Connect with us

Ongoing News

ആരാണീ ബ്രൗൺ ഗേൾ?

Published

|

Last Updated

അമര മജീദ്

ശ്രീലങ്കയിൽ ഈസ്റ്റർ ദിനത്തിലെ സ്‌ഫോടനം നടന്ന് മൂന്നാം നാൾ, ഏപ്രിൽ 24ന്, അമേരിക്കിയിലെ ബ്രൗൺ സർവകലാശാലയിലെ ശ്രീലങ്കൻ വംശജയായ വിദ്യാർഥിനി അമര മജീദിന്റെ ഫോൺ നിർത്താതെ ശബ്ദിച്ചുകൊണ്ടേയിരുന്നു. ശ്രീലങ്കയിലെ പ്രിയപ്പെട്ട ബന്ധുക്കളുടെതായിരുന്നു ആ രാത്രി അവളെ തേടിയെത്തിയ ഫോൺകോളുകളിലധികവും. രാവിലെ ഉറക്കമെഴുന്നേറ്റ് നോക്കുമ്പോഴാണ് രാത്രി അസാധാരണമായതെന്തോ സംഭവിച്ചത് പോലെ മൊബൈൽ ഡിസ്‌പ്ലേയിൽ 35 മിസ്സ്ഡ് കോളുകൾ കാണുന്നത്. ഒരു നിമിഷം പകച്ചുപോയ അമര, ശ്രീലങ്കയിലെ ബന്ധുക്കളെ തിരിച്ചുവിളിച്ചു കാര്യമന്വേഷിച്ചു. ഈസ്റ്റർ ദിനത്തിൽ നടന്ന സ്‌ഫോടനത്തിന് പിന്നിൽ ബന്ധമുണ്ടെന്ന് സംശയിക്കുന്ന ഭീകരവാദികളെ സംബന്ധിച്ച വിവരങ്ങളോടൊപ്പം അമരയുടെ ചിത്രമുണ്ടെന്ന ഞെട്ടിക്കുന്ന വാർത്തയാണ് അവർ കൈമാറിയത്.

സംശയിക്കുന്നവരുടെ കൂട്ടത്തിലെ ഫാത്വിമ ഖാദിയ എന്ന പേരിനൊപ്പമാണ് അമരയുടെ ഫോട്ടോ ശ്രീലങ്കൻ സർക്കാർ പ്രസിദ്ധീകരിച്ചത്. സാമൂഹികമാധ്യമങ്ങൾ വഴിയും മാധ്യമങ്ങളുടെ ഓഫീസുകളിലേക്ക് വിളിച്ചും അമര കാര്യങ്ങൾ വിശദീകരിച്ചു. ഭീകരാക്രമണങ്ങളുമായി തന്നെ ബന്ധിപ്പിക്കുന്നത് ദയവുചെയ്ത് അവസാനിപ്പിക്കണമെന്ന് അമര തന്റെ മാതൃ രാജ്യത്തെ സർക്കാറിനോട് അഭ്യർഥിച്ചു. ഒരാളുടെ കുടുംബത്തെയും സമുദായത്തെയും തകർക്കുന്ന വിവരങ്ങൾ പങ്കുവെക്കുമ്പോൾ ശ്രദ്ധിക്കണമെന്നും അമര എല്ലാവരോടുമായി ഓർമിപ്പിച്ചു. ഇതോടെ അമരയാരാണെന്ന അന്വേഷണം ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുണ്ടായി. വിവിധ മാധ്യമങ്ങൾ അമര മജീദ് എന്ന മുസ്‌ലിം വനിതാ ആക്ടിവിസ്റ്റിനെ കുറിച്ചുള്ള വാർത്തകൾ പ്രസിദ്ധീകരിച്ചു.

ഹിജാബ് പ്രൊജക്ട്

പതിനാലാം വയസ്സ് മുതൽ തന്നെ അമര ഹിജാബ് ധരിക്കുമായിരുന്നു. ഇതിനാൽ പലരിൽ നിന്നായി ഏറെ വെറുപ്പുകളേറ്റു വാങ്ങേണ്ടി വന്നിരുന്നു ആ കൊച്ചു പെൺകുട്ടിക്ക്. തീവ്രവാദിവിളി മുതൽ എയ്ഡ്‌സ് രോഗം ലഭിക്കട്ടെ എന്നുവരെ അധിക്ഷേപിച്ചവരും ശപിച്ചവരുമുണ്ടായിരുന്നു. ഇതിനെതിരെ പോരാടാനും സമൂഹത്തെ ബോധവത്കരിക്കാനുമാണ് ഹൈസ്‌കൂൾ വിദ്യാർഥിയായിരിക്കെ പതിനാറുകാരിയായ അമര, ഹിജാബ് പ്രൊജകട് എന്ന ആശയം കൊണ്ടുവന്നത്. എല്ലാ സ്ത്രീകളും ഒരു ദിവസം ഹിജാബ് ധരിക്കുകയും അപ്പോൾ അനുഭവിക്കേണ്ടി വരുന്ന വിവേചനം എഴുതി അറിയിക്കുകയും ചെയ്യുക എന്നതായിരുന്നു പ്രൊജക്ട്. ഹിജാബ് ധരിക്കുന്ന മുസ്‌ലിം സ്ത്രീകൾ നേരിടുന്ന വെല്ലുവിളി സാമൂഹിക പരീക്ഷണത്തിലൂടെ ലോകത്തെ അറിയിക്കുകയായിരുന്നു അമര മജീദ് ഇതിലൂടെ പ്രധാനമായും ലക്ഷ്യം വെച്ചത്.

