Connect with us

Ongoing News

അഴിക്കുള്ളിൽ നിന്നൊരു പിന്തുണ

Published

|

Last Updated

സിർസ: അഴിക്കുള്ളിലാണെങ്കിലും വിവാദ ആൾദൈവം ഗുർമീത് റാം റഹീം സിംഗിന്റെ ദേര സച്ഛാ സൗദ രാഷ്ട്രീയ നീക്കങ്ങൾക്ക് സാക്ഷ്യം വഹിക്കുന്നു. റാം റഹീം സിംഗ് അവകാശപ്പെടുന്ന ഒന്നര ലക്ഷത്തോളം അനുയായികളുടെ വോട്ടുകൾ കൈക്കലാക്കാനുള്ള തിരക്കിട്ട നീക്കത്തിലാണ് മുഖ്യധാരാ രാഷ്ട്രീയ പാർട്ടികൾ. കഴിഞ്ഞ മാസം 29ന് ദേരാ സച്ഛാ സൗദയുടെ സ്ഥാപക ദിനമായിരുന്നു.

ഒരു ലക്ഷത്തോളം ആളുകൾ പരിപാടിയിൽ സംബന്ധിച്ചുവെന്നാണ് സംഘാടകരുടെ അവകാശവാദം. അതിനേക്കാളും പ്രധാനം പങ്കെടുത്തവരിൽ വിവിധ പാർട്ടി നേതാക്കളും ഉണ്ടായിരുന്നുവെന്നതാണ്. അതിൽത്തന്നെ പ്രധാനി സിർസയിലെ കോൺഗ്രസ് സ്ഥാനാർഥി അശോക് തൻവാറായിരുന്നു. തൻവാർ മാത്രമല്ല, ഇന്ത്യൻ നാഷനൽ ലോക്ദൾ, ബി ജെ പി നേതാക്കളും ദേരാ സച്ഛാ സൗദയിൽ പലപ്പോഴായി എത്തിയിട്ടുണ്ട്. ലക്ഷ്യം തിരഞ്ഞെടുപ്പിൽ സഹകരണം ഒന്ന് മാത്രം.

2014ലെ തിരഞ്ഞെടുപ്പിൽ ബി ജെ പി സ്ഥാനാർഥിക്കായിരുന്നു ഹരിയാനയിൽ ഗുർമീത് റാം റഹീമിന്റെ പിന്തുണ. എന്നാൽ, 2017 പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിനെ പിന്തുണക്കുകയായിരുന്നു അവർ.

ഇപ്പോൾ ബി ജെ പിക്കെതിരായ വികാരമാണ് പൊതുവേ റാം റഹീമിനുള്ളതെന്നാണ് അനുയായികൾ പറയുന്നത്. ബലാത്സംഗ, കൊലപാതക കേസുകളിൽ ശിക്ഷിക്കപ്പെട്ട് റോഹ്തക് ജയിലിൽ കഴിയുകയാണ് ഗുർമീത് റാം റഹീം. നേതാവിനെ കുടുക്കിയത് ബി ജെ പിയാണെന്ന് പറയുമ്പോഴും തിരഞ്ഞെടുപ്പിൽ കൃത്യമായ നിലപാട് വ്യക്തമാക്കാൻ ദേര രാഷ്ട്രീയ വിഭാഗം ചെയർമാൻ റാം സിംഗ് തയ്യാറായില്ല.