Connect with us

Cover Story

നഗരത്തിന്റെ ശ്വാസകോശം

Published

|

Last Updated

മെട്രോ നഗരമായ കൊച്ചിയുടെ മധ്യത്തിൽ ഒത്തിരി കാഴ്ചകളൊരുക്കി പ്രകൃതിയുടെ പച്ചപ്പ് പടർന്നുപന്തലിച്ചുകിടക്കുന്നുണ്ട്. തിരക്കിൽ മുങ്ങിയ നഗരത്തിന്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന മംഗളവനം കാഴ്ചകളുടെ പറുദീസയാണ്. കൊച്ചി മറൈൻ ഡ്രൈവിന്റെ വടക്ക് ഭാഗത്ത് ഹൈക്കോടതിയുടെ പിറകുവശത്തുള്ള പീച്ചി ഫോറസ്റ്റ് റേഞ്ചിന്റെ കീഴിൽ വരുന്ന 6.77 ഏക്കർ വനഭൂമിയാണ് മംഗളവനം എന്നറിയപ്പെടുന്ന ഈ പക്ഷി സങ്കേതം.

തടി ഡിപ്പോ വനമായ കഥ

തടി ഡിപ്പോയിൽ നിന്നാണ് മംഗളവനമെന്ന തുരുത്ത് രൂപപ്പെട്ടതെന്നാണ് ചരിത്രം. 1981 വരെ വനം വകുപ്പിന്റെ തടി ഡിപ്പോയായിരുന്നു ഇവിടം. ഫെറികളിലൂടെ എത്തിച്ചിരുന്ന തടികൾ സൂക്ഷിച്ച സ്ഥലം. വേമ്പനാട്ടു കായലിന്റെ ഒരു കൈവഴി ഈ പ്രദേശത്തുകൂടെയാണ് കടന്നുപോകുന്നത്. അതിനാൽ ട്രെയിൻ വഴിയെത്തുന്ന ചരക്കുകൾ ജലപാതയിലൂടെ വിവിധയിടങ്ങളിലേക്ക് കൊണ്ടുപോയിരുന്നതും ഇവിടെ നിന്നായിരുന്നു.
കാലക്രമേണ കണ്ടലും മരങ്ങളും നിറഞ്ഞ സ്വാഭാവിക വനം വളർന്നു പന്തലിച്ചു. കായലിൽ നിന്ന് വേലിയേറ്റത്തിനും വേലിയിറക്കത്തിനും അനുസരിച്ച് ഉപ്പ് വെള്ളം കയറിയിറങ്ങുന്ന ഭൂമിയായതിനാൽ കണ്ടലുകൾ കരുത്തോടെ വേരുറച്ചു. 2004 ആഗസ്റ്റ് 31നാണ് എറണാകുളം ജില്ലയിലെ തട്ടേക്കാടിന് ശേഷമുള്ള രണ്ടാമത്തെ പക്ഷി സങ്കേതമായി മംഗള വനത്തെ പ്രഖ്യാപിച്ചത്.

രണ്ടേക്കറോളമാണ് മരങ്ങൾ വളരുന്ന കരഭൂമി. ബാക്കി 4.77 ഏക്കർ ഭൂമി കണ്ടൽ നിറഞ്ഞ ചതുപ്പും കായലിന്റെ കൈവഴിയുമാണ്. 200 മീറ്ററോളം നീളമുണ്ട് വനത്തിലെ ജലാശയത്തിന്. ചിലയിടങ്ങളിൽ ഇതിന് 50 മീറ്ററോളം വീതിയുണ്ട്. നഗര പ്രദേശത്ത് സ്ഥിതി ചെയ്യുന്ന സംസ്ഥാനത്തെ ഏക പക്ഷിസങ്കേതം കൂടിയാണ് മംഗള വനം. കണ്ടൽക്കാടുകളും മരങ്ങളും നിറഞ്ഞ ഇവിടെ ധാരാളം ദേശാടനപ്പക്ഷികളും എത്താറുണ്ട്. നഗരത്തിന്റെ കാതടപ്പിക്കുന്ന ശബ്ദകോലാഹലങ്ങളും മടുപ്പിക്കുന്ന ഗതാഗതക്കുരുക്കുകളും ചുട്ടുപൊള്ളുന്ന വെയിലിനുമെല്ലാം ആശ്വാസമെന്നോണം പ്രകൃതി കനിഞ്ഞുനൽകിയ ഈ പച്ചപ്പിൽ അപൂർവ പ്രാണികളും പക്ഷികളും ജീവജാലങ്ങളുമെല്ലാം സ്ഥിരം കാഴ്ചയാണ്. ഈ കാട്ടിലെത്തിയാൽ നഗരത്തിന്റെ ചൂടിൽ നിന്ന് മനസ്സും ശരീരവും ഒരുവേള കുളിരണിയും. സൂര്യൻ കത്തുന്ന നട്ടുച്ചക്ക് പോലും ആശ്വാസത്തിന്റെ തിരിനാളം പോലെ ഈ പച്ചപ്പ് തണലിടും.

