Connect with us

Kerala

തിരഞ്ഞെടുപ്പ് ഫലത്തിന് ശേഷം രാഷ്‌ട്രീയ പാർട്ടികളിൽ അഴിച്ചുപണി

Published

|

Last Updated

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ വിവിധ രാഷ്ട്രീയകക്ഷികൾ നേതൃനിരയിൽ അഴിച്ചുപണിക്കൊരുങ്ങുന്നു. വരാനിരിക്കുന്ന നിയമസഭാ ഉപതിരഞ്ഞെടുപ്പുകൾ മുന്നിൽ കണ്ടാണ് പാർട്ടികളിലെ ആഭ്യന്തര പ്രശ്‌നങ്ങൾ പരിഹരിക്കാൻ ശ്രമിക്കുന്നത്. കോൺഗ്രസിൽ കെ പി സി സി അധ്യക്ഷനായി മുല്ലപ്പള്ളി രാമചന്ദ്രനെ ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുമ്പ് നിയമിച്ചെങ്കിലും മറ്റ് സ്ഥാനങ്ങളിൽ മാറ്റമുണ്ടായില്ല.

തിരഞ്ഞെടുപ്പ് കഴിയുന്നതുവരെ പഴയ നില തുടരാനായിരുന്നു തീരുമാനം. ഇപ്പോൾ മാറ്റങ്ങളെക്കുറിച്ച് വീണ്ടും ചിന്തിക്കുകയാണ്. ഗ്രൂപ്പ് അടിസ്ഥാനത്തിൽ വീതംവെച്ച് ജംബോ കമ്മിറ്റികൾ രൂപവത്കരിക്കുന്നതിനോട് മുല്ലപ്പള്ളിക്ക് താത്പര്യമില്ല. അദ്ദേഹം ഡൽഹിയിൽ ഇതുസംബന്ധിച്ച് ചർച്ചകൾ ആരംഭിച്ചിട്ടുണ്ട്. യു ഡി എഫ് കൺവീനറായ ബെന്നിബഹനാൻ തിരഞ്ഞെടുപ്പിൽ വിജയിച്ചാൽ പകരം എം എം ഹസനെ ആ സ്ഥാനത്തേക്ക് നിയോഗിക്കാനും ആലോചനയുണ്ട്.

ബി ജെ പിയിലാകും വലിയ മാറ്റങ്ങൾ വരാൻ പോകുന്നത്. സംസ്ഥാന അധ്യക്ഷൻ തന്നെ മാറിയാൽ അത്ഭുതപ്പെടാനില്ല. ശബരിമല സമരക്കാലത്ത് പി എസ് ശ്രീധരൻപിള്ളയുടെ ഭാഗത്തുനിന്നുണ്ടായ പല നടപടി വിമർശനത്തിനിടയാക്കിയിരുന്നു. സ്ഥാനാർഥി നിർണയം വൈകുന്നതിന് അദ്ദേഹം ഇടയാക്കിയെന്നും ആേക്ഷപമുണ്ട്. പത്തനംതിട്ടയിൽ സ്വയം സ്ഥാനാർഥിയാകാൻ തയ്യാറായത് പാർട്ടിക്ക് അവമതിപ്പുണ്ടാക്കി. തിരഞ്ഞെടുപ്പിൽ ശബരിമല പ്രചാരണ വിഷയമാണെന്ന കെ സുരേന്ദ്രന്റെ നിലപാട് ശ്രീധരൻപിള്ള പരസ്യമായി തിരുത്തിയതിലും പാർട്ടിയിൽ ഒരു വിഭാഗത്തിന് അമർഷമുണ്ട്. അതിനാൽ കുമ്മനം തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടാൽ പ്രസിഡന്റ് പദവി വീണ്ടും അദ്ദേഹത്തെ ഏൽപ്പിക്കാനാണ് സാധ്യത.

