞ്ചാം ഗ്രേഡ് 12,600 രൂപയിലും മാർക്കറ്റ് ക്ലോസിംഗ് നടന്നു.
ആഭരണ വിപണികളിൽ സ്വർണം 23,880 രൂപയിൽ നിന്ന് 23,480 വരെ ഇടിഞ്ഞ ശേഷം വാരാന്ത്യം 23,560 രൂപയിലാണ്. രാജ്യാന്തര വിപണിയിൽ സ്വർണ വില ട്രോയ് ഔൺസിന് 1285 ഡോളറിൽ നിന്ന് 1279 ഡോളറായി.