Connect with us

Ongoing News

ദീക്ഷിത് പറയുന്നു, മത്സരം എ എ പിയോടും കൂടിയാണ്

Published

|

Last Updated

ന്യൂഡൽഹി: ഡൽഹിയിൽ ആം ആദ്മി പാർട്ടി (എ എ പി)യുമായി സഖ്യമുണ്ടാക്കാൻ സാധിക്കാത്തതിൽ സംസ്ഥാന കോൺഗ്രസ് അധ്യക്ഷയും നോർത്ത് ഈസ്റ്റ് ഡൽഹി സ്ഥാനാർഥിയുമായ ഷീലാ ദീക്ഷിതിന് ഒരു ആകുലതയുമില്ല. “കോൺഗ്രസ് ഏറെ ചരിത്രമുള്ള വലിയ പാർട്ടിയാണ്. ദേശീയ തലസ്ഥാനത്ത് മാത്രമൊതുങ്ങുന്ന വളരെ ചെറിയ പാർട്ടിയാണ് എ എ പി”- ഇതാണ് ഇപ്പോഴും ദീക്ഷിതിന്റെ നിലപാട്. ഡൽഹിയിൽ എ എ പിയുമായി സഖ്യമുണ്ടാക്കുന്നതിനെ കോൺഗ്രസിനുള്ളിൽ ഏറ്റവും കൂടുതൽ എതിർത്തത് ഷീലാ ദീക്ഷിതായിരുന്നു. അപ്പോൾ നിലപാട് കടുപ്പിക്കുന്നതിൽ ഒട്ടും സംശയം വേണ്ട.

എ എ പിയുമായി സഖ്യമുണ്ടാക്കിയിരുന്നെങ്കിൽ ഡൽഹിയിലെ ഏഴ് സീറ്റുകളിലും 2-3 ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തിന് ജയിക്കാൻ സാധിക്കുമായിരുന്നെന്ന് കോൺഗ്രസ് നേതാവും ന്യൂഡൽഹി സ്ഥാനാർഥിയുമായ അജയ് മാക്കൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇത് മാക്കന്റെ വ്യക്തിപരമായ വിലയിരുത്തൽ മാത്രമെന്നാണ് ഷീലാ ദീക്ഷിത് പറയുന്നത്. പ്രത്യേക മുൻവിധിയോടെയൊന്നുമല്ല ഡൽഹിയിൽ കോൺഗ്രസ് മത്സരിക്കുന്നത്. മത്സരിക്കേണ്ടതുണ്ട്, അതിനാൽ മത്സരിക്കുന്നു. ബി ജെ പിസ്ഥാനാർഥികളെ മാത്രമല്ല, എ എ പിക്കാരെ കൂടിയാണ് കോൺഗ്രസ് നേരിടുന്നത്. നിലവിൽ ഡൽഹിയിലെ ഏഴ് സീറ്റും കൈവശം വെച്ചിരിക്കുന്നത് ബി ജെ പിയാണെന്നതിനാൽ അവരാണ് പ്രധാന എതിരാളി എന്ന് മാത്രം. സ്വയം ഒച്ചവെക്കുന്നു എന്നതിനപ്പുറം എ എ പിക്ക് ഒന്നും ചെയ്യാനില്ലെന്നും ഷീലാ ദീക്ഷിത് പരിഹസിച്ചു.
എത്ര സീറ്റിൽ കോൺഗ്രസിന് ജയിക്കാൻ കഴിയുമെന്ന ചോദ്യത്തിന് ദീക്ഷിതിന് നേരെ ചൊവ്വേ ഉത്തരമില്ല.

സ്ഥാനാർഥികളെ വോട്ടർമാർ വിലയിരുത്തിവരികയാണ്. തിരഞ്ഞെടുപ്പ് നടപടികൾ പൂർത്തിയാകാൻ ദിവസങ്ങൾ മാത്രമേ ശേഷിക്കുന്നുള്ളൂ എന്നതിനാൽ അന്തിമ ഫലത്തെ കുറിച്ച് ഇപ്പോൾ പറയാൻ താൻ ഒരുക്കമല്ലെന്നാണ് അവരുടെ മറുപടി.

പതിനഞ്ച് വർഷം ഡൽഹിയുടെ മുഖ്യമന്ത്രി സ്ഥാനത്തുണ്ടായിരുന്ന ഷീലാ ദീക്ഷിത് നീണ്ട രാഷ്ട്രീയ മൗനത്തിന് ശേഷമാണ് വീണ്ടും തിരഞ്ഞെടുപ്പിന് ഇറങ്ങിയിരിക്കുന്നത്.

സിറ്റിംഗ് എം പി. ബി ജെ പിയുടെ മനോജ് തിവാരിയാണ് ഷീലാ ദീക്ഷിതിന്റെ പ്രധാന എതിരാളി. ദിലീപ് പാണ്ഡെയാണ് എ എ പി സ്ഥാനാർഥി.

Latest