Connect with us

National

മീടൂ: ഒന്നും ഓർമയില്ലെന്ന് എം ജെ അക്ബർ

Published

|

Last Updated

ന്യൂഡൽഹി: ലൈംഗിക പീഡനാരോപണം ഉന്നയിച്ചതിനെതിരെ നൽകിയ മാനനഷ്്ടക്കേസിൽ മുൻ വിദേശകാര്യ സഹമന്ത്രി എം ജെ അക്ബറിന്റെ മൊഴി ഡൽഹി പട്യാല ഹൗസ് കോടതി രേഖപ്പെടുത്തി. അഡീ. ചീഫ് മെട്രോപോളിറ്റൻ മജിസ്‌ട്രേറ്റ് സമർ വിശാലിന് മുമ്പാകെ നൽകിയ മൊഴിയിൽ എം ജെ അക്ബർ തനിക്കെതിരെ ഉയർന്ന മീടൂ ആരോപണങ്ങളെയെല്ലാം, അപകീർത്തികരമെന്ന് വിശേഷിപ്പിച്ച് തള്ളിക്കളഞ്ഞു.
കരിയറിലെ എല്ലാ കാലഘട്ടത്തേയും വിശദമായി പ്രതിപാദിച്ചാണ് അക്ബർ മൊഴി നൽകിയത്. ആരോപണം തന്റെ പ്രശസ്തിയേയും കുടുംബത്തേയും ബന്ധുക്കളേയും ബാധിച്ചെന്ന് അക്ബർ കോടതിയോട് പറഞ്ഞു. എം ജെ അക്ബറിനുവേണ്ടി പ്രമുഖ അഭിഭാഷക ഗീത ലൂഥറയാണ് കോടതിയിൽ ഹാജരായത്.

അതേസമയം, പ്രിയാ രമണിയുടെ അഭിഭാഷക റബേക്ക ജോണിന്റെ എതിർ വിസ്താരത്തിനിടെയുള്ള ചോദ്യങ്ങൾക്ക് അക്ബർ കൃത്യമായ മറുപടി നൽകാൻ തയ്യാറായില്ല. “എനിക്കൊന്നും ഓർമയില്ല” എന്ന് മാത്രമായിരുന്നു റെബേക്ക ജോണിന്റെ മിക്ക ചോദ്യങ്ങൾക്കും അക്ബറിന്റെ മറുപടി. ഏഷ്യൻ ഏജിൽ പ്രിയാ രമണി അക്ബറിന്റെ ജൂനിയറായി ജോലി ചെയ്യാനെത്തിയ കാലത്തെക്കുറിച്ചും ജോലിക്ക് വേണ്ടിയുള്ള കൂടിക്കാഴ്ചക്കായി ഹോട്ടലിലെത്താൻ ആവശ്യപ്പെട്ടതടക്കമുള്ള കാര്യങ്ങളെക്കുറിച്ചുമുള്ള ചോദ്യങ്ങൾക്ക് ഓർമയില്ലെന്നാണ് മറുപടി നൽകിയത്.
എതിർ വിസ്താരത്തിനിടെ അക്ബറിന്റെ അഭിഭാഷക ലൂഥറ പല തവണ ഇടപെട്ടുകൊണ്ടിരുന്നു. എന്നാൽ തന്നെ തടസ്സപ്പെടുത്തരുതെന്ന് റെബേക്ക ജോൺ ആവശ്യപ്പെട്ടു. വ്യക്തിപരമായ ചോദ്യങ്ങൾ ചോദിക്കരുതെന്നായിരുന്നു അക്ബറിന്റെ അഭിഭാഷകയുടെ വാദം. ഇത് തീർത്തും വ്യക്തിപരമായ അനുഭവങ്ങളുടെ പുറത്തുള്ള പോരാട്ടമാണെന്നും അതിൽ വ്യക്തിപരമായ ചോദ്യങ്ങളുണ്ടാകുമെന്നും റെബേക്ക ജോൺ മറുപടി നൽകി. പ്രമുഖ മാധ്യമ പ്രവർത്തകരായ ബർക്കാ ദത്ത്, ഫെയ ഡിസൂസ, നിധി രാസ്താൻ, ജാവേദ് മാൻസാരായ്, സുപർണ ശർമ എന്നിവർക്കൊപ്പമാണ് പ്രിയാ രമണി കോടതിയിൽ ഹാജരായത്. താൻ പറഞ്ഞതെല്ലാം സത്യമാണെന്നും മൊഴിയിൽ ഉറച്ചു നിൽക്കുന്നുവെന്നും അവർ കോടതിയെ അറിയിച്ചു. കേസിൽ ഈ മാസം 20-ന് എതിർവാദം തുടരും.
ഏഷ്യൻ ഏജ് ദിനപത്രത്തിൽ ജോലി ചെയ്യുന്നതിനിടെ തന്നെ എം ജെ അക്ബർ ലൈംഗികമായി പല തവണ പീഡിപ്പിച്ചെന്ന് മാധ്യമപ്രവർത്തകയായ പ്രിയാ രമണി മീടൂ ക്യാമ്പയിനിന്റെ ഭാഗമായി തുറന്നു പറഞ്ഞതിനെതിരെയായിരുന്നു അക്ബർ മാനനഷ്്ടക്കേസ് ഫയൽ ചെയ്തത്.

പ്രിയാ രമണിയുടെ ആരോപണത്തിന് പിന്നാലെ അക്ബറിന്റെ സഹപ്രവർത്തകരായിരുന്ന നിരവധി സ്ത്രീകൾ സമാനമായ അനുഭവങ്ങൾ തുറന്നു പറഞ്ഞ് രംഗത്തെത്തിയിരുന്നു. ഇതേത്തുടർന്ന് എം ജെ അക്ബറിന് വിദേശകാര്യ സഹമന്ത്രിസ്ഥാനം നഷ്്ടമായി. 2018 ഒക്്ടോബർ 17-ന് രാജിെവച്ചതിന് പിന്നാലെ പ്രിയാ രമണിക്കെതിരേ കോടികൾ നഷ്ടപരിഹാരം ആവശ്യപ്പെട്ട് മാനനഷ്ടക്കേസ് നൽകുകയായിരുന്നു.

Latest