Connect with us

Editorial

അന്വേഷണം ഏകപക്ഷീയമാകരുത്

Published

|

Last Updated

സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയിക്കെതിരായ ലൈംഗികാരോപണത്തെക്കുറിച്ചുള്ള അന്വേഷണവുമായി ബന്ധപ്പെട്ട് ജുഡീഷ്യറിയില്‍ അഭിപ്രായ ഭിന്നത. പരാതിക്കാരിയുടെ അഭാവത്തില്‍ അന്വേഷണവുമായി മുന്നോട്ടു പോകുന്നത് ശരിയല്ലെന്ന് സുപ്രീം കോടതിയിലെ മുതിര്‍ന്ന ജഡ്ജിമാരായ ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസ് നരിമാന്‍ എന്നിവര്‍ കോടതി കേസന്വേഷണത്തിന് നിയമിച്ച അഭ്യന്തര സമിതിയോട് ആവശ്യപ്പെട്ടിരിക്കയാണ്. പരാതിക്കാരെ സഹകരിപ്പിക്കാതെയുള്ള അന്വേഷണം കോടതിയുടെ സത്‌പേരിന് കളങ്കം വരുത്തുമെന്നാണ് ഇവരുടെ അഭിപ്രായം. വെള്ളിയാഴ്ച വൈകീട്ടാണ് ജസ്റ്റിസ് എസ് എ ബോബ്‌ഡെ, ഇന്ദു മല്‍ഹോത്ര, ഇന്ദിരാ ബാനര്‍ജി എന്നിവരടങ്ങുന്ന അന്വേഷണ സമിതിയെ ഇവര്‍ തങ്ങളുടെ അഭിപ്രായം അറിയിച്ചത്. എന്നാല്‍, ഒരു ദേശീയ മാധ്യമം പുറത്തുവിട്ട ഈ വാര്‍ത്ത സുപ്രീം കോടതി സെക്രട്ടറി ജനറല്‍ നിഷേധിച്ചിട്ടുണ്ട്.

ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് മെയ് രണ്ടിന് സമാനമായ ആവശ്യമുന്നയിച്ചു അന്വേഷണ സമിതിക്ക് കത്തയച്ചിരുന്നു.

നാഷണല്‍ ലോ സ്‌കൂളുകളിലെ ഒരുപറ്റം പൂര്‍വ വിദ്യാര്‍ഥികളും ചില അഭിഭാഷകരും നേരത്തെ സമാനമായ അഭിപ്രായം ഉന്നയിക്കുകയുണ്ടായി.
തന്നെ മാറ്റി നിര്‍ത്തിയുള്ള ഏകപക്ഷീയമായ അന്വേഷണമാണ് ഇപ്പോള്‍ നടക്കുന്നതെന്ന് ചീഫ് ജസ്റ്റിസിനെതിരെ ആരോപണം ഉന്നയിച്ച യുവതി പരാതിപ്പെട്ടിരുന്നു. ഒരു അഭിഭാഷകയെ അനുവദിക്കുകയോ അമിക്കസ് ക്യൂറിയെ നിയോഗിക്കുകയോ വേണമെന്ന അവരുടെ ആവശ്യം അംഗീകരിക്കപ്പെട്ടില്ല. നടപടികള്‍ വീഡിയോയില്‍ പകര്‍ത്തണമെന്ന ആവശ്യവും അവഗണിക്കപ്പെട്ടു. രണ്ട് മൊബൈല്‍ നമ്പറുകളിലെ കോള്‍ റെക്കോര്‍ഡ് പരിശോധിക്കണമെന്ന ആവശ്യവും സമിതി പരിഗണിച്ചില്ല. സ്ത്രീകള്‍ക്കെതിരായ അന്വേഷണത്തില്‍ പാലിക്കേണ്ട വിശാഖാ കേസിലെ (1997) മാര്‍ഗനിര്‍ദേശക തത്വങ്ങളോ തൊഴില്‍ സ്ഥലത്തെ സ്ത്രീകള്‍ക്കെതിരായ ലൈംഗികാതിക്രമങ്ങള്‍ തടയാനുള്ള നിയമത്തിലെ (2013) വ്യവസ്ഥകളോ ഇവരുടെ കാര്യത്തില്‍ പാലിക്കപ്പെട്ടതുമില്ല. അന്വേഷണ സമിതിയില്‍ ഭൂരിഭാഗവും വനിതകളായിരിക്കണമെന്നാണ് വിശാഖാ കേസ് വിധിയിലെ നിര്‍ദേശം. ഇതേ തുടര്‍ന്ന് അന്വേഷണ സമിതിയുമായി സഹകരിക്കേണ്ടതില്ല എന്ന തീരുമാനത്തിലാണ് പരാതിക്കാരി. ഏപ്രില്‍ 26, 29, 30 തീയതികളില്‍ സമിതിക്കു മുമ്പില്‍ ഹാജരായ ശേഷമാണ് സമിതിയുടെ സമീപനം ശരിയല്ലാത്തതിനാല്‍ സഹകരിക്കില്ലെന്ന് യുവതി അറിയിച്ചത്. സമിതിയില്‍ നിന്ന് നീതി ലഭിക്കുമെന്ന പ്രതീക്ഷയില്ലെന്നും അവര്‍ പറഞ്ഞു. എന്നാല്‍ പരാതിക്കാരിയില്ലാതെ തന്നെ അന്വേഷണവുമായി മുന്നോട്ടു പോകാനാണ് സമിതിയുടെ തീരുമാനം. ജസ്റ്റിസുമാരായ ഡി വൈ ചന്ദ്രചൂഡും നരിമാനും വിയോജിപ്പുമായി രംഗത്തുവന്നതിന്റെ പശ്ചാത്തലമിതാണ്.

