Connect with us

Ongoing News

അവന്തികയിലൂടെ അവസാനിക്കുന്നു ആ കുടുംബപ്പോര്

Published

|

Last Updated

അവന്തിക നെഹ്്റു, പ്രിയങ്കാ ഗാന്ധി

ലക്‌നോ: “അവന്തിക നെഹ്‌റു എന്റെ സഹോദരിയാണ്- മുൻ എം പി, അന്തരിച്ച അരുൺ നെഹ്‌റുവിന്റെ മകൾ”- എ ഐ സി സി ജനറൽ സെക്രട്ടറി പ്രിയങ്കാ ഗാന്ധി റായ്ബറേലിയിലെ പ്രചാരണ വേദിയിൽ വെച്ച് പരിചയപ്പെടുത്തുമ്പോൾ അവസാനിച്ചത് ദശാബ്ദം നീണ്ട ശത്രുതയുടെ അധ്യായമാണ്.

ഒരുകാലത്ത് ഇന്ദിരാ ഗാന്ധിയുടെയും രാജീവ് ഗാന്ധിയുടെയും വിശ്വസ്തനായിരുന്നു അവന്തികയുടെ പിതാവും നെഹ്്റു കുടുംബാംഗവുമായ അരുൺ നെഹ്്റു. ഇന്ദിരാ ഗാന്ധി കൊല്ലപ്പെട്ടപ്പോൾ, ഇടക്കാല പ്രധാനമന്ത്രി സാധ്യത അസ്ഥാനത്താക്കി ആ സ്ഥാനത്തേക്ക് രാജീവിനെ ഉയർത്തിക്കാട്ടിയതും അരുണായിരുന്നു. പിന്നീട്, ബോഫോഴ്സ് കേസിൽ രാജീവിന്റെ വിമർശകരിൽ പ്രധാനിയായി അരുൺ മാറിയത് ചരിത്രം. 1989ലെ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ പതനത്തിൽ മുഖ്യപങ്ക് വഹിച്ചതും അരുണായിരുന്നു.

1999ലെ തിരഞ്ഞെടുപ്പിൽ റായ് ബറേലിയിൽ ബി ജെ പി സ്ഥാനാർഥിയായിരുന്നു അരുൺ. അന്ന് പ്രചാരണത്തിനിടെ പ്രിയങ്ക നടത്തിയ തിരഞ്ഞെടുപ്പ് പ്രസംഗമുണ്ട്. “നിങ്ങൾ പറയൂ, എന്റെ അച്ഛന്റെ മന്ത്രിസഭയിൽ ചതിയനായി പ്രവർത്തിച്ച ഒരാളെ, സ്വന്തം സഹോദരനെ പിന്നിൽ നിന്ന് കുത്തിയ ഒരാളെ- ഈ മണ്ഡലത്തിൽ കാലുകുത്താൻ നിങ്ങൾ അനുവദിച്ചതെന്തിന്? എങ്ങനെ അയാൾക്കിവിടെ വന്ന് മത്സരിക്കാൻ ധൈര്യം വന്നു? ഡൽഹിയിൽ നിന്ന് പുറപ്പെടുമ്പോൾ, ഒരാളെ കുറിച്ചും മോശമായി സംസാരിക്കരുതെന്നാണ് അമ്മ പറഞ്ഞത്. പക്ഷേ, ഞാൻ ഇപ്പോഴിത് നിങ്ങളോട് പറഞ്ഞില്ലെങ്കിൽ പിന്നെ എപ്പോഴാണിത് പറയുക?”- അന്ന് അരുൺ നെഹ്റുവിനെ നേരിട്ട കോൺഗ്രസിന്റെ ക്യാപ്റ്റൻ സതീഷ് ശർമ ജയിക്കുകയും ചെയ്തു. പ്രിയങ്കയുടെ ആ കന്നി രാഷ്ട്രീയ പ്രസംഗത്തിന് ശേഷം പത്ത് വർഷം പിന്നിട്ടിരിക്കുന്നു. ഇന്ന് അതേ റായ്ബറേലിയിൽ അരുൺ നെഹ്റുവിന്റെ മകളെ സ്വാഗതം ചെയ്ത് പരിചയപ്പെടുത്തുന്പോൾ രാഷ്ട്രീയം കൂടിയാണ് മാറുന്നത്.

മുൻ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധി റായ്ബറേലിയിൽ നിന്ന് ആദ്യമായി തിരഞ്ഞെടുക്കപ്പെട്ടത് 1967ലാണ്. 1977ൽ പരാജയപ്പെടുകയും ചെയ്തു. 1980ൽ റായ്ബറേലിയിൽ നിന്നും മെദകിൽ നിന്നും ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഇന്ദിര രണ്ടാമത്തെ സീറ്റ് നിലനിർത്തി. റായ്ബറേലിയിൽ ഉപതിരഞ്ഞെടുപ്പ് നടന്നപ്പോൾ കോൺഗ്രസ് ടിക്കറ്റിൽ വിജയിച്ച് അരുൺ 84ലും വിജയം ആവർത്തിക്കുകയായിരുന്നു. പിന്നീടാണ് പാർട്ടിയിൽ കലാപമുണ്ടാക്കി അരുൺ പുറത്തുപോകുന്നത്.
ജവഹർലാൽ നെഹ്റുവിന്റെ മുത്തച്ഛൻ ഗംഗാധർ നെഹ്‍റുവിന്റെ മകൻ നന്ദ്‍ലാൽ നെഹ്‍റുവിന്റെ പേരക്കുട്ടി ആനന്ദ്കുമാർ നെഹ്‍റുവിന്റെ മകനാണ് അരുൺ.

---- facebook comment plugin here -----

Latest