Connect with us

Articles

ലങ്കൻ മുസ്‌ലിംകൾക്ക് സലഫികൾ സമ്മാനിച്ചത്

Published

|

Last Updated

ശ്രീലങ്കയിലെ കിഴക്കൻ പ്രവിശ്യയായ ബാറ്റിക്കലോവയിലെ നഗരങ്ങളിൽ മോട്ടോർ ബൈക്കിലെത്തിയ ഒരു സംഘം യുവാക്കൾ വിതരണം ചെയ്ത ലഘുലേഖകളിൽ ഇങ്ങനെ എഴുതിയിരുന്നു: “മുസ്‌ലിംകൾ നടത്തുന്ന കടകൾ ബഹിഷ്‌കരിക്കുക. അവിടെ ജോലിക്ക് നിൽക്കുന്നവർ ആ പണി നിർത്തുക. മുസ്‌ലിംകളെ വിശ്വസിക്കരുത്. അവർ ചതിക്കും- കിഴക്കൻ പ്രവിശ്യയിലെ തമിഴ് യുവാക്കൾ” ഈസ്റ്റർ ദിനത്തിലെ സ്‌ഫോടന പരമ്പരക്ക് ശേഷം ശ്രീലങ്കയിലെ സാമൂഹിക അന്തരീക്ഷത്തിൽ ഭീതിജനകമായ മാറ്റങ്ങൾ സംഭവിക്കുന്നുവെന്നതിന്റെ തെളിവാണ് ഈ ലഘുലേഖകൾ. ബാറ്റിക്കലോവ ഉൾപ്പെടുന്ന കിഴക്കൻ പ്രവിശ്യയിൽ മുസ്‌ലിംകൾ ആകെ ജനസംഖ്യയുടെ 38 ശതമാനം വരുന്ന സമ്പന്ന, ഇടത്തരം വിഭാഗമാണെന്നോർക്കണം.

കച്ചവട സ്ഥാപനങ്ങളിൽ മിക്കതും മുസ്‌ലിംകളുടേതാണ്. അവിടെയാണ് ഈ ബഹിഷ്‌കരണ ആഹ്വാനമെങ്കിൽ ന്യൂനാൽ ന്യൂനപക്ഷമായ മറ്റിടങ്ങളിലെ സ്ഥിതി എന്തായിരിക്കും? മുസ്‌ലിംകളെപ്പോലെ തന്നെ ന്യൂനപക്ഷമായ തമിഴരാണ് ഈ ആഹ്വാനം നടത്തുന്നതെന്നും കണക്കിലെടുക്കണം. സിംഹള വീര്യത്തിന്റെ ഇരകളാണ് അവരും. ഒരുമിച്ച് നിൽക്കേണ്ടവർ ഒരിക്കൽ കൂടി സംശയിച്ചകലുകയാണ്. പുലി വാഴ്ചയുടെ കാലം പിന്നിട്ട് കൈകോർക്കുകയായിരുന്നു മുസ്‌ലിം- തമിഴ് വിഭാഗങ്ങൾ. തമിഴ് വംശജരായ ക്രിസ്ത്യാനികളുടെ പള്ളികളിൽ മരണം വിതക്കുക വഴി നാഷനൽ തൗഹീദ് ജമാഅത്ത് അടക്കമുള്ള തീവ്ര സലഫീ ഗ്രൂപ്പുകൾ എന്താണ് മുസ്‌ലിംകൾക്ക് നേടിക്കൊടുത്തതെന്ന് ഈ ലഘുലേഖ വിളിച്ചു പറയുന്നു.

