Connect with us

Kannur

ലീഗിന്റെ കള്ളവോട്ടിൽ കോൺഗ്രസിലും അമർഷം

Published

|

Last Updated

കണ്ണൂർ: എൽ ഡി എഫിനെതിരെ കള്ളവോട്ട് ആരോപണവുമായി രംഗത്ത് വന്ന് ഒടുവിൽ ലീഗും കുടുങ്ങിയതോടെ യു ഡി എഫ് വെട്ടിലായി. ഇതോടെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ സി പി എം കള്ളവോട്ട് ചെയ്തുവെന്ന യു ഡി എഫിന്റെ വ്യാപകമായ പരാതിയുടെ മുനയാണൊടിഞ്ഞിരിക്കുന്നത്. ലീഗുകാർ കാസർകോട് മണ്ഡലത്തിലെ കല്ല്യാശേരിയിൽ കള്ളവോട്ട് ചെയ്തുവെന്ന ആരോപണം തിരഞ്ഞെടുപ്പ് കമ്മീഷൻ സ്ഥിരീകരിച്ചതോടെ നടപടിയെടുക്കുമെന്ന് പ്രസ്താവനയുമായി പാർട്ടി നേതൃത്വം രംഗത്ത് വന്നിട്ടുണ്ട്. എങ്കിലും കള്ളവോട്ടിനെതിരെ നിയമ യുദ്ധം പ്രഖ്യാപിച്ച യു ഡി എഫിന് ലീഗിന്റെ കള്ളവോട്ട് നാണക്കേടായി മാറിയിരിക്കുകയാണ്.

ലോക്‌സഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞയുടൻ യു ഡി എഫാണ് കള്ളവോട്ടിനെതിരെ ആദ്യമായി രംഗത്ത് വന്നത്. കാസർകോട് ലോക്‌സഭാ മണ്ഡലത്തിൽപ്പെട്ട പിലാത്തറയിൽ പഞ്ചായത്ത് അംഗം ഉൾപ്പെടെയുള്ളവർ കള്ളവോട്ട് ചെയ്തുവെന്ന് ചൂണ്ടിക്കാട്ടിയുള്ള ദൃശ്യം ചാനലിലൂടെ പുറത്ത് വിട്ടായിരുന്നു യു ഡി ഫിന്റെ കള്ളവോട്ട് യുദ്ധം ആരംഭിച്ചത്.

ഇതേ തുടർന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ നടപടി സ്വീകരിച്ചതോടെയാണ് സി പി എമ്മും യു ഡി എഫിനെ കുടുക്കാൻ കള്ളവോട്ട് ആരോപണവുമായി രംഗത്ത് വന്നത്. അവരും തെളിവിനായി ദൃശ്യങ്ങൾ ഹാജരാക്കുകയും ചെയ്തു.
കാസർകോട് പാർലിമെന്റ് മണ്ഡലത്തിൽ ഉൾപ്പെട്ട കല്ല്യാശേരിയിൽ മൂന്ന് ലീഗ് പ്രവർത്തകർ കള്ളവോട്ട് ചെയ്തതാണ് ദൃശ്യത്തിലുള്ളത്. ഇതും തിരഞ്ഞെടുപ്പ് കമ്മീഷൻ സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്. കണ്ണൂർ ലോക്‌സഭാ മണ്ഡലത്തിലെ തളിപ്പറമ്പ് അസംബ്ലി മണ്ഡലത്തിലും കള്ളവോട്ട് ആരോപണമുയർന്നിരിക്കുന്നത് ലീഗിനെതിരെ തന്നെയാണ്. ഇത് സംബന്ധിച്ച് ജില്ലാ വരണാധികാരിയായ കലക്ടർ തെളിവെടുപ്പ് ആരംഭിച്ചിട്ടുണ്ട്.

ഏത് തിരഞ്ഞെടുപ്പ് നടന്നാലും കണ്ണൂരിൽ കള്ളവോട്ട് ആരോപണമുയരുന്നത് പതിവാണ്. കള്ളവോട്ട് ആരോപണം കോടതി കയറിയിട്ടുമുണ്ട്. കള്ളവോട്ട് ആരോപണം പലപ്പോഴും സി പി എമ്മിനും എൽ ഡി എഫിനുമെതിരെയാണ് ഉയർന്നു വരാറുള്ളത്.

എന്നാൽ കള്ളവോട്ടിനെതിരെ എന്നും പരാതിക്കാരായ യു ഡി എഫ് ഇത്തവണ കള്ളവോട്ടിൽ കുരുങ്ങിക്കിടക്കുന്നത് നേതൃത്വത്തിന് തന്നെ തലവേദനയായിരിക്കുകയാണ് . കള്ളവോട്ടിനെതിരെ നിയമ പോരാട്ടം നടത്തുമെന്ന് കണ്ണൂരിലെ യു ഡി എഫ് സ്ഥാനാർഥി കെ സുധാകരൻ തിരഞ്ഞെടുപ്പിന്റെ പിറ്റേന്ന് തന്നെ പ്രഖ്യാപിച്ചിരുന്നു.
എല്ലാ ബൂത്തുകളിൽ നിന്നുമുള്ള തെളിവ് ശേഖരിച്ച് നിയമപരമായി പോരാടുമെന്നായിരുന്നു കെ സുധാകരന്റെ പ്രഖ്യാപനം. ഇതിനിടയിലാണ് ജില്ലയിൽ രണ്ടിടങ്ങളിൽ മുസ്്്ലിം ലീഗിനെതിരെ കള്ളവോട്ട് പരാതിയെത്തിയത്.
ഇനി ഏതായാലും കള്ളവോട്ടിനെതിരായ യുദ്ധം ഫല പ്രഖ്യാപനത്തിന് ശേഷമാക്കാനാണ് കോൺഗ്രസിന്റെ ആലോചന.

ലീഗിന്റെ കള്ളവോട്ട് സംബന്ധിച്ച് കോൺഗ്രസിലും അമർഷമുണ്ടാക്കിയിട്ടുണ്ട്. കള്ളവോട്ട് സംബന്ധിച്ച് പ്രതിരോധവുമായി ലീഗ് നേതൃത്വം രംഗത്തിറങ്ങിയിട്ടുണ്ടെങ്കിലും കോൺഗ്രസിന്റെ നേതാക്കൾ വലിയ തോതിൽ പ്രതികരിക്കാൻ തയ്യാറായിട്ടില്ല. കള്ളവോട്ടിനെതിരായ പ്രചാരണത്തിന് ലീഗിന്റെ കളളവോട്ട് തിരിച്ചടിയായതായി കോൺഗ്രസ് വിലയിരുത്തുന്നു.