Connect with us

Articles

അരുത്; താരതമ്യം ചെയ്യരുത്

Published

|

Last Updated

മറ്റ് കുട്ടികളുമായി സ്വന്തം കുട്ടികളെ താരതമ്യം ചെയ്തു കുറ്റപ്പെടുത്തുകയോ താഴ്ത്തിക്കെട്ടുകയോ ചെയ്യുന്ന മാതാപിതാക്കൾ ശ്രദ്ധിക്കുക. ആ കുറ്റപ്പെടുത്തലുകൾ നിങ്ങളുടെ കുട്ടികളെ കൊലപാതകികളോ കുറ്റവാളികളോ ആക്കിയേക്കാം. മലപ്പുറം ജില്ലയിലെ എടപ്പാളിലെ പതിനൊന്നുകാരി മരിക്കാനിടയായ സംഭവം വിളിച്ചു പറയുന്നത് അതാണ്.

പഠനത്തിൽ മികവു പുലർത്തിയ അനിയത്തിക്കുട്ടിയെ പുകഴ്ത്തിയും അവളെപ്പോലെയാകണമെന്ന് പറഞ്ഞും നിരന്തരം വീട്ടുകാർ 14കാരിയായ കുട്ടിയെ സമ്മർദത്തിലാക്കി. അടുത്തിടെ പതിനൊന്നുകാരിക്ക് എൽ എസ് എസ് സ്‌കോളർഷിപ്പ് ലഭിച്ചപ്പോൾ അഭിനന്ദിച്ച് ഫ്‌ളക്‌സ് ബോർഡുകൾ സ്ഥാപിച്ചിരുന്നു. നിരന്തരമുണ്ടായ ഇത്തരം അനുഭവങ്ങൾ പതിനാലുകാരിയുടെ മനം മടുപ്പിച്ചു. ഇതാണ് അനിയത്തിയെ ഇല്ലാതാക്കാനുള്ള മാനസികാവസ്ഥയിലേക്ക് കുട്ടിയെ എത്തിച്ചത്. മരിച്ച കുട്ടിയുടെ മാതൃസഹോദരീ പുത്രിയാണ് പതിനാലുകാരി. പതിനാലുകാരിയെ ജുവൈനൽ ജസ്റ്റിസ് ബോർഡിനു മുന്നിൽ ഹാജരാക്കി. 2019 ഏപ്രിൽ 27 നാണ് സംഭവം നടന്നത്.

ഒാരോ കുഞ്ഞിന്റെയും സാധ്യതകളും പരിമിതികളും മനസ്സും അറിയാതെ പഠനത്തിൽ ഒന്നാമതെത്തണമെന്ന് വാശിപിടിക്കുന്ന മാതാപിതാക്കളുടെ കണ്ണു തുറപ്പിക്കേണ്ട സംഭവമാണിത്. ഓരോ കുട്ടികളും വ്യത്യസ്തരാണ്. ആ വിഭിന്ന വ്യക്തിത്വത്തെ ആദരിക്കാനും അംഗീകരിക്കാനും കഴിയണം. സ്വന്തം വീട്ടിലെയും അയൽപ്പക്കത്തെയും സ്‌കൂളിലെയുമെല്ലാം മിടുക്കരായ കുട്ടികളെ ചൂണ്ടിക്കാട്ടി “അവരെക്കണ്ട് പഠിക്ക്, അവരെപ്പോലെയാകണം, നിന്നെയൊക്കെ എന്തിനു കൊള്ളാം, മണ്ടൻ, കഴുത” എന്നൊക്കെ പറഞ്ഞ് ആക്ഷേപിക്കുമ്പോൾ കുട്ടികളുടെ മനസ്സിൽ നീറിപ്പുകയുന്ന അപകർഷതാ ബോധത്തെ നാം കാണുന്നില്ല.

ഓരോകുട്ടിയും വ്യത്യസ്തങ്ങളായ കഴിവുകളോടെയാണ് പിറന്നു വീഴുന്നത്. ആരും ആരെക്കാളും താഴെയല്ല (No one is inferior) ആരും ആരെക്കാളും മുകളിലുമല്ല (No one is Superior). ആരും തുല്യരുമല്ല (No one is equal). എല്ലാ കുട്ടികളും അതുല്യരാണ്. കുട്ടികളുടെ വ്യത്യസ്തമായ കഴിവുകളെ പരസ്പരം അംഗീകരിക്കുകയും അഭിനന്ദിക്കുകയും ചെയ്യുന്ന സമീപന രീതിയാണ് രക്ഷിതാക്കളും അധ്യാപകരും സ്വീകരിക്കേണ്ടത്.
എല്ലാ കുട്ടികളും ജീനിയസ്സാണെന്ന് പറഞ്ഞത് ആൽബർട്ട് ഐൻസ്റ്റീൻ ആണ്. പഠനത്തിൽ കഴിവു കുറഞ്ഞ കുട്ടിക്ക് മറ്റ് പലതിനും കഴിവുണ്ടാകും. അവ കണ്ടെത്തി പ്രോത്സാഹിപ്പിക്കാനും അതിലൂടെ അവരെ ആത്മവിശ്വാസമുള്ളവരാക്കാനുമാണ് ശ്രമിേക്കണ്ടത്. പഠനത്തിൽ ഒന്നാമതെത്താനുള്ള രക്ഷിതാക്കളുടെ മത്സരത്തിന്റെ ഇരകളാക്കി കുട്ടികളെ മാറ്റരുത്. നമ്മുടെ അഭിമാനം കാക്കാനുള്ള വ്യഗ്രതയിൽ കുട്ടികൾക്കും അഭിമാനമുണ്ടെന്ന് മറക്കരുത്.

ഓരോ കുട്ടിയുടെയും ബുദ്ധിശക്തി, അഭിരുചി മറ്റ് പ്രാവീണ്യങ്ങൾ എന്നിവ വ്യത്യസ്തമാണ്. ഹാർവാഡ് സർവകലാശാലയിലെ സൈക്കോളജിസ്റ്റും ന്യൂറോസയൻസ് ഫ്രൊഫസറുമായ ഹോവാർഡ് ഗാർഡ്‌നർ “1983ൽ മൾട്ടിപ്പിൾ ഇന്റലിജൻസ് എന്ന ആശയം മുന്നോട്ടുവെച്ചു. ബുദ്ധിശക്തിക്ക് പല മേഖലകളിലുമുള്ള പ്രാവീണ്യം ഓരോരുത്തരിലും വ്യത്യാസപ്പെട്ടിരിക്കുന്നു. ബുദ്ധിയുടെ ഘടനയുടെ വ്യത്യാസമാണ് ഇതിനു കാരണം. പലതരം ബുദ്ധിശക്തിയുടെ മിശ്രണമാണ് ഓരോരുത്തരിലുമുള്ളത്. ചിലതിന് ചിലരിൽ മുൻതൂക്കം കൂടും. അതനുസരിച്ചാണ് അവരുടെ കഴിവും താത്പര്യവും രൂപപ്പെടുന്നത്. താരതമ്യം ചെയ്യാതെ, അവഗണിക്കാതെ അഭിരുചിക്ക് അനുസൃതമായി പഠിക്കാനും ജോലി തേടാനും കുട്ടികളെ പ്രാപ്തരാക്കുകയാണ് വേണ്ടത്.

• അഡ്വ. ചാർളി പോൾ

---- facebook comment plugin here -----

Latest