നിഖാബ് നിരോധിച്ചിരിക്കുന്നു. പള്ളികളും മദ്‌റസകളും സൂക്ഷ്മ നിരീക്ഷണത്തിലാണ്. സൈന്യത്തിന് പോലീസിംഗിന്റെ കൂടി അധികാരം കൈവന്നിരിക്കുന്നു. സ്‌ഫോടന പരമ്പരക്ക് പിറകേ നിലവിൽ വന്ന അടിയന്തരാവസ്ഥ കൂടുതൽ ശക്തമായി തുടരുകയാണ്. താടിയും തലപ്പാവുമുള്ള മുസ്‌ലിം പുരുഷൻമാരും ഇസ്‌ലാമിക വേഷത്തിൽ എത്തുന്ന സ്ത്രീകളും റസ്റ്റോറന്റുകളിലും പൊതു ഇടങ്ങളിലും വല്ലാത്ത തുറിച്ചു നോട്ടം അനുഭവിക്കുന്നു. പുതുതായി ഇസ്‌ലാമിലേക്ക് കടന്നു വന്ന മുസ്‌ലിംകൾ നിരന്തരം ചോദ്യം ചെയ്യലിന് വിധേയമാകുകയാണ്. സഊദിയിലും മറ്റും ജോലിക്ക് പോയി അവിടെ നിന്ന് മതപരിവർത്തിതരായി നാട്ടിലെത്തിയ സ്ത്രീകളടക്കമുള്ളവരുടെ വീട്ടിൽ അഞ്ചും ആറും തവണയാണ് സർവസന്നാഹങ്ങളോടെ പോലീസ് എത്തിയത്. തിരഞ്ഞിട്ടും തിരഞ്ഞിട്ടും അവർക്ക് മതിയാകുന്നില്ല. തെളിവ് തേടിയുള്ള ഈ പരക്കം പാച്ചിൽ മുസ്‌ലിം സമൂഹത്തെ നിതാന്തമായ ഭീതിയിലേക്ക് എടുത്തെറിഞ്ഞിരിക്കുന്നു. നിവലിലെ സർക്കാറിന്റെ പിടിയിലല്ല കാര്യങ്ങളൊന്നും. സിരിസേന പ്രസിഡന്റും റനിൽ വിക്രമസിംഗെ പ്രധാനമന്ത്രിയുമായ സർക്കാറിന്റെ നിയമസാധുത തന്നെ കോടതിയുടെ പരിഗണനയിലാണ്. മുൻ പ്രസിഡന്റും ലക്ഷണമൊത്ത സിംഹള ഷോവനിസ്റ്റുമായ മഹീന്ദാ രജപക്‌സേയുടെ കൈയിലാണ് ചരട്. അധികാരഭ്രഷ്ടനായിട്ടും സൈന്യത്തെയും പോലീസിനെയും അദ്ദേഹം നിയന്ത്രിക്കുന്നു. “പുലികളെ അവസാനിപ്പിച്ചത് അദ്ദേഹമാണല്ലോ. മുസ്‌ലിം പുലികളെ ശരിയാക്കാനും അദ്ദേഹം തന്നെ വേണ”മെന്നാണ് സാമൂഹിക മാധ്യമങ്ങളിലെ ആക്രോശം. മുമ്പൊരിക്കലും ഉണ്ടായിട്ടില്ലാത്ത വർഗീയ വിഭജനത്തിലേക്കാണ് ശ്രീലങ്ക പോകുന്നത്. ആരൊക്കെയാണ് ഊറിച്ചിരിക്കുന്നത്? തീവ്ര സലഫിസ്റ്റ് ഗ്രൂപ്പുകൾക്ക് എന്ത് പറയാനുണ്ട്? ബോധു ബല സേനയടക്കമുള്ള സിംഹള തീവ്രവാദി ഗ്രൂപ്പുകൾക്ക് വർഷങ്ങളെടുത്തിട്ടും സാധിക്കാതിരുന്നത് ഒറ്റയടിക്ക് നേടിക്കൊടുത്തുവെന്നതാണല്ലോ അവരുടെ സേവനം. മുസ്‌ലിംകൾക്കും തമിഴർക്കും വേണ്ടി വാദിച്ചിരുന്ന എല്ലാ സെക്യുലറിസ്റ്റുകളും നിശ്ശബ്ദരായിരിക്കുന്നു. സമാധാന കാംക്ഷികളായ ബുദ്ധ ഭിക്ഷുക്കൾക്കും മിണ്ടാനാകുന്നില്ല. ബുദ്ധ ഭിക്ഷു വേഷമണിഞ്ഞ ഭീകരവാദികൾ കുഴിച്ച കുഴിയിൽ വീണു കൊടുക്കുകയാണ് തൗഹീദ് ജമാഅത്തുകാർ ചെയ്തത്. ഇതിനെയാണ് വഴി മരുന്നിട്ടു കൊടുക്കുകയെന്ന് പറയുന്നത്. ഫാസിസ്റ്റുകളുടെയും വഹാബികളുടെയും വഴികൾ കുറേദൂരം പോകുമ്പോൾ പരസ്പരം തൊടും. അവർ ഒരേ ആനന്ദത്തിൽ മന്ദസ്മിതം തൂകും.

