Connect with us

National

ബി ജെ പി നേതാവിന്റെ കൊലപാതകത്തെ അപലപിച്ച് ജമ്മു കശ്മീര്‍ ഗവര്‍ണര്‍; അന്വേഷണത്തിന് ഉത്തരവ്

Published

|

Last Updated

ശ്രീനഗര്‍: ബി ജെ പി നേതാവ് ഗുല്‍ മുഹമ്മദ് മിര്‍റിന്റെ കൊലപാതകത്തെ ജമ്മു കശ്മീര്‍ ഗവര്‍ണര്‍ സത്യപാല്‍ മാലിക്ക് അപലപിച്ചു. സംഭവത്തില്‍ അന്വേഷണത്തിന് ഗവര്‍ണര്‍ ഉത്തരവിട്ടു. സംസ്ഥാനത്ത് കഴിഞ്ഞ കുറച്ചു മാസങ്ങള്‍ക്കിടയില്‍ വിവിധ രാഷ്ട്രീയ കക്ഷികളുടെ നേതാക്കള്‍ കൊല്ലപ്പെട്ടതില്‍ അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു.

രാഷ്ട്രീയ നേതാക്കള്‍ക്ക് സുരക്ഷ നല്‍കുന്നതില്‍ വീഴ്ചയുണ്ടാകുന്നുണ്ടോ എന്ന് പരിശോധിക്കാന്‍ സംസ്ഥാന ചീഫ് സെക്രട്ടറി ബി വി ആര്‍ സുബ്രഹ്മണ്യത്തിന് ഗവര്‍ണര്‍ നിര്‍ദേശം നല്‍കി. കൊലപാതകത്തിന് ഉത്തരവാദികളായവരെ ഉടന്‍ അറസ്റ്റു ചെയ്യണമെന്നും ജനങ്ങള്‍ക്കിടയില്‍ ഭീതി പരത്താന്‍ ശ്രമിക്കുന്ന ആരെയും വെറുതെ വിടരുതെന്നും തന്റെ ഉപദേഷ്ടാവ് കെ വിജയ്‌
കുമാറിനോടും നിര്‍ദേശിച്ചിട്ടുണ്ട്. സുരക്ഷ സംബന്ധിച്ച കാര്യങ്ങള്‍ അവലോകനം ചെയ്യുന്നതിന് സംസ്ഥാനത്തെ മുഴുവന്‍ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും അടിയന്തര യോഗം വിളിച്ചു ചേര്‍ക്കും.

ശനിയാഴ്ചയാണ് ബി ജെ പിയുടെ അനന്ത്‌നാഗ് ജില്ലാ ഉപാധ്യക്ഷനായ ഗുല്‍ മുഹമ്മദ് മിര്‍ ഭീകരവാദികളുടെ വെടിയേറ്റു മരിച്ചത്. കഴിഞ്ഞ രണ്ടു മാസത്തിനിടെ ഭീകരരുടെ ആക്രമണത്തില്‍ നാല്‌ പ്രമുഖരാണ് കൊല്ലപ്പെട്ടത്. ആര്‍ എസ് എസിന്റെ മുതിര്‍ന്ന നേതാവ് ചന്ദര്‍കാന്ത് ശര്‍മ, അദ്ദേഹത്തിന്റെ പേഴ്‌സണല്‍ സുരക്ഷാ ഓഫീസര്‍ രജീന്ദര്‍ കുമാര്‍, സാമൂഹിക പ്രവര്‍ത്തകന്‍ അര്‍ജുമന്ദ് മാജിദ് ഭട്ട്, പഞ്ചായത്ത് അധികാരി അബ്ദുല്‍ മജീദ് ദാര്‍ എന്നിവരാണ് ഭീകരരുടെ തോക്കിനിരയായത്. നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഇസ്മാഈല്‍ വാനിക്ക് പരുക്കേല്‍ക്കുകയും ചെയ്തു.

Latest