Connect with us

Ongoing News

അഖിലേഷിനൊപ്പമുണ്ട് മറ്റൊരു 'യോഗി'

Published

|

Last Updated

ലക്‌നോ: ഉത്തർ പ്രദേശിൽ അങ്കം കടുക്കുമ്പോൾ മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ “വ്യാജ”നെയിറക്കി എസ് പി മേധാവി അഖിലേഷ് യാദവ്. “ബാബ” എന്ന് വിശേഷിപ്പിച്ചുകൊണ്ട് തനിക്കൊപ്പം കാവി വസ്ത്രധാരിയുടെ ചിത്രം ട്വിറ്ററിൽ പുറത്തുവിട്ടിരിക്കുകയാണ് അദ്ദേഹം. വേഷത്തിലും രൂപത്തിലും ബി ജെ പി നേതാവ് യോഗി ആദിത്യനാഥുമായി ബാബക്ക് ഏറെ സാമ്യമുണ്ട്.
ട്വിറ്ററിൽ ചിത്രങ്ങൾക്കൊപ്പം അഖിലേഷിന്റെ കുറിപ്പ് ഇങ്ങനെയാണ്- “ഞങ്ങൾക്ക് വ്യാജ ദൈവത്തെ കൊണ്ടുവരാൻ കഴിയില്ല, പക്ഷേ, ഒരു ബാബാ ജിയെ കൊണ്ടുവരും. ഗോരഖ്പൂർ ഒഴികെ സംസ്ഥാനത്തിന്റെ മറ്റിടങ്ങളിൽ എല്ലാവരോടും ഈ സർക്കാറിനെ കുറിച്ചുള്ള സത്യങ്ങൾ ഇദ്ദേഹം വിളിച്ചുപറയും”.

തന്നെ കിട്ടിയ അവസരങ്ങളിലെല്ലാം നിസ്സാരനാക്കി ആക്ഷേപിക്കുന്ന യോഗിക്കെതിരെയുള്ള പരിഹാസം തന്നെയാണ് അഖിലേഷിന്റെ ഈ നീക്കത്തിന് പിന്നിൽ എന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.

പ്രചാരണ യോഗങ്ങളിൽ ബാബക്ക് വലിയ സ്വീകരണമാണ് ലഭിക്കുന്നതെന്ന് അഖിലേഷ് യാദവ് അവകാശപ്പെടുന്നു.
ബി എസ് പി മേധാവി മായാവതി അഖിലേഷിനെ അടിച്ചമർത്തിയിരിക്കുകയാണെന്ന് കഴിഞ്ഞ ദിവസം യോഗി ആദിത്യനാഥ് ആരോപിച്ചിരുന്നു. മുലായം സിംഗിന്റെ നേതൃത്വത്തിൽ 37 സീറ്റുകൾ വരെ നേടിയിട്ടുള്ള സമാജ് വാദി പാർട്ടി ഇത്തവണ അത്രയും സീറ്റുകളിൽ മാത്രമേ മത്സരിക്കുന്നുള്ളൂ എന്നും മായാവതിയുടെ മുന്നിൽ അഖിലേഷ് നിസ്സാരനായി മാറിയിരിക്കുകയാണെന്നും കഴിഞ്ഞ ദിവസം യോഗി ആരോപിച്ചിരുന്നു. അതേസമയം, വിഭാഗീയ പ്രസംഗം നടത്തിയ സംഭവത്തിൽ യോഗിക്ക് തിരഞ്ഞെടുപ്പ് കമ്മീഷൻ 72 മണിക്കൂർ വിലക്കേർപ്പെടുത്തുകയും ചെയ്തിരുന്നു.