Connect with us

Ongoing News

കണ്ണു ചിമ്മി പാടുന്ന വിരലുകൾ

Published

|

Last Updated

സ്പർശനത്തിന്റെ വിസ്മയകരമായ അപാരത കൊണ്ട് കാഴ്ചയുടെ നഷ്ടത്തെ മറികടക്കുന്ന മനുഷ്യനുണ്ടിവിടെ. വിരൽ തുമ്പുകളിൽ സാന്ദ്ര സംഗീതത്തിന്റെ അതീന്ദ്രിയ തലങ്ങളെ തൊട്ടുണർത്തുന്ന മെലഡിക് പക്ഷി; നിസാർ തൊടുപുഴ. മഹാ നഗരത്തിന്റെ മീതെ വെളിച്ചം വാരി വിതറുന്ന മനോഹാരിതയേയും സന്ധ്യാ പൂർണിമയുടെ സിന്ദൂര ചുവപ്പും മാരിവില്ലിന്റെ മോഹവർണങ്ങളും പൂവും പൂമ്പാറ്റയും പുഷ്പിച്ചു നിൽക്കുന്ന മായികലോകത്തിന്റെ വർണകാന്തിയും അകലെ നിർത്തിയ ജന്മവിധിയെ ചൊല്ലി, സംഗീതത്തിന്റെ സ്വരലയ തന്ത്രികളിൽ എല്ലാം മറന്നൊഴുകുന്ന നിസാർ മാഷിനിപ്പോൾ പരിഭവങ്ങളേതുമില്ല. വിധിയുടെ വീതംവെപ്പിൽ നിരാശയുടെ മൗനം കുടിച്ചിരിക്കാതെ സാഹചര്യങ്ങളുടെ പരിമിതികളെ സർഗാത്മകതയുടെ സാധ്യതയാക്കി പരിവർത്തിപ്പിച്ചു.

അകക്കണ്ണിന്റെ അത്ഭുതം കൊണ്ട് ജീവിതത്തെ പ്രസന്നമാക്കിയ നിസാർ മാഷ് സ്വരഭാഗ്യം കൊണ്ടനുഗ്രഹിക്കപ്പെട്ടവരുടെ സ്വപ്‌നങ്ങൾ വിരൽ തുമ്പുകൾ കൊണ്ട് തൊട്ടുണർത്തുകയാണിന്ന്.

ഉമ്മച്ചിയുടെ പാട്ട്

തലയോലപ്പറമ്പ് നീർപാരയിലെ റസിഡൻഷ്യൽ സംവിധാനത്തിലുള്ള ബ്ലൈൻഡ് സ്‌കൂളിലാണ് പ്രാഥമിക പഠനം. മൂന്ന് മാസത്തിലൊരിക്കൽ ലീവ്. എട്ടും പൊട്ടും തിരിയാത്ത കാലത്ത് ജന്മാന്ധനായ ഒന്നാം ക്ലാസുകാരനെ ദൂരെ വിടുന്നതിൽ ഉമ്മയെ പഴിചാരാൻ ആളുകളേറെയുണ്ടായിരുന്നു. കാര്യം ബോധ്യപ്പെടുത്തി വന്നപ്പോഴൊക്കെ ഫലം നിരാശയുടെത് മാത്രമായി. കൂട്ടുകുടുംബങ്ങളുടെ കുത്തുവാക്കുകൾക്കിടയിലും ഉമ്മ സ്വഫിയ്യ ക്ലാസ്മുറിയോളം കൈപിടിച്ച് ഒരു ചുംബനം നൽകി തിരിച്ചുപോന്നു. ബധിരനും മൂകനുമായ ഉപ്പക്കും മാഷിനുമിടയിലെ മീഡിയേറ്ററും ഉമ്മ തന്നെ. വിധിയിൽ വിലപിച്ചിരിക്കാതെ തന്നെ വിദ്യാലയ വരാന്തകളിലെത്തിച്ച ഉമ്മ, വിശുദ്ധിയുടെ മാലാഖയാണ് മാഷിന്. നോവും നൊമ്പരവും ഉമ്മയോളമറിയുന്നൊരാൾ ഉലകിലില്ലെന്ന് മാഷ് ചേർത്തു പറയും. അതുകൊണ്ടുതന്നെ ഏറ്റവും ഇഷ്ടപ്പെട്ട ഗാനത്തെ കുറിച്ച് ചോദിച്ചാൽ മാഷ് പാടിത്തരും ഉമ്മച്ചിയുടെ പാട്ട്. ഉമ്മച്ചിക്കു മാത്രമായി എടുത്തുവെച്ച പാട്ട്.