കണ്ടൽ വനത്തിലെ
ഏക പക്ഷിസങ്കേതം

2004ൽ നിലവിൽ വന്ന മംഗളവനം പക്ഷിസങ്കേതം സംസ്ഥാന വനം വകുപ്പിന്റെ കീഴിലുള്ള ഏറ്റവും ചെറിയ സംരക്ഷിത പ്രദേശമാണ്. പ്രധാനമായും കണ്ടൽ കാടുകളാണ് ഇവിടം. അതിനാൽ തന്നെ കണ്ടൽ വനങ്ങളിൽ സ്ഥിതി ചെയ്യുന്ന സംസ്ഥാനത്തെ ഏക പക്ഷിസങ്കേതമെന്ന പ്രത്യേകതയും മംഗളവനത്തിന് സ്വന്തമാണ്. കണ്ടൽ എന്ന അർഥം വരുന്ന മംഗൾ എന്ന പോർച്ചുഗീസ് പദത്തിൽ നിന്നാണ് മംഗള വനം എന്ന പേര് വന്നത്. വനത്തിൽ കയറുമ്പോൾ തന്നെ ധ്യാനത്തിലിരിക്കുന്ന ബുദ്ധ പ്രതിമയാണ് ആദ്യം കാണാനാകുക. മുളകൾ കൊണ്ട് നിർമിച്ച കുടിലാണ് അടുത്തതായി സന്ദർശകരെ സ്വാഗതം ചെയ്യുക. റേഞ്ച് ഓഫീസറുടെ മുന്നിലുള്ള രജിസ്റ്ററിൽ പേരുവിവരങ്ങൾ എഴുതിവെച്ച് മംഗളവനം നടന്നു കാണാവുന്നതാണ്. ആവശ്യപ്പെട്ടാൽ ബൈനോക്കുലർ റേഞ്ച് ഓഫീസറുടെ പക്കൽ നിന്ന് ലഭിക്കുമെന്ന വിവരം അധികമാർക്കും അറിയില്ല.

ചതുപ്പുകൾക്ക് ചുറ്റും പടർന്ന് നിൽക്കുന്ന കണ്ടലുകൾ, വൻ മരങ്ങളിൽ തൂങ്ങിക്കിടക്കുന്ന വവ്വാൽ കൂട്ടങ്ങൾ, തല ഉയർത്തി നിൽക്കുന്ന ഏറുമാടം, മരച്ചുവട്ടിലെ ബുദ്ധ പ്രതിമ ഇങ്ങനെ ഒരുപാട് ചെറിയ കാഴ്ചകളൊരുക്കി നഗര ജീവിതത്തിനിടയിൽ വലിയ ആശ്വാസം നൽകുകയാണ് കൊച്ചിയുടെ ഈ ശ്വാസകോശം. മുള കൊണ്ട് കെട്ടിയുണ്ടാക്കിയ വിശ്രമ സ്ഥലത്ത് പക്ഷികളെയും മരങ്ങളെയും കണ്ട് കാറ്റുകൊണ്ടിരിക്കാൻ എന്തെന്നില്ലാത്ത അനുഭൂതിയായിരിക്കും.

പക്ഷി നിരീക്ഷണത്തിന്
വാച്ച് ടവർ

മംഗളവനം പക്ഷി സംരക്ഷണ കേന്ദ്രം കൂടിയാണ്. അതിനാൽ പക്ഷി നിരീക്ഷണം നടത്തുന്നവർക്ക് ഒരു ഉത്തമ സഹായമാണ് ഈ വനം. പക്ഷികളെ കാണുന്നതിനുള്ള സൗകര്യത്തിന് ഇവിടെ ഉയരത്തിൽ വാച്ച് ടവറുമുണ്ട്. 30 അടിയോളം ഉയരമുള്ള വാച്ച് ടവറിൽ ഒരാൾക്ക് പത്ത് മിനുട്ടിൽ കൂടുതൽ സമയം വിനിയോഗിക്കുന്നതിന് വിലക്കുണ്ട്.