പി ജയരാജൻ തിരഞ്ഞെടുപ്പിൽ സ്ഥാനാർഥിയായപ്പോൾ സി പിഎമ്മിന്റെ കണ്ണൂർ ജില്ലാ സെക്രട്ടറി സ്ഥാനം ഒഴിഞ്ഞിരുന്നു. എം വി ജയരാജനാണ് ഇപ്പോൾ പാർട്ടി ജില്ലാ സെക്രട്ടറി. പി ജയരാജൻ പരാജയപ്പെട്ടാൽ വീണ്ടും സെക്രട്ടറി സ്ഥാനം തിരിച്ചുനൽകുമോ എന്ന് പറയാനാകില്ല.
വരാനിരിക്കുന്ന നിയമസഭാ ഉപതിരഞ്ഞെടുപ്പിന് പാർട്ടിയെ സജ്ജമാക്കലാകും ഓരോ പാർട്ടിയും ഫലപ്രഖ്യാപനം കഴിയുന്നതോടെ ചെയ്യുക. മഞ്ചേശ്വരം, പാലാ മണ്ഡലങ്ങളിൽ സിറ്റിംഗ് എം എൽ എമാർ അന്തരിച്ചതിനാൽ വൈകാതെ ഉപതിരഞ്ഞെടുപ്പുണ്ടാകും. കെ എം ഷാജിയെ ഹൈക്കോടതി അയോഗ്യനാക്കിയതിനാൽ അഴീക്കോട് മണ്ഡലത്തിൽ തിരഞ്ഞെടുപ്പ് വേണ്ടിവരും. ഇതിന് പുറമേയാണ് ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഒമ്പത് എം എൽ എമാർ മത്സരരംഗത്ത് ഇറങ്ങിയത്.

വട്ടിയൂർക്കാവ് മണ്ഡലത്തിലെ എം എൽ എയായ കെ മുരളീധരൻ വടകര ലോക്‌സഭാ മണ്ഡലത്തിൽ സ്ഥാനാർഥിയാണ്. മുരളീധരൻ ജയിച്ചാൽ വട്ടിയൂർക്കാവ് മണ്ഡലത്തിൽ ബി ജെ പി ശക്തമായി രംഗത്തിറങ്ങും.
സി ദിവാകരൻ തിരുവനന്തപുരം മണ്ഡലത്തിൽ നിന്ന് വിജയിച്ചാൽ നെടുമങ്ങാട് നിയമസഭാ മണ്ഡലത്തിൽ ഉപതിരഞ്ഞെടുപ്പ് ഉണ്ടാകും. ആലപ്പുഴയിൽ എ എം ആരിഫ് രക്ഷപ്പെട്ടാൽ അരൂരിൽ ഉപതിരഞ്ഞെടുപ്പ് ഉറപ്പ്. ആറന്മുള എം എൽ എ വീണാജോർജ് പത്തനംതിട്ടയിൽ വിജയിച്ചാൽ ആറന്മുളയിലും ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങും. മാവേലിക്കരയിൽ മത്സരിക്കുന്ന ചിറ്റയം ഗോപകുമാർ എം എൽ എ വിജയിച്ചാൽ അടൂരിൽ തിരഞ്ഞെടുപ്പ് വരും.

ആറ്റിങ്ങലിൽ മത്സരിച്ചത് കോൺഗ്രസിന്റെ സിറ്റിംഗ് എം എൽ എ അടൂർ പ്രകാശാണ്. സി പി എമ്മിലെ എ സമ്പത്തിനെ തോൽപിച്ചാൽ കോന്നിയിൽ ഉപതിരഞ്ഞെടുപ്പ് വേണ്ടി വരും. എറണാകുളത്ത് ഹൈബി ഈഡൻ വിജയിക്കുമെന്ന് തന്നെ യു ഡി എഫ് കരുതുന്നു. എങ്കിൽ എറണാകുളം നിയമസഭാ മണ്ഡലത്തിൽ തിരഞ്ഞെടുപ്പ് പ്രതീക്ഷിക്കാം. കോഴിക്കോട് പിടിക്കാൻ സി പി എം നിയോഗിച്ചത് എ പ്രദീപ്കുമാർ എം എൽ എയെയാണ്. വിജയിച്ചാൽ കോഴിക്കോട് നോർത്തും ഉപതിരഞ്ഞെടുപ്പിനൊരുങ്ങും.