Connect with us

National

അഭയകേന്ദ്രത്തിലെ കൂട്ടബലാത്സംഗം; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി സി ബി ഐ

Published

|

Last Updated

പാറ്റ്‌ന: ബിഹാറിലെ അഭയകേന്ദ്രത്തിൽ നടന്ന കൂട്ടബലാത്സംഗത്തിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി സി ബി ഐ. മുസാഫർപൂരിലെ അഭയകേന്ദ്രത്തിൽ നിന്ന് കാണാതായ 11 പെൺകുട്ടികളെ മുഖ്യപ്രതി ബ്രിജേഷ് ഠാക്കൂറും സംഘവും കൊന്നിരിക്കാമെന്നാണ് സി ബി ഐ വ്യക്തമാക്കുന്നത്. സുപ്രീം കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലാണ് സി ബി ഐ ഇക്കാര്യം പറയുന്നത്. സമീപത്തെ ശ്മശാനത്തിൽ നിന്ന് പെൺകുട്ടികളുടേതെന്ന് കരുതുന്ന എല്ലുകൾ കണ്ടെത്തിയതിന്റെ പശ്ചാത്തലത്തിലാണ് സി ബിഐ പുതിയ റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചത്.

മുസാഫർപൂരിൽ എൻ ജി ഒ നടത്തുന്ന അഭയ കേന്ദ്രത്തിൽ നിരവധി പെൺകുട്ടികൾ പീഡനത്തിനിരയായതായി ടാറ്റാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസ് നടത്തിയ പഠനത്തിൽ കണ്ടെത്തിയിരുന്നു. സംഭവം വിവാദമായതോടെ സംസ്ഥാന സർക്കാർ കേസ് സി ബി ഐക്ക് കൈമാറുകയായിരുന്നു. പ്രതികളിലൊരാളായ ഗുഡ്ഡു പട്ടേലിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ കുഴിച്ചപ്പോഴാണ് അസ്ഥികൂടങ്ങൾ ലഭിച്ചത്. ഠാക്കൂർ അടക്കം 21 പ്രതികളാണ് കേസിലുള്ളത്. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയി, ജസ്റ്റിസ് ദീപക് ഗുപ്ത എന്നിവരടങ്ങിയ ബഞ്ചാണ് കേസ് പരിഗണിക്കുന്നത്.