ഒരു മരത്തിലെ ഇലകൾ പോലെ തൂങ്ങിക്കിടക്കുന്ന വവ്വാൽ കൂട്ടങ്ങൾ കാഴ്ചക്കാരിൽ കൗതുകമുണർത്തും. 2006 മെയ് മാസം നടത്തിയ സർവേ പ്രകാരം ഇവിടെ 32 ഇനത്തിൽപ്പെട്ട 190ലധികം പക്ഷികൾ ഉള്ളതായി കണ്ടെത്തിയിരുന്നു. ഈ ഭാഗത്ത് നിന്ന് ഇതുവരെ രേഖപ്പെടുത്തിയ പക്ഷികളുടെ ഇനങ്ങൾ 72 ആണ്. 17 തരത്തിൽപ്പെട്ട ചിത്രശലഭങ്ങളെയും 51 തരം ചിലന്തികളെയും കണ്ടെത്തിയതായി സർവേയിലുണ്ട്.

ചെറിയ വനം നിറയെ പക്ഷികളും വവ്വാലുകളും നിറഞ്ഞുനിൽക്കുന്ന കാഴ്ച നഗരത്തിലെ അത്ഭുതമായി വിശേഷിപ്പിക്കാം. ഇവിടെയൊരുക്കിയ ട്രീ ഹൗസ് തടാകത്തിനരികിലെ വിശ്രമം, തിരക്കുകൾ നിറഞ്ഞ ജീവിതത്തിനിടയിൽ പ്രകൃതിയെ അറിയാനുള്ള നല്ലൊരുപാധിയാണ്. രാവിലെ പത്ത് മുതൽ വൈകിട്ട് അഞ്ച് വരെയാണ് സന്ദർശന സമയം. വനം കുപ്പിന് കീഴിലുള്ള ഈ നഗരവനത്തിന് അവധിയില്ല. പ്രവേശനം സൗജന്യമാണ്. വിദ്യാർഥികൾക്കായി സൗജന്യ പരിസ്ഥിതി പഠന ക്യാമ്പുകളും വനം വകുപ്പ് ഇവിടെ സംഘടിപ്പിക്കാറുണ്ട്.
ഈ ഹരിതവനത്തെ കുറിച്ച് അധികമാർക്കും അറിയില്ലെങ്കിലും ഇവിടെ ഒരിക്കൽ എത്തിയവർ പലതവണ വരാറുണ്ട്. അധിക ദൂരം യാത്ര ചെയ്യാതെ തന്നെ കാടിന്റെ അന്തരീക്ഷം ലഭിക്കാൻ ഇതിലും എളുപ്പ മാർഗം വേറെയില്ല.

ഭാവി അത്ര
മംഗളകരമല്ല

നഗര വികസനത്തിന്റെ തിരക്കിനിടയിൽ, പ്രകൃതിയെ ഇതുപോലെ സംരക്ഷിക്കുന്നത് അഭിമാനർഹമായ കാര്യമാണെങ്കിലും അടുത്തിടെയായി നിർമിച്ച പുതിയ കെട്ടിടങ്ങളും മറ്റും ഇവിടുത്തെ പക്ഷികളുടെ സ്വൈര വിഹാരത്തിന് തടസ്സമായിട്ടുണ്ട്. ഹൈക്കോടതിയുടെ പുതിയ കെട്ടിടമാണ് ഏറ്റവുമൊടുവിലായി വന്നത്. മംഗളവനം നികത്തി പാർക്കിംഗ് ഏരിയയായി മാറ്റുന്നതിനുള്ള ആലോചനയും നടന്നിരുന്നു. ഇതിനെതിരെ പ്രകൃതി സ്‌നേഹികളും പരിസ്ഥിതി പ്രവർത്തകരും ഒത്തൊരുമിച്ച് പ്രക്ഷോഭം നടത്തി തീരുമാനം തിരുത്തിക്കുകയായിരുന്നു. മംഗള വനത്തിന്റെ ഭൂമി നാലതിർത്തിയിലും മതിൽ കെട്ടി സൂക്ഷിച്ചതിനാൽ കൈയേറ്റ ഭീഷണിയില്ലെന്നത് ആശ്വാസമാണ്.