സുപ്രീം കോടതി സിറ്റിംഗ് ജഡ്ജിമാര്‍ക്കെതിരെ ലൈംഗികാതിക്രമ പരാതികള്‍ ഉയര്‍ന്നാല്‍ നിലവിലെ സംവിധാനപ്രകാരം “ജഡ്ജസ് എന്‍ക്വയറി ആക്ട്” അനുസരിച്ചാണ് അന്വേഷണം നടക്കേണ്ടത്. ചീഫ് ജസ്റ്റിസാണ് ഈ നിയമത്തിലെ വ്യവസ്ഥ പ്രകാരം അന്വേഷണ സമിതിക്ക് രൂപം കൊടുക്കേണ്ടത്. അന്വേഷണ സമിതി കുറ്റക്കാരനെന്നു കണ്ടെത്തിയാല്‍ അന്വേഷണ റിപ്പോര്‍ട്ട് രാഷ്ട്രപതിക്ക് കൈമാറുന്നതുള്‍പ്പെടെ അനന്തര നടപടികളെക്കുറിച്ച് തീരുമാനിക്കേണ്ടത് ചീഫ് ജസ്റ്റിസാണ്. എന്നാല്‍ ആരോപണം ചീഫ് ജസ്റ്റിസിനെതിരെയാകുമ്പോള്‍ അതെങ്ങനെ കൈകാര്യം ചെയ്യണമെന്ന കാര്യത്തില്‍ ഇപ്പോള്‍ ജുഡീഷ്യറിക്ക് വ്യക്തമായ നയമില്ല. നിലവിലെ സംവിധാനമനുസരിച്ച് അതും ചീഫ് ജസ്റ്റിസ് ഉള്‍പ്പെട്ട ബഞ്ച് തന്നെയാണ് കൈകാര്യം ചെയ്യുന്നത്. കുറ്റം ആരോപിക്കപ്പെട്ടയാള്‍ തന്നെ അതുസംബന്ധിച്ച പരാതി കൈകാര്യം ചെയ്യുന്നതില്‍ അസാംഗത്യമുണ്ട്. വിഷയത്തില്‍ നീതിപൂര്‍വമായ ഒരു തീരുമാനമുണ്ടാകാന്‍ ഇടയില്ലെന്ന ധാരണക്ക് ഇതിടയാക്കും.