2013 ഡിസംബറിലാണ് ഹിജാബ് പ്രൊജക്ടുമായി അമര അമേരിക്കൻ സമൂഹത്തിന് മുന്നിൽ ആദ്യമായി പ്രത്യക്ഷപ്പെടുന്നത്. ഇസ്‌ലാമിനെ കുറിച്ചുള്ള വാർപ്പുമാതൃകകൾ പൊളിച്ചടുക്കുക, ഇസ്‌ലാമോഫോബിയക്കെതിരെ പോരാടുക എന്നതാണ് ഹിജാബ് പ്രൊജക്ടിലൂടെ താൻ ലക്ഷ്യംവെച്ചതെന്ന് അമര തുറന്നു പറയുന്നു. അമേരിക്കയിലും പുറത്തും ജനങ്ങൾ പ്രൊജക്ടിനെ ഏറ്റെടുത്തു. ഹിജാബ് പരീക്ഷിച്ച സമയത്ത് തങ്ങളോട് സമൂഹം എങ്ങനെയാണ് പെരുമാറിയതെന്ന് ഹിജാബ് പ്രൊജക്ട് വെബ്‌സൈറ്റിൽ അവർ തുറന്നഴുതി. മാധ്യമങ്ങൾ അമരക്ക് നിറഞ്ഞ പിന്തുണ നൽകി. പ്രൊജക്ടിലൂടെ അമേരിക്കൻ പൊതുസമൂഹത്തിനിടയിൽ ഹിജാബ് ധരിക്കുന്ന മുസ്‌ലിം സ്ത്രീകളെ കുറിച്ചുള്ള തെറ്റായ ധാരണകൾ തിരുത്താൻ കഴിഞ്ഞിട്ടുണ്ടെന്നാണ് അമര വിശ്വസിക്കുന്നത്. മുസ്‌ലിം സ്ത്രീകൾ കുടുംബത്തിന്റെ സമ്മർദം മൂലമാണ് ഹിജാബ് ധരിക്കുന്നതെന്നായിരുന്നു അമേരിക്കയിലെ ഫെമിനിസ്റ്റുകളടക്കം വിശ്വസിച്ചിരുന്നത്. എന്നാൽ, ഹിജാബ് പ്രൊജക്‌ടോടെ ഇത് തിരുത്താൻ കഴിഞ്ഞെന്നും അമര വിവിധ മാധ്യമങ്ങൾക്ക് നൽകിയ അഭിമുഖത്തിൽ പറയുന്നു.

2014ൽ അമര രചിച്ച “ദി ഫോറിനേഴ്‌സ്” എന്ന പുസ്തകം ഏറെ ശ്രദ്ധനേടിയിരുന്നു. മുസ്‌ലിം ജീവിതങ്ങളെ കുറിച്ചുള്ള പച്ചയായ വിവരമാണ് ദി ഫോറിനേഴ്‌സ്. 9/11ന് ശേഷം മുസ്‌ലിം ജീവിതങ്ങളെ കുറിച്ച് അമേരിക്കയിലുണ്ടായ പൊതുബോധങ്ങളുടെ പൊളിച്ചെഴുത്ത് കൂടിയാണ് ഈ പെണ്ണെഴുത്ത്. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പിന്റെ വംശീയ, മത, വർണ വിവേചനത്തിനെതിരെ തുറന്ന കത്തെഴുതിയും അമര അമേരിക്കൻ മാധ്യമങ്ങളിൽ ശ്രദ്ധ നേടിയിരുന്നു. ഈ ചുരുങ്ങിയ കാലത്തിനുള്ളിൽ അമരയെന്ന മുസ്‌ലിം വനിതാ ആക്ടിവിസ്റ്റിനെ തേടി നിരവധി അംഗീകാരങ്ങൾ എത്തിയിട്ടുണ്ട്. ബിസിനസ്സ് ഇൻ സൈഡർമോസ്റ്റ് ഇംപ്രസീവ് ഹൈസ്‌കൂൾ സ്റ്റുഡന്റ് 2015, ബി ബി സി മോസ്റ്റ് ഇൻസ്‌പെയറിംഗ് വുമൺ 2015, ബ്രൗൺ മാഗസിന്റെ ബ്രൗൺ ഗേൾ അവാർഡ് തുടങ്ങിയവയാണ് അവരെ തേടിയത്തിയ പ്രധാന അംഗീകാരങ്ങൾ.

ശാഫി കരുന്പിൽ • mskvalakkulam@gmail.com

Latest