Connect with us

Education

എസ് എസ് എല്‍ സി ഫലം പ്രഖ്യാപിച്ചു; വിജയം 98.11%

Published

|

Last Updated

തിരുവനന്തപുരം: എസ് എസ് എല്‍ സി ഫലം പ്രഖ്യാപിച്ചു. ഇത്തവണ പരീക്ഷയെഴുതിയ 98.11% വിദ്യാര്‍ഥികളും ഉന്നത വിദ്യാഭ്യാസത്തിന് യോഗ്യത നേടി. 2019 മാര്‍ച്ച് മാസം 13 മുതല്‍ 28 വരെ നടന്ന പരീക്ഷയുടെ പ്രഖ്യാപനമാണ് നടന്നത്. ഈ വര്‍ഷം മോഡറേഷന്‍ നല്‍കിയിട്ടില്ല. ആരുടെയും ഫലം “വിത് ഹെല്‍ഡും” ആക്കിയിട്ടില്ല. 434729 പേര്‍ പരീക്ഷ എഴുതിയതില്‍ 426513 പേരും ഉന്നത വിദ്യാഭ്യാസത്തിന് യോഗ്യത നേടി.

കഴിഞ്ഞ വര്‍ഷം 97.84% ആയിരുന്നു വിജയം. വിജയ ശതമാനത്തിനൊപ്പം കൂടുതല്‍ എപ്ലസ് നേടിയവരുടെ എണ്ണവും വര്‍ധിച്ചു. 37334 വിദ്യാര്‍ഥികള്‍ക്ക് മുഴുവന്‍ വിഷയത്തിനും എപ്ലസ് നേടാനായി. കഴിഞ്ഞ വര്‍ഷം ഇത് 34313 ആയിരുന്നു.

Also Read: സി ബി എസ് ഇ പത്താം ക്ലാസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു; വിജയം 91.1%

1631 സ്‌കൂളുകള്‍ ഇത്തവണ നൂറ് ശതമാനം വിജയം നേടി. 599 സര്‍ക്കാര്‍ സ്‌കൂളുകളും 713 എയ്ഡഡ് സ്‌കൂളും 319 അണ്‍എയ്ഡഡ് സകൂളും ഇതില്‍പ്പെടും.കഴിഞ്ഞ വര്‍ഷം 517 സര്‍ക്കാര്‍ സ്‌കൂളുകളാണ് ഈ നേട്ടം കൈവരിച്ചത്.

പ്രൈവറ്റ് വിഭാഗത്തില്‍ 2200 ല്‍ 1551 പേരും വിജയിച്ചു. വിജയ ശതമാനം 70.5%. ഏറ്റവും കൂടുതല്‍ വിജയ ശതമാനം ഇത്തവണയും പത്തനംതിട്ട ജില്ലയിലാണ്(99.33%). കുറവ് വയനാട് റവന്യൂ ജില്ലയിലാണ്-93.22%. വിജയ ശതമാനം ഏറ്റവും കൂടിയ വിദ്യാഭ്യസ ജില്ല കുട്ടനാടാണ്-99.9% വയനാട് കുറവ്(93.22%).

ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികള്‍ക്ക് മുഴുവന്‍ വിഷയങ്ങള്‍ക്കും എപ്ലസ് ലഭിച്ച വിദ്യാഭ്യാസ ജില്ല മലപ്പുറമാണ്. 2493 വിദ്യാര്‍ഥികളാണ് ഈ നേട്ടത്തിന് അര്‍ഹരായത്.

ഗള്‍ഫില്‍ 9 സ്‌കൂളുകളിലായി നടന്ന പരീക്ഷയില്‍ 495 വിദ്യാര്‍ഥികളില്‍ 489 പേരാണ് ഉന്നത് വിദ്യാഭ്യാസത്തിന് യോഗ്യത നേടിയത്. ആറ് സെന്ററുകള്‍ നൂറുമേനി കരസ്ഥമാക്കി.

ലക്ഷദ്വീപില്‍ 9 വിദ്യാലയങ്ങളില്‍ നിന്ന് പരീക്ഷയെഴുതിയ 681 വിദ്യാര്‍ഥികളില്‍ 599 പേരും വിജയിച്ചു. വിജയ ശതമാനം:87.96%.

ഏറ്റവും കൂടുതല്‍ പേരെ പരീക്ഷക്കിരുത്തി മികച്ച വിജയം നേടിയത് മലപ്പുറം ജില്ലയിലെ എടരിക്കോട് പി കെ എം എച് എസ് ആണ്. 2409 പേരാണ് ഇത്തവണ പരീക്ഷയെയുതിയത്. ടി എച് എല്‍ സിയില്‍ 3208 പേരാണ് പരീക്ഷയെഴുതിയത്. 3176 പേരും ഉന്നത വിദ്യാഭ്യാസത്തിന് യോഗ്യത നേടി(99%). 252 പേര്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എപ്ലസ് നേടി. പ്രൈവറ്റായി എഴുതിയ ഏഴ് കുട്ടികളില്‍ 6 പേരും വിജയിച്ചു(86%).

എസ് എസ് എല്‍ സി എച് ഐ പരീക്ഷ: ആകെ സ്‌കൂളുകളുടെ എണ്ണം 29. പരീക്ഷ എഴുതിയ 286 കുട്ടികളില്‍ രണ്ട് പേരൊഴികെ എല്ലാവരും ഉന്നത വിദ്യാഭ്യാസത്തിന് അര്‍ഹരായി- വിജയ ശതമാനം 99.3%.