യുവതിയുടെ പരാതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയി കൈകാര്യം ചെയ്ത രീതി തുടക്കത്തിലേ വിവാദത്തിനിടയാക്കിയിരുന്നു. ആരോപണം ജസ്റ്റിസ് ഗോഗോയിക്കെതിരെ ആയതിനാല്‍ അതുസംബന്ധിച്ച് തീരുമാനമെടുക്കേണ്ടിയിരുന്നത് അദ്ദേഹം ഉള്‍പ്പെടാത്ത കോടതി ബഞ്ചായിരുന്നു. എന്നാല്‍ ഗോഗോയി ഉള്‍പ്പെട്ട മൂന്നംഗ ബഞ്ചാണ് ഇതുമായി ബന്ധപ്പെട്ട് സ്‌പെഷ്യല്‍ സിറ്റിംഗ് നടത്തിയത്. ഈ നടപടിയെ മുതിര്‍ന്ന അഭിഭാഷകന്‍ ഇന്ദിര ജയ്‌സിംഗ് നിശിതമായി വിമര്‍ശിച്ചിട്ടുണ്ട്. മാത്രമല്ല, പരാതിക്കാരിക്ക് കുറ്റകൃത്യ ചരിത്രമുണ്ട്, രണ്ട് എഫ് ഐ ആറുകളുണ്ട്, നാല് ദിവസം ജയിലില്‍ കിടന്നിട്ടുണ്ട് തുടങ്ങി ആ സ്ത്രീക്കെതിരെ പരസ്യമായി രൂക്ഷവിമര്‍ശനം ഉന്നയിച്ച് അവര്‍ പറയുന്നത് ശുദ്ധ കളവാണെന്ന് സ്ഥാപിക്കാനും ജസ്റ്റിസ് ഗോഗോയി ശ്രമിച്ചു. ഇതൊന്നും അദ്ദേഹം ന്യായാധിപ കസേരയില്‍ ഇരുന്നു പറയേണ്ടതായിരുന്നില്ല, അന്വേഷണ സമിതിയുടെ മുമ്പാകെ പറയേണ്ടതായിരുന്നുവെന്നാണ് നിയമജ്ഞരുടെ തന്നെ പക്ഷം.

ചീഫ് ജസ്റ്റിസിന്റെ കസേര തന്റെ വ്യക്തിപരമായ പ്രതിരോധത്തിനുള്ള സ്ഥാനമായി ഉപയോഗപ്പെടുത്താന്‍ പാടില്ലായിരുന്നു. ഏതെങ്കിലും ജഡ്ജിമാര്‍ക്കെതിരായ ആരോപണമാണെങ്കില്‍ അത് കൈകാര്യം ചെയ്യുന്ന ബഞ്ചില്‍ നിന്ന് അവര്‍ ഒഴിഞ്ഞു നില്‍ക്കുകയാണ് പതിവ്. എന്നാല്‍, തനിക്കു പറയാനുള്ളത് പറയാന്‍ വേണ്ടിയെന്നോണം ചീഫ് ജസ്റ്റിസ് ബഞ്ചിലിരിക്കുകയായിരുന്നു. യുവതിയുടെ ആരോപണം ഗൂഢാലോചനയാണെന്നും തന്നെ പുറത്താക്കാനുള്ള ചില ഉന്നതരുടെ കരങ്ങളാണ് ഇതിനു പിന്നിലെന്നുമുള്ള ജസ്റ്റിസ് ഗോഗോയിയുടെ ആരോപണം സത്യമായിരിക്കാം. എങ്കിലും ഉന്നയിക്കപ്പെട്ട ആരോപണങ്ങള്‍ കൈകാര്യം ചെയ്യേണ്ടത് വസ്തുനിഷ്ഠമായും മാന്യമായും ആയിരിക്കണം. ജസ്റ്റിസ് ചന്ദ്രചൂഡും ജസ്റ്റിസ് നരിമാനും അഭിപ്രായപ്പെട്ടതു പോലെ പരാതിക്കാരിയുടെ ന്യായമായ ആവശ്യങ്ങള്‍ അംഗീകരിച്ച് അവരെ കൂടി സഹകരിപ്പിച്ചു കൊണ്ടായിരിക്കട്ടെ തുടര്‍ അന്വേഷണം. അവര്‍ക്ക് പറയാനുള്ളത് കൂടി സമിതി കേള്‍ക്കണം. ഇല്ലെങ്കില്‍ ജുഡീഷ്യറിയുടെ വിശ്വാസ്യതക്ക് അത് കൂടുതല്‍ പ്രഹരമേല്‍പ്പിക്കും.

Latest