Connect with us

Sports

യുവരാജിന്റെ പേടിസ്വപ്നം

Published

|

Last Updated

ബുമ്‌റക്കൊപ്പം യുവരാജിന്റെ സെല്‍ഫി

മുംബൈ: ഞാന്‍ അയാളെ നെറ്റ്‌സില്‍ നേരിടാറില്ല. എനിക്കെതിരെ പന്തെറിയരുതെന്ന് അയാളോട് പറഞ്ഞിട്ടുണ്ട് – സ്റ്റുവര്‍ട് ബ്രോഡിനെ ആറ് പന്തും സിക്‌സറിന് പറപ്പിച്ച സാക്ഷാല്‍ യുവരാജ് സിംഗാണിത് പറയുന്നത്. ആരെ കുറിച്ചാണ് യുവി പറയുന്നത് എന്നറിയാന്‍ ആകാംക്ഷയുണ്ടാകും. മുംബൈ ഇന്ത്യന്‍സിന്റെ സൂപ്പര്‍ പേസ്ബൗളര്‍ ജസ്പ്രീത് ബുമ്‌റയാണ് യുവിയുടെ പേടിസ്വപ്നം.
ഐ സി സി ലോകകപ്പ് പ്രചാര പരിപാടിയില്‍ സംബന്ധിക്കുമ്പോഴാണ് യുവി തന്റെ ഇഷ്ടബൗളറെ കുറിച്ച് വാചാലനായത്. ലോക ക്രിക്കറ്റില്‍ ഇപ്പോള്‍ മികച്ച മൂന്ന് പേസര്‍മാരെയെടുത്താല്‍ അതിലൊരാള്‍ ബ്മുറയാണ്. അയാള്‍ ഇന്ത്യക്കായി മത്സരം ജയിക്കുന്നു. ബാറ്റ്‌സ്മാനെ ആക്രമിക്കുമ്പോള്‍ അയാളാണ് ബെസ്റ്റ്. എനിക്കുറപ്പുണ്ട് ലോകകപ്പിലെ ഏറ്റവും മികച്ച ബൗളര്‍ ബുമ്‌റയാകും – യുവരാജ് പറഞ്ഞു.

ഐ പി എല്ലില്‍ മുംബൈ ഇന്ത്യന്‍സിന് കളിക്കുന്ന യുവരാജ് സഹതാരങ്ങളില്‍ ഹര്‍ദിക് പാണ്ഡ്യയെ കുറിച്ചും പ്രതീക്ഷയോടെ സംസാരിച്ചു.
കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ ഹര്‍ദിക് കൊടുങ്കാറ്റ് വേഗത്തില്‍ അടിച്ചെടുത്ത 91 റണ്‍സ് ഇന്നിംഗ്‌സ് ഗംഭീരമായിരുന്നു. ഐ പി എല്ലില്‍ ഇന്നേവരെ അതുപോലൊരു ഇന്നിംഗ്‌സ് കണ്ടിട്ടില്ലെന്നും യുവരാജ്. 34 പന്തുകളിലാണ് ഹര്‍ദിക് 91 റണ്‍സടിച്ചത്. അതാകട്ടെ, ഏറ്റവും നിലവാരമുള്ള നാല് ബൗളര്‍മാരെ ശിക്ഷിച്ചു കൊണ്ട്-യുവരാജ് കൂട്ടിച്ചേര്‍ത്തു.

ഐ പി എല്‍ സീസണില്‍ 13 മത്സരങ്ങളില്‍ 46.62 ശരാശരിയില്‍ 373 റണ്‍സും 29.50 ഇക്കോണമിയില്‍ 12 വിക്കറ്റുകളും വീഴ്ത്തിയ ഹര്‍ദിക് പാണ്ഡ്യ ലോകകപ്പിലെ മികച്ച ആള്‍റൗണ്ടറായിരിക്കുമെന്നും യുവി പ്രവചിക്കുന്നു. ഐ പി എല്ലില്‍ നിറം മങ്ങിയ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് സ്പിന്നര്‍ കുല്‍ദീപ് യാദവ് ലോകകപ്പില്‍ തിളങ്ങും.

ടി20 ഫോര്‍മാറ്റും 50 ഓവര്‍ ഫോര്‍മാറ്റും വ്യത്യസ്തമാണ്. ടി20യിലെ പ്രകടനം നോക്കി ഏകദിന ക്രിക്കറ്റില്‍ താരത്തിന്റെ പ്രകടനം എന്താകുമെന്ന് പറയാന്‍ സാധിക്കില്ല. കുല്‍ദീപ് മികച്ച ബൗളറാണ്. ഇംഗ്ലമ്ട്, ദക്ഷിണാഫ്രിക്ക, ആസ്‌ത്രേലിയ എന്നിവിടങ്ങളില്‍ കുല്‍ദീപ് തെളിയിച്ചതാണ്. റിസ്റ്റ് സ്പിന്നറായ കുല്‍ദീപ് ഇംഗ്ലണ്ടിന്റെ നിര്‍ണായക താരമായിരിക്കുമെന്ന് യുവരാജ് അടിയുറച്ച് വിശ്വസിക്കുന്നു.
ധോണി, രോഹിത്, വിരാട്, ശിഖര്‍ എന്നിവരെല്ലാം മികച്ച ഫോമിലാണ്. ആറാം നമ്പറില്‍ കെദാര്‍ യാദവിന് കുറഞ്ഞ അവസരങ്ങളേ ലഭിച്ചിട്ടുള്ളൂ. ലോകകപ്പ് നേടാന്‍ സാധ്യതയുള്ള രണ്ട് ടീമുകള്‍ ഇംഗ്ലണ്ടും ഇന്ത്യയുമാണ്. വാര്‍ണറും സ്മിത്തും തിരിച്ചെത്തുന്നതോടെ ആസ്‌ത്രേലിയയുടെ ടീം ഘടനയും ശക്തമാകും. പവര്‍ ക്രിക്കറ്റ് കളിക്കുന്ന വെസ്റ്റിന്‍ഡീസിനെ സൂക്ഷിക്കണം – യുവരാജ് പറഞ്ഞു.

2011 ലോകകപ്പ് ഇന്ത്യ ചാമ്പ്യന്‍മാരായപ്പോള്‍ മാന്‍ ഓഫ് ദ ടൂര്‍ണമെന്റ് പുരസ്‌കാരം ആള്‍ റൗണ്ട് മികവില്‍ യുവരാജ് സിംഗിനായിരുന്നു.