Connect with us

Thrissur

ചേരമാൻ മസ്ജിദ് സുരക്ഷ: മുഖ്യമന്ത്രി ഇടപെടുന്നു

Published

|

Last Updated

കൊടുങ്ങല്ലൂർ: രാജ്യത്തെ ആദ്യ മുസ്‌ലിം പള്ളിയായ കൊടുങ്ങല്ലൂർ ചേരമാൻ ജുമുഅ മസ്ജിദിന് നേരെ ചാവേർ ആക്രമണം നടത്താൻ സലഫി ഭീകരർ പദ്ധതിയിട്ടിരുന്നെന്ന വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിൽ ചേരമാൻ ജുമുഅ മസ്ജിദിന്റെ സുരക്ഷ ഉറപ്പാക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ ഇടപെടുന്നു.

പള്ളിക്ക് സുരക്ഷ ഏർപ്പെടുത്തുന്നതിനായി കൂടുതൽ വിശദാംശങ്ങൾ അറിയിക്കാൻ മുഖ്യമന്ത്രി ആവശ്യപ്പെട്ടതായി അഡ്വ. വി ആർ സുനിൽകുമാർ എം എൽ എ അറിയിച്ചു. ഭീകരാക്രമണ ഭീഷണിയുടെ പശ്ചാത്തലത്തിൽ പള്ളിയിൽ പോലീസ് പരിശോധനാ കേന്ദ്രവും സായുധ പോലീസ് സാന്നിധ്യവും ആവശ്യപ്പെട്ട് എം എൽ എ മുഖ്യമന്ത്രിക്ക് കത്ത് നൽകിയിരുന്നു. തുടർന്ന് മുഖ്യമന്ത്രിയുമായി ഫോണിൽ നടത്തിയ ആശയ വിനിമയത്തിനിടെയാണ് ഇത് സംബന്ധിച്ച കൂടുതൽ കാര്യങ്ങൾ അറിയിക്കാൻ മുഖ്യമന്ത്രി എം എൽ എയോട് ആവശ്യപ്പെട്ടത്. ഭീകരാക്രമണ ഭീഷണിയുടെ പശ്ചാത്തലത്തിൽ പള്ളിയും പരിസരവും കൊടുങ്ങല്ലൂർ പോലീസിന്റെ പ്രത്യേക സുരക്ഷാ വലയത്തിലാണ്. കഴിഞ്ഞ ദിവസം ചേർന്ന മഹല്ല് കമ്മിറ്റി യോഗത്തിൽ പള്ളിയിൽ മെറ്റൽ ഡിറ്റക്്ടർ ഉൾപ്പെടെ സുരക്ഷാ സംവിധാനം ഏർപ്പെടുത്താൻ തീരുമാനിച്ചിരുന്നു. ചേരമാൻ മസ്ജിദിനെതിരായ ഭീകരാക്രമണ ഭീഷണി ആശങ്ക ഉളവാക്കുന്നതാണെന്ന് മന്ത്രി വി ആർ സുനിൽകുമാർ പറഞ്ഞു.

രാജ്യത്തിന്റെ ചരിത്രത്തിലും പൈതൃകത്തിലും നിർണായക പങ്ക് വഹിച്ച ചേരമാൻ മസ്ജിദിന് നേരെയുള്ള ഭീകരാക്രമണ വാർത്തയുടെ ഉറവിടം കണ്ടെത്തേണ്ടതുണ്ടെന്നും ചേരമാൻ മസ്ജിദ് അടക്കം കൊടുങ്ങല്ലൂരിലെ മുഴുവൻ ആരാധനാലയങ്ങളുടെയും സുരക്ഷ ജനാധിപത്യ സമൂഹം ഏറ്റെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇസ്‌ലാമും ക്രിസ്തുമതവും കടന്നുവന്ന മുസിരിസ് തീരത്ത് സ്ഥിതി ചെയ്യുന്ന ചേരമാൻ ജുമുഅ മസ്ജിദും കൊടുങ്ങല്ലൂർ ഭഗവതി ക്ഷേത്രവും മാർത്തോമാ പള്ളിയും ഉൾക്കൊള്ളുന്ന നഗരത്തിലെ സമാധാനം തകർക്കാനുള്ള ഏത് നീക്കത്തെയും ചെറുത്ത് തോൽപ്പിക്കുമെന്ന് കേരള മുസ്‌ലിം ജമാഅത്ത് സോൺ കമ്മിറ്റി പത്രക്കുറിപ്പിലൂടെ അറിയിച്ചു.
അതേസമയം, എൻ ഐ എ പിടിയിലായ പാലക്കാട് കൊല്ലങ്കോട് മുതലമട സ്വദേശി റിയാസ് അബൂബക്കർ കൊടുങ്ങല്ലൂരിൽ ഏറെ നാൾ താമസിച്ചതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. പുല്ലൂറ്റ് മേഖലയിൽ ചില സ്ഥാപനങ്ങളിൽ ജോലി ചെയ്തിരുന്ന റിയാസ് ഇടക്കാലത്ത് നഗരത്തിലും പരിസര പ്രദേശങ്ങളിലും അത്തർ കച്ചവടം നടത്തിയിരുന്നതായി വിവരമുണ്ട്. കൊടുങ്ങല്ലൂരിലെ താമസ സമയത്ത് റിയാസ് ചിലരുമായി ആശയസമ്പർക്കം നടത്തിയെന്ന സൂചനയെ തുടർന്ന് റിയാസുമായി അടുപ്പം പുലർത്തിയിരുന്നവരും പോലീസ് നിരീക്ഷണത്തിലാണ്.

ശ്രീലങ്കയിൽ സ്‌ഫോടനം നടത്തിയ സംഘടനകളുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന റിയാസ് അബൂബക്കറിനെ കഴിഞ്ഞ ദിവസമാണ് എൻ ഐ എ കസ്റ്റഡിയിലെടുത്തത്. ഇയാളിൽ നിന്നാണ് കൊടുങ്ങല്ലൂർ ചേരമാൻ ജുമുഅ മസ്ജിദിലുൾപ്പെടെ സ്‌ഫോടനം നടത്താൻ പദ്ധതിയിട്ടിരുന്നതായി എൻ ഐ എക്ക് വിവരം ലഭിച്ചത്.

Latest