അലുത്ഗാമയിൽ ബോധു ബല സേനയെന്ന ഭീകര സംഘടന വഹാബികൾക്ക് വഴി മരുന്നിട്ട് കൊടുത്തത് 2014ലായിരുന്നു. അഞ്ച് വർഷം കൊണ്ട് കുറേ യുവാക്കളെ തട്ടിക്കൊണ്ടു പോയി മസ്തിഷ്‌ക പ്രക്ഷാളനം നടത്തി ചാവേറുകളാക്കി മാറ്റാൻ മാത്രം ശക്തി അലുത്ഗാമക്കുണ്ടായിരുന്നു. പടിഞ്ഞാറൻ ശ്രീലങ്കയിലെ കാലുതാരാ ജില്ലയിലെ തീരദേശ വിനോദ സഞ്ചാര കേന്ദ്രമാണ് അലുത്ഗാമ. ശ്രീലങ്കൻ പോളിറ്റിയുടെ സങ്കലിത ഭാവം പേറിയിരുന്ന ഇടമായിരുന്നു അത്. വിനോദസഞ്ചാര കേന്ദ്രങ്ങളിൽ പതിവായ ആഘോഷ സംസ്‌കാരം മറ്റിടങ്ങളെല്ലാം സംഘർഷഭരിതമായപ്പോഴും ശാന്തമായി നിലകൊള്ളാൻ ഈ പ്രദേശത്തെ സഹായിച്ചിരുന്നു. സങ്കലിത സംസ്‌കൃതിയെ അതിശക്തമായി ഉലയ്ക്കണമെന്ന് തീരുമാനിച്ചുറച്ച, ബുദ്ധ ഭീകര സംഘടനയായ ബോധു ബല സേന (ബി ബി എസ്) അതിനുള്ള വേദിയായി അലുത്ഗാമയെ തന്നെ തിരഞ്ഞെടുത്തത് അതുകൊണ്ടാണ്. തികച്ചും അപ്രതീക്ഷിതമായിരുന്നു ആക്രമണം. തികച്ചും ആസൂത്രിതവും. മുസ്‌ലിംകളുടെ വീടുകൾക്ക് തീവെച്ചു. കൊളളയടിച്ചു. പള്ളികളിൽ അഭയം തേടിയവരെപ്പോലും വെറുതെ വിട്ടില്ല. പള്ളി ആക്രമിച്ച് പുറത്തേക്ക് വലിച്ചിഴച്ചു. മുസ്‌ലിംകളുടെ കടകളും മറ്റ് സ്ഥാപനങ്ങളും തിരഞ്ഞുപിടിച്ച് ആക്രമിച്ചു. വിശുദ്ധ ഖുർആൻ പരസ്യമായി കത്തിച്ചു.

