Connect with us

National

ഹൈന്ദവ മതവികാരം വ്രണപ്പെടുത്തിയെന്ന് പരാതി; യെച്ചൂരിക്കെതിരെ കേസ്

Published

|

Last Updated

ഭോപ്പാല്‍: ഹൈന്ദവ മതവികാരം വ്രണപ്പെടുത്തുന്ന രീതിയില്‍ പ്രസംഗിച്ചുവെന്ന് ആരോപിച്ച് സി പി എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്കെതിരെ ബാബാ രാംദേവ് നല്‍കിയ പരാതിയില്‍ ഹരിദ്വാര്‍ പോലീസ് കേസെടുത്തു. ഹിന്ദുക്കളാരും അക്രമിക്കളല്ലെന്ന്‌ ബി ജെ പി സ്ഥാനാര്‍ഥി പ്രഗ്യ സിംഗ് ഠാക്കൂര്‍ നടത്തിയ പ്രസ്താവനയോട് പാര്‍ട്ടി മുഖപത്രമായ പീപ്പിള്‍സ് ഡെമോക്രസിയില്‍ യെച്ചൂരി നടത്തിയ പ്രതികരണമാണ് പരാതിക്കിടയാക്കിയത്. രാമായണത്തിലും മഹാഭാരതത്തിലും പോലും നിറയെ അക്രമ സംഭവങ്ങളുണ്ടെന്നായിരുന്നു സി പി എം ജനറല്‍ സെക്രട്ടറിയുടെ പ്രതികരണം.

“ചരിത്രം പരിശോധിച്ചാല്‍ നിരവധി രാജാക്കന്മാരും പ്രഭുക്കളും മറ്റും യുദ്ധം ചെയ്തതായി കാണാം. രാമായണവും മഹാഭാരതവുമെല്ലാം അക്രമങ്ങള്‍ നിറഞ്ഞതാണ്. ആര്‍ എസ് എസ് കര്‍സേവകര്‍ ഇതെല്ലാം വിശദീകരിക്കാറുമുണ്ട്. എന്നിട്ടും ഹിന്ദുക്കള്‍ അക്രമകാരികളല്ലെന്ന് നിങ്ങള്‍ക്കെങ്ങിനെയാണ് പറയാന്‍ കഴിയുന്നത്. വര്‍ഗീയ ഹിന്ദുത്വ വോട്ടുകള്‍ ഏകീകരിച്ച് സ്വന്തമാക്കുന്നതിനാണ് ബി ജെ പി ഇത്തരം പ്രചാരണങ്ങള്‍ നടത്തുന്നത്- യെച്ചൂരി വ്യക്തമാക്കി.

യെച്ചൂരി ഹിന്ദുക്കളുടെ മതവികാരം വ്രണപ്പെടുത്തിയെന്നും അദ്ദേഹം മാപ്പു പറയണമെന്നുമാണ് ബാബാ രാംദേവിന്റെ ആവശ്യം. ലേഖനത്തിലെ പരാമര്‍ശങ്ങള്‍ക്കെതിരെ ബി ജെ പിയും ശിവസേനയും രംഗത്തെത്തി. ബി ജെ പി വക്താവ് ജി വി എല്‍ നരസിംഹ റാവു, ശിവസേനാ നേതാവ് സഞ്ജയ് റാവത്ത്, കേന്ദ്ര മന്ത്രി ഗിരിരാജ് സിംഗ് തുടങ്ങിയവര്‍ യെച്ചൂരിക്കെതിരെ കടുത്ത ഭാഷയിലാണ് പ്രതികരിച്ചത്.

Latest