Connect with us

National

കെജ്‌രിവാളിനെതിരായ ആക്രമണം ബി ജെ പിയുടെ അസഹിഷ്ണുതയുടെ സാക്ഷ്യം: ചന്ദ്രബാബു നായിഡു

Published

|

Last Updated

ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി നേതാവുമായ അരവിന്ദ് കെജ്‌രിവാളിനെതിരെ
നടന്ന ആക്രമണത്തെ അപലപിച്ച് ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു. ബി ജെ പി പുലര്‍ത്തുന്ന അസഹിഷ്ണുതയുടെ അവസാനത്തെ ഉദാഹരണമാണ് കെജ്‌രിവാളിനെതിരായ കൈയേറ്റമെന്ന് നായിഡു പറഞ്ഞു.

തിരഞ്ഞെടുപ്പിലെ പരാജയ ഭീതിയാണ് ബി ജെ പി ഇത്തരം കൃത്യങ്ങള്‍ ചെയ്യുന്നതിന് പിന്നിലെന്ന് ആരോപിച്ച അദ്ദേഹം മുഖ്യമന്ത്രിക്ക് ആവശ്യമായ സുരക്ഷ നല്‍കേണ്ട പോലീസ് നിഷ്‌ക്രിയത്വം പാലിച്ചതിനെ രൂക്ഷമായി വിമര്‍ശിച്ചു. ബി ജെ പിയുടെ നടപടികള്‍ ജനാധിപത്യത്തെ ദുര്‍ബലപ്പെടുത്താന്‍ മാത്രമാണ് ഉപകരിക്കുക. എന്നാല്‍, ഇത്തരം ചെയ്തികളിലൂടെ പ്രതിപക്ഷത്തെ തകര്‍ക്കാനോ തളര്‍ത്താനോ കഴിയുമെന്ന് അവര്‍ വ്യാമോഹിക്കേണ്ട- നായിഡു വ്യക്തമാക്കി.

ആം ആദ്മി സ്ഥാനാര്‍ഥികളോടൊപ്പം ഡല്‍ഹി മോത്തി ബാഗില്‍ റോഡ്ഷോ നടത്തുന്നതിനിടെയാണ് കെജ്രിവാളിന് നേരെ ആക്രമണം നടന്നത്. തുറന്ന വാഹനത്തിന്റെ മുന്നിലൂടെ ചാടിക്കയറിയ യുവാവ് കെജ്രിവാളിന്റെ മുഖത്ത് അടിക്കുകയായിരുന്നു. സംഭവം നടന്നയുടനെ പോലീസും പ്രവര്‍ത്തകരും ചേര്‍ന്ന് അക്രമിയെ കീഴ്പ്പെടുത്തി. ഇയാളെ പിന്നീട് പോലീസ് കസ്റ്റഡിയിലെടുത്തു.

വടക്ക് കിഴക്കന്‍ ഡല്‍ഹി കേന്ദ്രീകരിച്ച് നടന്ന കെജ്രിവാളിന്റെ പ്രചാരണത്തിനിടെ ബിജെപി സ്ഥാനാര്‍ഥിയും നടനുമായ മനോജ് തിവാരി നല്ല നര്‍ത്തകനാണെന്നും, നര്‍ത്തകരെയല്ല നല്ല രാഷ്ട്രീയക്കാരെയാണ് നാടിനാവശ്യമെന്നും കെജ്രിവാള്‍ പറഞ്ഞിരുന്നു. ഇതില്‍ പ്രകോപിതനായാണ്് യുവാവിന്റെ ആക്രമണമെന്നു കരുതുന്നു.