മേഖലയിൽ നിന്ന് മുസ്‌ലിംകൾ മുഴുവൻ ഒഴിഞ്ഞ് പോകണമെന്നായിരുന്നു ആക്രോശം. പട്ടാളമിറങ്ങിയിട്ടു പോലും അക്രമം ശമിച്ചില്ല. ബുദ്ധ സന്യാസിവേഷധാരിയും ഏതാനും മുസ്‌ലിം ചെറുപ്പക്കാരും തമ്മിൽ പട്ടണത്തിൽ നടന്ന കശപിശ അവസരമായി എടുക്കുകയായിരുന്നു ബോധു ബല സേനക്കാർ. ബുദ്ധഭിക്ഷുവിനെ മുസ്‌ലിംകൾ ആക്രമിച്ചുവെന്ന് നുണപ്രചാരണം നടത്തി. ബി ബി എസ് കൂറ്റൻ പ്രതിഷേധ സമ്മേളനം പ്രഖ്യാപിച്ചു. സംഘർഷത്തിലേക്കുള്ള വാതിലാണ് ഈ സമ്മേളനമെന്ന് മനസ്സിലാക്കിയിട്ടും പോലീസ് അനുമതി നൽകി. വാക്കുകൾ കൊണ്ട് കലാപമുണ്ടാക്കാൻ മിടുക്കുള്ള ബി ബി എസ് ഭീകര നേതാവ് ഗലഗോഡ അത്തേ ജ്ഞാനസാരയാണ് സമ്മേളനത്തിൽ പ്രസംഗിച്ചത്. ഈ സമ്മേളനം കഴിയുന്നതോടെ നഗരത്തിൽ ഒറ്റ മുസ്‌ലിമും ഉണ്ടാകാൻ പാടില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ ആഹ്വാനം. രാജ്യത്തെ 70 ശതമാനത്തിലധികം വരുന്ന ബുദ്ധമതക്കാരുടെ ഇച്ഛക്കനുസരിച്ച് ജീവിക്കാനുള്ള അവകാശമേ മുസ്‌ലിംകൾക്കുളളൂ. അതിലപ്പുറം അവർ നീങ്ങേണ്ടതില്ല. അവർ ഇവിടെ അനുഭവിക്കുന്ന പൗരത്വം ഞങ്ങളുടെ ഔദാര്യമാണ്. ഇങ്ങനെ പോകുന്നു ജ്ഞാനസാരയുടെ പ്രസംഗം. സമ്മേളനം കഴിഞ്ഞിറങ്ങിയവർ നഗരത്തിൽ അഴിഞ്ഞാടി. ആയുധങ്ങളുമായാണ് അവർ സമ്മേളനത്തിന് എത്തിയിരുന്നത്.

ജതികാ ഹെലാ ഉറുമയ (ജെ എച്ച് യു) എന്ന പരമ്പരാഗത ബുദ്ധ സംഘടനയിൽ നിന്ന് തെറ്റിപ്പിരിഞ്ഞാണ് ബോധു ബല സേന രൂപവത്കരിച്ചത്. ജെ എച്ച് യുവിന് തീവ്രത പോരെന്നാരോപിച്ച് ഇറങ്ങിവന്നവരാണ് ബി ബി എസിന്റെ നേതാക്കൾ. 2000ത്തോടെ സേനയുടെ പ്രവർത്തനം സജീവമായി. രാജ്യത്ത് മുസ്‌ലിം തീവ്രവാദ സംഘടനകൾ പിടിമുറുക്കുന്നുവെന്നായിരുന്നു സംഘടനയുടെ പ്രധാന ആരോപണം. പള്ളികളെയും മദ്‌റസകളെയും അവർ സംശയത്തിന്റെ നിഴലിൽ നിർത്തി. ഇവ കേന്ദ്രീകരിച്ച് മതപരിവർത്തനം നടക്കുന്നുവത്രേ. ലൗ ജിഹാദ് നുണക്ക് സമാനമായ നുണകൾ ഇടക്കിടക്ക് എഴുന്നള്ളിക്കും. സ്‌കൂളുകളിൽ ചരിത്രം പഠിപ്പിക്കാൻ ബുദ്ധ ഭിക്ഷുക്കളെ നിയമിക്കണമെന്നത് പോലുള്ള ആവശ്യങ്ങൾ നിരത്തി സർക്കാറിനെ മുൾമുനയിൽ നിർത്തും.

