Connect with us

Malappuram

മഞ്ചേരി ഗവ. മെഡിക്കൽ കോളജിൽ 100 എം ബി ബി എസ് സീറ്റുകൾക്ക് സ്ഥിരാംഗീകാരം

Published

|

Last Updated

മഞ്ചേരി: ഗവ. മെഡിക്കൽ കോളജിലെ 100 എം ബി ബി എസ് സീറ്റുകൾക്ക് മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യയുടെ സ്ഥിരാംഗീകാരം ലഭിച്ചു. ആദ്യ ബാച്ച് പഠിച്ചിറങ്ങുന്ന സമയത്ത് തന്നെ കോളജിന് സ്ഥിരാംഗീകാരം ലഭിക്കുന്നുവെന്നത് ശ്രദ്ധേയമാണ്. ആരോഗ്യ മന്ത്രി കെ കെ ശൈലജയാണ് ഇക്കാര്യം അറിയിച്ചത്.

മഞ്ചേരി മെഡിക്കൽ കോളജിന്റെ അംഗീകാരം നിലനിർത്താനായി സർക്കാർ നടത്തിയ വലിയ ഇടപെടലുകളുടെ ഫലമാണ് ഈ അംഗീകാരമെന്നും മന്ത്രി വ്യക്തമാക്കി. കോളജിലെ എം ബി ബി എസ് കോഴ്‌സിന് സ്ഥിരാംഗീകാരം ലഭിച്ചതോടെ ഇനി മുതൽ പ്രതിവർഷം പ്രവേശനത്തിന് മുമ്പ് മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യ നടത്തുന്ന പരിശോധനകൾ ഉണ്ടാകില്ല. ഇതിന് പകരം അഞ്ച് വർഷത്തിലൊരിക്കൽ മാത്രമായിരിക്കും പരിശോധനകൾ നടത്തി സൗകര്യങ്ങൾ വിലയിരുത്തുക. കഴിഞ്ഞ സർക്കാറിന്റെ കാലത്ത് 2013ലാണ് മതിയായ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാതെ മഞ്ചേരി ജനറൽ ആശുപത്രിയെ മെഡിക്കൽ കോളജാക്കി ഉയർത്തിയത്.

ആവശ്യമായ സൗകര്യമില്ലാത്തതിനാൽ അംഗീകാരം നഷ്ടമാകുമെന്ന് എം സി ഐ മുന്നറിയിപ്പ് നൽകിയിരുന്നു. തുടർന്ന് എം സി ഐ ചൂണ്ടിക്കാണിച്ച പോരായ്മകൾ പരിഹരിച്ച് അംഗീകാരം നിലനിർത്താൻ നടപടി സ്വീകരിക്കുകയായിരുന്നു. ഇതിനായി 10 പുതിയ തസ്തികകൾ സൃഷ്ടിച്ചു. അധ്യാപക ഒഴിവുകൾ പുതിയ നിയമനം വഴിയും ഡെപ്യൂട്ടേഷൻ വഴിയും നികത്തി. മെഡിക്കൽ കോളജുകളെ മികവിന്റെ കേന്ദ്രമാക്കുന്നതിന്റെ ഭാഗമായി മഞ്ചേരി മെഡിക്കൽ കോളജിൽ മികച്ച അടിസ്ഥാന സൗകര്യങ്ങളൊരുക്കുകയും ആവശ്യമായ ഉപകരണങ്ങൾ വാങ്ങുകയും ചെയ്തു.

ഏറ്റവും അത്യാധുനിക രീതിയിൽ സെൻട്രൽ ലൈബ്രറി നവീകരിച്ചു. താമസ സൗകര്യമൊരുക്കുന്നതിനായി 103.86 കോടി രൂപ അനുവദിച്ച് നിരവധി നിർമാണ പ്രവർത്തനങ്ങൾ കിറ്റ്‌കോ വഴി ആരംഭിച്ചു. എം സി ഐ നിഷ്‌കർഷിച്ച ഹോസ്റ്റൽ സൗകര്യം ഇവിടെ ഉണ്ടായിരുന്നില്ല. ഇത് പരിഹരിക്കാനായി അധ്യാപക-അനധ്യാപക ക്വാർട്ടേഴ്‌സുകളും വിദ്യാർഥികൾക്കായി ഹോസ്റ്റലുകളും നിർമിച്ച് വരികയാണ്.

24 കുടുംബങ്ങൾക്കായുള്ള അധ്യാപക ക്വാർട്ടേഴ്‌സും 37 കുടുംബങ്ങൾക്ക് താമസിക്കുവാനുള്ള 10 നിലകളിലായുള്ള അനധ്യാപക ക്വാർട്ടേഴ്‌സുമാണുള്ളത്. 450 ഓളം വിദ്യാർഥിനികൾക്ക് താമസിക്കുന്നതിനായി ഒമ്പത് നില കെട്ടിട സമുച്ചയവും 225 ഓളം ആൺകുട്ടികൾക്ക് താമസിക്കുന്നതിനുള്ള ആറ് നില കെട്ടിടവും സജ്ജമാക്കി വരുന്നു. 600 പേരെ ഉൾക്കൊള്ളാവുന്ന ആധുനിക രീതിയിലുള്ള ഓഡിറ്റോറിയത്തിന്റെ നിർമാണ പ്രവർത്തനങ്ങളുംഅന്തിമഘട്ടത്തിലാണ്‌.

Latest