ടി എച് എല്‍ സി എച് ഐ പരീക്ഷയില്‍ 14 ല്‍ 14 പേരും വിജയിച്ചു. കേരള കലാമണ്ഡലം ആര്‍ട് സ്‌കൂള്‍ വള്ളത്തോള്‍ നഗറില്‍ എ എച്ച് എസ് എല്‍ സി പരീക്ഷ എഴുതിയ 82 പേരില്‍ 78 പേരും വിജയിച്ചു(95.1%).

ടി എച്ച് എസ് എല്‍ സി, ടി എച്ച് എസ് എല്‍ സി (ഹിയറിംഗ് ഇംപേര്‍ഡ്), എസ് എസ് എല്‍ സി (ഹിയറിംഗ് ഇംപേര്‍ഡ്), എ എച്ച് എസ് എല്‍ സി പരീക്ഷകളുടെ ഫലപ്രഖ്യാപനവും ഇതോടൊപ്പം നടന്നു. സി ബി എസ് ഇ പത്താം ക്ലാസ് ഫലം ഇന്ന് മൂന്ന് മണിയോടെയാണ് പ്രഖ്യാപിക്കുന്നത്. കഴിഞ്ഞ വര്‍ഷം 517 സര്‍ക്കാര്‍ സ്‌കൂളുകളാണ് ഈ നേട്ടം കൈവരിച്ചത്.

1427 എയ്ഡഡ് സ്‌കൂളുകളില്‍ 713 ലും മുഴുവന്‍ കുട്ടികളും വിജയിച്ചു. കഴിഞ്ഞ വര്‍ഷം ഇത് 659 ആയിരുന്നു. അണ്‍എയ്ഡഡ് മേഖലയില്‍ 458 വിദ്യാലയങ്ങളില്‍ 391 ഉം നൂറ് ശതമാനം വിജയം നേടി. കഴിഞ്ഞ വര്‍ഷം ഇത് 389 ആയിരുന്നു.

ഉത്തരക്കടലാസിന്റെ സൂക്ഷ്മ പരിശോധന, പുനര്‍ മൂല്യനിര്‍ണയം, പകര്‍പ്പ് എന്നിവക്കായി മേയ് 5 മുതല്‍ 10 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. സേ പരീക്ഷ മേയ് 20 മുതല്‍ 25 വരെ നടക്കും. ജൂണ്‍ ആദ്യ വാരം ഫലം പ്രസിദ്ധീകരിക്കും. ഇത്തവണ പരമാവധി മൂന്ന് വിഷയങ്ങള്‍ക്ക് സേ പരീക്ഷ എവുതാവുന്നതാണ്. മേയ് ഏഴ് മുതല്‍ ഒമ്പത് വരെ എസ് എസ് എല്‍ സി സര്‍ടിഫിക്കറ്റിന്റെ പകര്‍പ്പ് വെബ്‌സൈറ്റില്‍ ലഭ്യമാകും. കഴിഞ്ഞ വര്‍ഷത്തെ ഡിജിറ്റല്‍ സര്‍ടിഫിക്കറ്റ് ഡിജിലോക്കര്‍ സംവിധാനം വഴി മേയ് 15 മുതല്‍ ലഭ്യമാക്കും. ഈ വര്‍ഷത്തെ ഡിജിറ്റല്‍ സര്‍ടിഫിക്കറ്റ് സേ പരീക്ഷയുടെ ഫലപ്രഖ്യാപനത്തിന് ശേഷം അടുത്ത മാസം മുതല്‍ ഒറിജിനല്‍ സര്‍ടിഫിക്കറ്റിനൊപ്പം ലഭ്യമാക്കും.

www.resulte.kerala.gov.in വെബ്‌സൈറ്റിലൂടെയും എസ് എസ് എല്‍ സി ഫലമറിയാം. ഇതിനുപുറമെ “സഫലം 2019″എന്ന മൊബൈല്‍ ആപ് വഴിയും ഫലമറിയാം. വ്യക്തിഗത റിസള്‍ട്ടിന് പുറമെ സ്‌കൂള്‍ വിദ്യാഭ്യാസ ജില്ല റവന്യൂജില്ലാ തലങ്ങളിലുള്ള റിസള്‍ട്ട് അവലോകനം, വിഷയാധിഷ്ഠിത അവലോകനങ്ങള്‍, വിവിധ റിപ്പോര്‍ട്ടുകള്‍, ഗ്രാഫിക്‌സുകള്‍ തുടങ്ങിയവ ഉള്‍ക്കൊള്ളുന്ന പൂര്‍ണമായ വിശകലനം പോര്‍ട്ടലിലും മൊബൈല്‍ ആപ്പിലും റിസള്‍ട്ട് അനാലിസിസ് എന്ന ലിങ്ക് വഴി ലോഗിന്‍ ചെയ്യാതെ തന്നെ ലഭ്യമാകും. ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നും “Saphalam 2019” എന്നു നല്‍കി ആപ് ഡൗണ്‍ലോഡ് ചെയ്യാം. രണ്ടാം വര്‍ഷ ഹയര്‍ സെക്കന്‍ഡറി, വി എച്ച് എസ് ഇ ഫലം മേയ് എട്ടിനും പ്രസിദ്ധീകരിക്കും. ഈ ഫലങ്ങളും ഇതേ ആപ്പില്‍ ലഭ്യമാക്കും.

---- facebook comment plugin here -----

Latest