ബുർഖക്കും അബായക്കുമെതിരെ ബി ബി എസ് നിരന്തരം പ്രചാരണം നടത്തി. ബുർഖ ധരിച്ച സ്ത്രീകളെ ആക്രമിച്ചു. ഹലാൽ സർട്ടിഫിക്കേഷൻ സംവിധാനത്തിനെതിരെ പ്രചണ്ഡ പ്രചാരണം നടത്തി. ആൾ സിലോൺ ജംഇയ്യത്തുൽ ഉലമയാണ് മാംസ ഉത്പന്നങ്ങൾക്കും മറ്റും ഈ സർട്ടിഫിക്കറ്റ് നൽകുന്നത്. ഇത് മുസ്‌ലിംകളുടെ ആചാരങ്ങൾ അടിച്ചേൽപ്പിക്കാനുള്ള തന്ത്രമാണെന്ന് ബി ബി എസ് ആരോപിച്ചു. ജംഇയ്യത്തുൽ ഉലമ ഇതിൽ നിന്ന് വൻ തുക സമ്പാദിക്കുന്നുവെന്നും ഈ തുക തീവ്രവാദ സംഘടനയിലേക്കാണ് പോകുന്നതെന്നും ബുദ്ധ ഭീകരവാദികൾ ആരോപിച്ചു. നിരവധി ഹലാൽ ഷോപ്പുകൾ ബി ബി എസ് തീവ്രവാദികൾ അടിച്ചു തകർത്തു. വൻ സുരക്ഷാ പ്രശ്‌നമായി ഇത് വളർന്നതോടെ രാജ്യത്തെ മുസ്‌ലിം രാഷ്ട്രീയ പാർട്ടികളും പാർലിമെന്റംഗങ്ങളിൽ ചിലരും വിഷയം പാർലിമെന്റിൽ ഉന്നയിച്ചു. ഹലാൽ സർട്ടിഫിക്കേഷൻ നടത്താനുള്ള അധികാരം സർക്കാറിന് കൈമാറാൻ ജംഇയ്യത്തുൽ ഉലമ തയ്യാറായി. ഒടുവിൽ ഈ സർട്ടിഫിക്കേഷൻ സംവിധാനം തന്നെ അവസാനിപ്പിക്കുകയാണ് അന്നത്തെ പ്രസിഡന്റ് രജപക്‌സേ ചെയ്തത്.

