Connect with us

National

അഞ്ചാം ഘട്ട വോട്ടെടുപ്പ് ഇന്ന്; 51 മണ്ഡലങ്ങള്‍ വിധിയെഴുതുന്നു

Published

|

Last Updated

ന്യൂഡല്‍ഹി: ലോക്സഭാ തിരഞ്ഞെടുപ്പിന്റെ അഞ്ചാം ഘട്ട വോട്ടെടുപ്പ് ഇന്ന്. ഏഴ് സംസ്ഥാനങ്ങളില്‍ നിന്നായി 51 മണ്ഡലങ്ങളിലാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. യു പി എ അധ്യക്ഷ സോണിയാ ഗാന്ധി, കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗ്, കേന്ദ്ര മന്ത്രി സ്മൃതി ഇറാനി തുടങ്ങിയ പ്രമുഖരാണ് ഈ ഘട്ടത്തില്‍ ജനവിധി തേടുന്നത്.

ജമ്മു കശ്മീര്‍, രാജസ്ഥാന്‍ എന്നിവിടങ്ങളിലെ വോട്ടെടുപ്പ് ഇതോടെ പൂര്‍ത്തിയാകും. ജമ്മു കശ്മീരില്‍ അനന്ത്നാഗ് ഉള്‍പ്പെടെ രണ്ട് മണ്ഡലങ്ങളിലേക്കാണ് വോട്ടെടുപ്പ് നടക്കുന്നത്. അനന്ത്നാഗിലെ അവസാന ഘട്ട വോട്ടെടുപ്പ് കൂടിയാണ് ഇന്ന് നടക്കുന്നത്.

ഈ ഘട്ടത്തില്‍ ഏറ്റവും കൂടുതല്‍ മണ്ഡലങ്ങളുള്ളത് ഉത്തര്‍ പ്രദേശിലാണ്- 14 മണ്ഡലങ്ങള്‍. ഝാര്‍ഖണ്ഡ് (നാല്), മധ്യപ്രദേശ് (ഏഴ്), രാജസ്ഥാന്‍ (12)പശ്ചിമ ബംഗാള്‍ (ഏഴ്) ബിഹാര്‍ (അഞ്ച്) എന്നിവയാണ് മറ്റ് സംസ്ഥാനങ്ങള്‍. 2,214 മൂന്നാം ലിംഗക്കാര്‍ ഉള്‍പ്പെടെ 8,75,88,722 വോട്ടര്‍മാര്‍ ജനവിധിയെഴുതും. ഇവര്‍ക്കായി 96,088 പോളിംഗ് ബൂത്തുകളാണ് സജ്ജീകരിച്ചിരിക്കുന്നത്.

കൂടുതല്‍ അക്രമ സാധ്യതയുള്ള പശ്ചിമ ബംഗാളിലെ ഏഴ് ലോക്സഭാ മണ്ഡങ്ങളിലെ എല്ലാ ബൂത്തുകളിലും അര്‍ധസൈനിക വിഭാഗത്തെ വിന്യസിക്കും. സോണിയാ ഗാന്ധി മത്സരിക്കുന്ന റായ്ബറേലി, രാഹുല്‍ ഗാന്ധിയുടെ അമേഠി, രാജ്നാഥ് സിംഗിന്റെ ലക്നോ എന്നിവയാണ് ഉത്തര്‍ പ്രദേശിലെ ശ്രദ്ധേയ മണ്ഡലങ്ങള്‍.

കേന്ദ്ര വാര്‍ത്താ വിതരണ സഹമന്ത്രി രാജ്യവര്‍ധന്‍ സിംഗ് റാത്തോഡ് ഒളിമ്പ്യന്‍ കൃഷ്ണ പൂനിയയെ നേരിടുന്ന ജയ്പൂര്‍ റൂറല്‍, മോദി വിമര്‍ശകനായ ബി ജെ പി മുന്‍ നേതാവ് യശ്വന്ത് സിന്‍ഹയുടെ പുത്രനും കേന്ദ്ര വ്യോമയാന സഹമന്ത്രിയുമായ ജയന്ത് സിന്‍ഹ മത്സരിക്കുന്ന ഹസാരിബാഗ് മണ്ഡലങ്ങളിലും വോട്ടെടുപ്പ് ഇന്നാണ്.

 

Latest