Connect with us

National

അന്വേഷണ സമിതിയില്‍ ജഡ്ജിമാര്‍ അതൃപ്തി പ്രകടിപ്പിച്ചുവെന്ന വാര്‍ത്ത സുപ്രീം കോടതി നിഷേധിച്ചു

Published

|

Last Updated

ന്യൂഡല്‍ഹി: ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിക്കെതിരായ ലൈംഗി പീഡന പരാതി അന്വേഷിക്കുന്ന ആഭ്യന്തര സമിതിയെ ബന്ധപ്പെട്ട് രണ്ട് ജഡ്ജിമാര്‍ അന്വേഷണത്തില്‍ അതൃപ്തി രേഖപ്പെടുത്തിയെന്ന മാധ്യമ വാര്‍ത്ത സുപ്രീം കോടതി നിഷേധിച്ചു. അടിസ്ഥാന രഹിതമായ വിവരമാണിതെന്ന് സുപ്രീം കോടതി സെക്രട്ടറി ജനറല്‍ പ്രസ്താവനയില്‍ അറിയിച്ചു. അന്വേഷണ സമിതിയെ ജഡ്ജിമാരാരും സമീപിച്ചിട്ടില്ല.

അന്വേഷണം പരാതിക്കാരിയുടെ അസാന്നിധ്യത്തില്‍ നടത്തരുതെന്നും അങ്ങനെ ചെയ്താല്‍ അത് സുപ്രീം കോടതിയുടെ അന്തസ്സിനു കളങ്കം ചാര്‍ത്തുമെന്നും ജസ്റ്റിസുമാരായ വൈ ഡി ചന്ദ്രചൂഡ്, ആര്‍ എഫ് നരിമാന്‍ എന്നിവര്‍ സമിതിയെ സമീപിച്ച് ആവശ്യപ്പെട്ടുവെന്നായിരുന്നു വാര്‍ത്ത.
നേരത്തെ ജസ്റ്റിസ് വൈ ഡി ചന്ദ്രചൂഡും വാര്‍ത്ത നിഷേധിച്ചിരുന്നു.

അന്വേഷണത്തിനു കോടതി നിയോഗിച്ച മൂന്നംഗ സമിതിയുമായി സഹകരിക്കില്ലെന്ന് പരാതിക്കാരി നേരത്തെ വ്യക്തമാക്കിയിരുന്നു. മൊഴിയെടുക്കുമ്പോള്‍ തന്നോടൊപ്പം അഭിഭാഷകനെ അനുവദിക്കണമെന്ന ആവശ്യവും വീഡിയോ, ഓഡിയോ റെക്കോഡിംഗ് അനുവദിക്കണമെന്ന അഭ്യര്‍ഥനയും നിഷേധിച്ച സാഹചര്യത്തില്‍ സമിതിയില്‍ നിന്ന് നീതി ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്നാണ് പരാതിക്കാരി വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞത്

Latest