അലുത്ഗാമയിലെ സംഘർഷവും തുടർന്നുള്ള സംഭവപരമ്പരകളും ഒരിക്കൽ കൂടി സ്മൃതിപഥത്തിലേക്ക് കൊണ്ടുവന്നത് പുതിയ ചോദ്യങ്ങൾക്കുള്ള ഉത്തരം അവിടെയുള്ളത്‌കൊണ്ടാണ്. സൂഫീ കേന്ദ്രങ്ങൾക്കെതിരായ പ്രചാരണത്തിൽ തുടങ്ങിയ വഹാബി, മതരാഷ്ട്ര സംഘടനകൾക്ക് വലിയ അവസരമാണ് അലുത്ഗാമ സൃഷ്ടിച്ചു കൊടുത്തത്. അരക്ഷിതരായ മുസ്‌ലിം സമൂഹത്തിലെ ചെറുപ്പക്കാരെ എളുപ്പത്തിൽ തീവ്ര ചിന്തകളിലേക്ക് ആകർഷിക്കാൻ ഇതു വഴി സാധിച്ചു. എൽ ടി ടി ഇക്ക് നേരെ നടത്തിയ ക്രൂരമായ അടിച്ചമർത്തൽ മഹീന്ദാ രജപക്‌സേയെ സൂപ്പർമാനാക്കി മാറ്റിയിരുന്നു. അദ്ദേഹം മുസ്‌ലിംകളെ കൂടി ലക്ഷ്യമിട്ട് തന്റെ സിംഹള രാഷ്ട്രീയ ഐഡിന്റിറ്റി ഊട്ടിയുറപ്പിക്കാൻ പോകുന്നുവെന്ന രാഷ്ട്രീയ യാഥാർഥ്യം കൂടുതൽ ചെറുപ്പക്കാരെ രോഷാകുലരാക്കി. അവരുടെ ഹാൻഡ് സെറ്റിൽ സാകിർ നായിക്കിന്റെയും സഹ്‌റാൻ ഹാശിമിന്റെയും പ്രസംഗങ്ങൾ നിറഞ്ഞു. അവർ തീവ്രമായി നിസ്‌കരിച്ചു. (ആരാധനയിൽ പോലും മിതത്വമാണല്ലോ മതം) ഖുർആന്റെ ക്ഷുദ്ര പരിഭാഷകൾ വായിച്ച് തല പുകച്ചു. ഓൺലൈൻ മുഫ്തിമാരിൽ നിന്ന് സന്ദേഹങ്ങൾ തീർത്തു. നിഗൂഢമായ മൗനം അവരെ പൊതിഞ്ഞു. അവർ സമൂഹത്തിൽ നിന്ന് ഒഴിഞ്ഞു നടന്നു. ഒടുവിൽ ചാവേറുകളായി ഒടുങ്ങുമ്പോൾ അലുത്ഗാമയിൽ ജ്ഞാനസാര വിതച്ചതെല്ലാം നൂറ് മേനി വിളഞ്ഞിരിക്കുന്നു. ജ്ഞാനസര ഇപ്പോൾ ജയിലിലാണ്. പ്രമുഖ കാർട്ടൂണിസ്റ്റിന്റെ ഭാര്യയെ ഭീഷണിപ്പെടുത്തിയ കേസിലാണ് ശിക്ഷ. അദ്ദേഹത്തെ തുറന്ന് വിടാൻ പല തണ ശ്രമം നടന്നതാണ്. പൗര സമൂഹത്തിന്റെ ശക്തമായ എതിർപ്പിന് മുന്നിൽ ഈ ശ്രമങ്ങൾ വിഫലമാകുകയായിരുന്നു. നിരവധിയായ കേസുകളിൽ വിചാരണ നേരിടാനിരിക്കുന്ന ജ്ഞാനസര പുതിയ സാഹചര്യത്തിൽ തടിയൂരുമെന്നുറപ്പാണ്. എൽ ടി ടി ഇയെ തകർക്കാനിറങ്ങിയ സൈന്യം തമിഴ് ജനതയെ കൊന്നു തള്ളുകയാണ് ചെയ്തത്. അതേ സൈന്യമാണ് ഇപ്പോൾ തീവ്രവാദത്തിനെതിരെ യുദ്ധം പ്രഖ്യാപിച്ചിരിക്കുന്നതെന്നോർക്കണം. ആ പോരാട്ടത്തിൽ അന്താരാഷ്ട്ര സഹായം നൽകുന്നത് ഒരു ഭാഗത്ത് ഇന്ത്യയും മറുഭാഗത്ത് ചൈനയുമാണെന്നു കൂടി കാണേണ്ടതാണ്.
കൂടെയാരുമില്ലാതെ മുസ്‌ലിംകൾ ഒറ്റപ്പെട്ടിരിക്കുന്നു.

അലുത്ഗാമയിൽ നിന്ന് മധ്യ കാൻഡിയിലേക്ക് വളർന്ന മുസ്‌ലിം വേട്ട ഇനി വളരെ എളുപ്പത്തിൽ സാധ്യമാക്കാം. തീവ്രവലതുപക്ഷ രാഷ്ട്രീയ രഥം കൂടുതൽ ക്രൗര്യത്തോടെ ഇനി ഉരുളും. രജപക്‌സേയിസത്തിന്റെ നാളുകളാണ് ശ്രീലങ്കയെ കാത്തിരിക്കുന്നത്. ഒരു കാലത്ത് എൽ ടി ടി ഇയിൽ നിന്ന് അതിക്രമം ഏറ്റുവാങ്ങിയ മുസ്‌ലിംകൾ രജപക്‌സേയിൽ രക്ഷകനെ കണ്ടു. ആ രാഷ്ട്രീയ മണ്ടത്തരം പിന്നീട് തിരുത്തി. മതേതര ചേരിക്കൊപ്പം നിലയുറപ്പിച്ചു. ഇനി അത്തരമൊരു ചേരി തന്നെ ഇല്ലാതെയാകുമ്പോൾ മുസ്‌ലിംകൾ എവിടെ നിൽക്കും? ഇതാണ് വഹാബികളും അവരുടെ അഭ്യുദയകാംക്ഷികളും മുസ്‌ലിംകൾക്ക് സമ്മാനിക്കുന്ന രാഷ്ട്രീയം. കേരളത്തിൽ വഹാബി ആശയധാരയെ പച്ചക്കൊടിക്കീഴിൽ സംരക്ഷിക്കുന്നവർ ഇത് മനസ്സിലാക്കുന്നത് നല്ലതാണ്.

