Connect with us

National

ബി ജെ പി പരാജയം മണക്കുന്നു; മോദിയുടെ എസ് പി വിരുദ്ധ പ്രസ്താവനക്കെതിരെ അഖിലേഷ്

Published

|

Last Updated

ന്യൂഡല്‍ഹി: കോണ്‍ഗ്രസുമായി രഹസ്യ ബന്ധം സ്ഥാപിച്ച സമാജ്‌വാദി പാര്‍ട്ടി ബി എസ് പി നേതാവ് മായാവതിയെ വഞ്ചിക്കുകയാണെന്ന പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്താവനക്കെതിരെ ആഞ്ഞടിച്ച് അഖിലേഷ് യാദവ്. ലോക്‌സഭാ തിരഞ്ഞെടുപ്പ് നാലു ഘട്ടം പിന്നിട്ടപ്പോള്‍ ബി ജെ പി പരാജയം മണത്തിട്ടുണ്ടെന്നും അതുകൊണ്ടാണ് ഇത്തരം ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്നും അഖിലേഷ് പറഞ്ഞു.

“ബി ജെ പിയുടെ കണക്കുകൂട്ടല്‍ തെറ്റിയിരിക്കുകയാണ്. സര്‍ക്കാര്‍ രൂപവത്കരിക്കാന്‍ കഴിയില്ലെന്ന് അവര്‍ക്ക് നന്നായറിയാം. വികസനത്തെയോ കൃഷിക്കാരുടെ പ്രശ്‌നങ്ങളെയോ അവര്‍ വിഷയമാക്കുന്നില്ല. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ് പ്രധാന മന്ത്രിയുടെ ശ്രമം. പുതിയ സര്‍ക്കാര്‍ ആര് രൂപവത്കരിക്കണമെന്ന് എസ് പി-ബി എസ് പി-ആര്‍ എല്‍ ഡി സഖ്യം തീരുമാനിക്കും.” അഖിലേഷിനെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

രാജ്യത്തെ ഒരു ശതമാനം ജനങ്ങളുടെ മാത്രം പ്രതിനിധിയാണ് പ്രധാന മന്ത്രി നരേന്ദ്ര മോദി. പറയുന്നതിന് നേരെ വിപരീതം പ്രവര്‍ത്തിക്കുകയാണ് അദ്ദേഹത്തിന്റെ രീതിയെന്നും അഖിലേഷ് വ്യക്തമാക്കി.

യു പിയിലെ പ്രതാപ്ഗറില്‍ തിരഞ്ഞെടുപ്പു റാലിയില്‍ പ്രസംഗിക്കവെയാണ് മോദി എസ് പിക്കെതിരെ രംഗത്തെത്തിയത്. കോണ്‍ഗ്രസിനോട് മൃദുല സമീപനം സ്വീകരിക്കാന്‍ ആരംഭിച്ചിരിക്കുകയാണ് എസ് പി എന്നും മായാവതിയെ അവര്‍ ഇരുട്ടില്‍ തള്ളിയിരിക്കുകയാണെന്നും ആയിരുന്നു മോദിയുടെ ആരോപണം.

മായാവതിയെ പ്രധാന മന്ത്രിയാക്കാം എന്നുപോലും എസ് പി വാഗ്ദാനം നല്‍കിയിരുന്നുവെന്നും എന്നാല്‍, ഇപ്പോള്‍ ബി എസ് പി നേതാവിനെ വഞ്ചിച്ച് കോണ്‍ഗ്രസുമായി കൂട്ടുകൂടുകയാണ് അവരെന്നും മോദി പറഞ്ഞു. സമാജ്‌വാദി പാര്‍ട്ടിയുടെ കുതന്ത്രം തിരിച്ചറിഞ്ഞ മായാവതി കോണ്‍ഗ്രസിനെ പരസ്യമായി വിമര്‍ശിക്കാന്‍ തുടങ്ങിയിട്ടുണ്ടെന്നും മോദി കൂട്ടിച്ചേര്‍ക്കുകയുണ്ടായി.

Latest