Connect with us

Education

യു ജി സി നെറ്റ് പരീക്ഷക്ക് മലബാറിൽ കേന്ദ്രമില്ല; പരീക്ഷാർഥികൾക്ക് നെട്ടോട്ടം

Published

|

Last Updated

കോഴിക്കോട്: ശാസ്ത്രവിഷയങ്ങളിലെ ഗവേഷണത്തിന് വേണ്ടിയുള്ള സി എസ് ഐ ആർ യു ജി സി നെറ്റിന് മലബാർ മേഖലയിൽ പരീക്ഷാ കേന്ദ്രമില്ലാത്തത് പരീക്ഷാർഥികളെ പ്രതിസന്ധിയിലാക്കുന്നു.

ജൂൺ 16 ന് നടക്കുന്ന പരീക്ഷക്ക് കാസർകോട്, കണ്ണൂർ, വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട് ജില്ലകളിൽ നിന്നായി നിരവധി പേരാണ് അപേക്ഷ നൽകിയിട്ടുള്ളത്. പരീക്ഷ എഴുതാൻ മലബാർ മേഖലയിൽ സെന്റർ അനുവദിക്കാത്തതിനാൽ തിരുവനന്തപുരത്തേക്കും കൊച്ചിയിലേക്കും എത്തിപ്പെടേണ്ട അവസ്ഥയിലാണ് വിദ്യാർഥികൾ.

ഇന്ത്യയൊട്ടാകെ എട്ട് ലക്ഷത്തോളം പേർ എഴുതുന്ന പ്രവേശന പരീക്ഷയിൽ 10 ശതമാനം പേരും കേരളത്തിൽ നിന്നുള്ളവരാണ്. ഇതിൽ പകുതി മലബാർ ജില്ലകളിൽ നിന്നുള്ളവരും.

അഖിലേന്ത്യാ തലത്തിലുള്ള നിരവധി പ്രവേശന പരീക്ഷകൾക്കും മറ്റും മലബാർ മേഖലയിൽ സെന്ററുകൾ അനുവദിക്കുമ്പോഴും സി എസ് ഐ ആർ പരീക്ഷക്ക് ഒരു കേന്ദ്രം പോലും അനുവദിക്കാത്തതിന്റെ കാരണമെന്താണെന്ന് വിദ്യാർഥികൾ ചോദിക്കുന്നു. സി എസ് ഐ ആർ നെറ്റ് പരീക്ഷക്ക് മലബാർ മേഖലയിൽ സെന്റർ അനുവദിക്കണമെന്ന ആവശ്യത്തിന് ഏറെ കാലത്തെ പഴക്കമുണ്ട്.

എന്നാൽ ഇതുവരെയും പരിഹാരമായിട്ടില്ലെന്ന് മാത്രം. അപേക്ഷകരിൽ കൂടുതലും പെൺകുട്ടികളായതിനാൽ രക്ഷിതാക്കളുൾപ്പെടെ തലേദിവസം തന്നെ പോകേണ്ടി വരുന്ന അവസ്ഥയാണുള്ളത്. അടുത്തുള്ള ഏതെങ്കിലും ജില്ലകളിലാണെങ്കിൽ പരീക്ഷയുടെ ദിവസം മാത്രം പുറപ്പെട്ടാൽ മതിയാകുമായിരുന്നു.

മലബാറിലെ ആറ് ജില്ലകളിലെ ഉദ്യോഗാർഥികൾക്കായി ഒരു പരീക്ഷാ കേന്ദ്രം അനുവദിച്ചാൽ നിരവധി പേർക്ക് അത് ആശ്വാസമാകും.

മലബാർ മേഖലയിൽ യു ജി സി നെറ്റ് പരീക്ഷക്ക് സെന്റർ അനുവദിക്കണമെന്ന ആവശ്യമുന്നയിച്ച് വിദ്യാർഥി സംഘടനകൾ ക്യാന്പയിൻ ആരംഭിച്ചിട്ടുണ്ട്.

Latest