ലോകത്താകെ മുസ്‌ലിംകളുടെ വേഷവും മതസ്വത്വത്തെ കുറിക്കുന്ന ചിഹ്നങ്ങളും വ്യവഹാര വിഷയമാകുമ്പോഴാണ് ശ്രീലങ്കയിൽ മുഖാവരണം നിരോധിച്ചിരിക്കുന്നത്. ശ്രീലങ്കൻ സംസ്‌കാരത്തിന് വിരുദ്ധമെന്ന് മുദ്രകുത്തി സിംഹള വംശീയവാദികൾ ഹിജാബിനെതിരെ രംഗത്ത് വന്നപ്പോൾ വസ്ത്ര സ്വാതന്ത്ര്യത്തിനായി വാദിച്ചവരിൽ വതാരകാ വിജിത തേരോയെപോലുള്ള ബുദ്ധഭിക്ഷുക്കളുമുണ്ടായിരുന്നു. മതേതര ചേരിയിൽ നിന്ന് വലിയ ചെറുത്തു നിൽപ്പുണ്ടായി. എന്നാൽ സ്‌ഫോടനത്തിന് പിറകേ അതിന് ഒരു തടസ്സവുമുണ്ടായില്ല. മുഖാവരണം സാമൂഹിക പ്രശ്‌നമായി തീർന്നിരിക്കുന്നുവെന്നതാണ് കാരണം. ഹലാൽ ഷോപ്പുകൾ മുസ്‌ലിംകൾ പൂജിച്ച് വെച്ചത് മറ്റുള്ളവരെ കൊണ്ട് തീറ്റിക്കാനുള്ള ഗൂഢാലോചനയാണെന്ന് പ്രചരിപ്പിച്ചപ്പോൾ ബി ബി എസുകാർ നിരവധി മറുചോദ്യങ്ങൾ നേരിടേണ്ടി വന്നിരുന്നു. ഇന്ന് ഒരു ചോദ്യവുമുയരുന്നില്ല. താടി, തലപ്പാവ്, മിനാരങ്ങൾ തുടങ്ങി മുസ്‌ലിംകളുമായി ബന്ധപ്പെട്ടതെല്ലാം നിരോധിക്കപ്പെടേണ്ടതാണെന്ന പൊതു ബോധം ഊട്ടിയുറപ്പിക്കാൻ മാത്രമേ വഹാബീ മൂവ്‌മെന്റുകളുടെ ജിഹാദ് ഉപകരിച്ചിട്ടുള്ളൂ.

വാൽക്കഷ്ണം: തന്റെ വിദ്യാഭ്യാസ സ്ഥാപനത്തിൽ നിഖാബ് നിരോധിച്ചതിന് ശ്രീലങ്കയുമായി ഒരു ബന്ധവുമില്ലെന്നാണല്ലോ ഡോ. ഫസൽ ഗഫൂർ പറയുന്നത്. ബന്ധമുണ്ട് സാർ. ശ്രീലങ്കയിലെ നിരോധനം അനിവാര്യമാക്കിയത് അവിടുത്തെ വഹാബികളാണ്. താങ്കൾ നിരോധിച്ചത് ഇവിടുത്തെ വഹാബികൾക്ക് വേണ്ടിയും. തമിഴ്‌നാട് വഴി കേരളത്തിലേക്ക് നീളുന്ന സംശയത്തിന്റെ നിഴൽ വഹാബികളെ വല്ലാതെ പൊള്ളിക്കുന്നുണ്ടായിരുന്നു. ചർച്ചകളുടെ മൂർച്ചയിൽ അവർ പുളയുന്നുണ്ടായിരുന്നു. ഒറ്റ സർക്കുലർ കൊണ്ട് അങ്ങ് അതെല്ലാം അട്ടിമറിച്ചുവല്ലോ. അങ്ങാണ് വിപ്ലവകാരി!

മുസ്തഫ പി എറയ്ക്കൽ • musthafalogam@gmail.com

അസിസ്റ്റന്റ്‌ ന്യൂസ് എഡിറ്റർ, സിറാജ്