മൂന്നാം ക്ലാസ് തൊട്ടേ മാഷ് പാട്ടിന്റെ വഴിയിലുണ്ട്. ആ പാട്ടിന്റെ പാലാഴി തേടി അംഗീകാരങ്ങൾ പലതും വന്നു. 1997ൽ കലിക്കറ്റ് യൂനിവേഴ്‌സിറ്റി കലാപ്രതിഭാപട്ടം, സൗത്ത് ഇന്ത്യൻ യൂത്ത് ഫെസ്റ്റിവലിൽ ഒന്നാം സ്ഥാനം, നാഷനൽ യൂത്ത് ഫെസ്റ്റിവലിൽ ഒന്നാം സ്ഥാനം എന്നിവക്ക് പുറമെ വിജയ ലക്ഷ്മിയോടൊപ്പം സംഘമിത്ര ഫൈനാൻസ് സൊസൈറ്റി അവാർഡും പങ്കിട്ടു. ചിറ്റൂർ ഗവ. കോളജിൽ നിന്ന് എം എ മ്യൂസിക് കഴിഞ്ഞ് 1998ൽ മഞ്ചേരി വള്ളിക്കാപറ്റ ബ്ലൈൻഡ് സ്‌കൂളിൽ സംഗീതാധ്യാപകനായാണ് കരിയർ തുടങ്ങുന്നത്.

തബല പഠിക്കണം. മനസ്സിൽ മോഹം തുടികൊട്ടി. അന്വേഷിച്ചെത്തിയത് മഞ്ചേരിയിലെ മെലോഡിയ സ്‌കൂൾ ഓഫ് മ്യൂസിക്കിൽ. നടത്തിപ്പുക്കാരൻ മുഹ്‌സിൻ കുരിക്കൾ ഒന്നു ഞെട്ടി. കൺതുറക്കാതെങ്ങനെ തബല കൊട്ടുമെന്ന ആധി. യോഗ്യത തേടിയപ്പോൾ വിസ്മയം കൂറാതിരിക്കാനായില്ല. ആ ചെറുപ്പക്കാരന്റെ അകക്കണ്ണിൽ നിന്നൊരു വെളിച്ചം മുഹ്‌സിൻ കുരിക്കളുടെ ഹൃദയാന്തരങ്ങളിലേക്ക് ആഴ്ന്നിറങ്ങി. എന്നാലിവിടെ ക്ലാസിക്കൽ സംഗീതമെടുത്തുകൂടെ എന്നായി കുരിക്കൾ. അന്ന് മുതൽ മഞ്ചേരി മെലോഡിയ സ്‌കൂൾ ഓഫ് മ്യൂസിക്കിലും അധ്യാപകനാണ് നിസാർ തൊടുപുഴ; ആ വിസ്മയങ്ങളുടെ കൂട്ടിരിപ്പുകാരനായി മുഹ്‌സിൻ കുരിക്കളും.
വിദ്യാർഥികാലത്തു തന്നെ സംഗീതം പകർന്ന് നൽകിയ മാഷ് ഇരുപത് വർഷമായി മെലോഡിയയിൽ സ്വരമോഹങ്ങൾക്ക് ചിറക് തുന്നുന്നു. 2012ൽ റിയാലിറ്റി ഷോകളിലേക്കുള്ള പരിശീലനവും തുടങ്ങിയതോടെ കീർത്തി വാനോളമുയർന്നു. ആ ശ്രുതിയൊലികൾ സാഗരം കടന്ന് പാടി. ആ പാട്ടൊഴുക്കുകൾക്ക് കടലലമാലകൾ ഈണം പിടിച്ചു. എല്ലാം ഒരു കിനാവിൽ നിന്ന് കേട്ടുണർന്ന് നിസാർ മാഷും.
അധ്യാപനത്തിന്റെ ഫലം കണ്ടു തുടങ്ങി.

പഠിതാക്കളോരോന്നും വിജയ സോപാനങ്ങളിലേറുമ്പോൾ ക്ലാസ് പുലർച്ചെ അഞ്ച് മുതൽ രാത്രി രണ്ട് വരേ നീട്ടേണ്ടി വന്നു. ആരോഗ്യത്തെ സൂചിപ്പിക്കുമ്പോൾ ആരോട് നോ പറയുമെന്നായി മാഷ്. സ്‌നേഹത്തിന്റെ നല്ല പാതി ശറഫുന്നീസ തന്നെ മിസ്സ് ചെയ്യുന്നതായി പരിഭവപ്പെട്ടത് പറയുമ്പോൾ മാഷ് ചിരിക്കും.

റൈഹാൻ വൃന്ദാവനം

Latest