നാളുകൾ പിന്നിടുംതോറും മംഗളവനത്തിന്റെ അവസ്ഥ പരിതാപകരമാവുകയാണ്. സന്ദർശകർക്ക് അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിലുള്ള അലംഭാവം മുതൽ വനത്തിലെ ആവാസവ്യവസ്ഥയെ ബാധിക്കുന്ന പ്രശ്‌നങ്ങൾ വരെ നാൾക്കുനാൾ വർധിക്കുന്നു. 2009ൽ 16ഇനം ദേശാടന പക്ഷികൾ ഉൾപ്പെടെ 103 ഇനം പക്ഷികളെ ഇവിടെ കണ്ടെത്തിയിരുന്നുവെങ്കിൽ 2017ൽ സാലിം അലി സെന്റർ ഫോർ ഓർണിത്തോളജി ആൻഡ് നാച്വറൽ ഹിസ്റ്ററി (സാകോൺ) നടത്തിയ പഠനത്തിൽ കണ്ടെത്താനായത് 97 ഇനം പക്ഷികളെ മാത്രമാണ്.

സാകോൺ നടത്തിയ പഠനത്തിൽ മംഗളവനത്തിന് മൂന്ന് പ്രധാന വെല്ലുവിളികളുള്ളതായും കണ്ടെത്തിയിരുന്നു. ചുറ്റും ഉയർന്ന വൻ കെട്ടിടങ്ങളും നഗരത്തിലെ മലിനീകരണവും ജലാശയത്തിന്റെ നാശവുമാണ് മംഗളവനത്തിന് ആശങ്കയുളവാക്കുന്നത്. ജല ആവാസ വ്യവസ്ഥയുമായി ബന്ധപ്പെട്ട നീർപക്ഷികളാണ് ഇവിടെ കൂടുതലായി കാണപ്പെടുന്നത്. നേരത്തെ പടിഞ്ഞാറ് ഭാഗത്തുള്ള കായലിൽ നിന്ന് മീൻകൊത്തിപ്പക്ഷികൾ പറന്നെത്തുമായിരുന്നു. എന്നാൽ ഗോശ്രീ പാലം നിർമാണത്തോടനുബന്ധിച്ചുള്ള വികസനത്തിന്റെ ഭാഗമായി കായലോര ഭൂമിയിൽ വൻ സമുച്ഛയങ്ങൾ ഉയർന്നതോടെ മംഗളവനത്തിലേക്കുള്ള പക്ഷികളുടെ വരവ് ഇല്ലാതായി.

വേലിയേറ്റത്തിനൊപ്പം കായലിൽ നിന്ന് പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങളാണ് വനത്തിലേക്കെത്തുന്നത്. ഇത് ആവാസ വ്യവസ്ഥയെ ബാധിക്കുന്ന പരിസ്ഥിതി പ്രശ്‌നമായി മാറിക്കഴിഞ്ഞു. നഗരത്തിലെ മാലിന്യങ്ങളും വനത്തിലെ കൈവഴിയിലൂടെ ഒഴുകിയെത്തുന്നുണ്ട്.
ഒന്നര പതിറ്റാണ്ടിനിടെ ജലാശയത്തിന്റെ വിസ്തൃതി 55 ശതമാനം കുറഞ്ഞതായും സാകോൺ കണ്ടെത്തിയിരുന്നു. 2002ൽ ആകെ വന പ്രദേശത്തിന്റെ 2.27 ഏക്കർ ആയിരുന്നു ജലാശയം. അതായത് 33 ശതമാനം. 2017ൽ ഇത് 1.23 ഏക്കറായി (19 ശതമാനം) കുറഞ്ഞു.

കൊച്ചിയുടെ ഓക്‌സിജൻ സംരക്ഷിക്കുന്ന മംഗളവനവും സമീപ പ്രദേശവും സംരക്ഷിക്കേണ്ടത് വരും തലമുറകളുടെ കൂടി ആവശ്യമാണെന്ന് തിരിച്ചറിഞ്ഞാൽ അന്ന് തീരും ഈ നശീകരണ പ്രവർത്തനങ്ങൾ.

പി പി ജാഫർ അബ്ദുർറഹീം •  jafarabdulrahim@gmail.com

Latest