Connect with us

National

റഫാല്‍ ഇടപാട്: വിധി പുന:പരിശോധിക്കരുതെന്ന് കേന്ദ്രം സുപ്രീം കോടതിയില്‍

Published

|

Last Updated

ന്യൂഡല്‍ഹി: റഫാല്‍ കേസില്‍ സുപ്രീം കോടതിയില്‍ കേന്ദ്ര സര്‍ക്കാര്‍ സത്യവാങ്മൂലം നല്‍കി. ഫ്രഞ്ച് കമ്പനിയായ ദസോയുമായി കേന്ദ്രസര്‍ക്കാര്‍ നടത്തിയ ഹെലികോപ്റ്റര്‍ ഇടപാടിലെ രേഖകള്‍ പരിശോധിക്കേണ്ടതില്ലെന്ന സുപ്രീംകോടതി വിധി പുനഃപരിശോധിക്കരുതെന്നും ഹരജി തള്ളണമെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു. അറ്റോര്‍ണി ജനറല്‍ കെ കെ വേണുഗോപാലാണ് കേന്ദ്രസര്‍ക്കാരിന് വേണ്ടി സത്യവാങ്മൂലം സമര്‍പ്പിച്ചത്.

പുനപ്പരിശോധന ഹരജികളില്‍ തിങ്കളാഴ്ച സുപ്രീം കോടതി വാദം കേള്‍ക്കാനിരിക്കെയാണ് സര്‍ക്കാര്‍ മറുപടി സത്യവാങ്മൂലം നല്‍കിയിരിക്കുന്നത്. റഫാല്‍ ഇടപാടിനെതിരായി നല്‍കിയ ഹര്‍ജിയില്‍ സുപ്രീംകോടതിയുടെ നിലവിലെ വിധി വസ്തുതകളെ അടിസ്ഥാനപ്പെടുത്തിയാണെന്നും അടിസ്ഥാനരഹിതമായ ചില മാധ്യമറിപ്പോര്‍ട്ടുകളുടെ മാത്രം അടിസ്ഥാനത്തില്‍ വിധി പുനഃപരിശോധിക്കരുതെന്നുമാണ് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കുന്നത്.

പ്രധാനമന്ത്രിയുടെ ഓഫീസ് ഇതുമായി ബന്ധപ്പെട്ട് രഹസ്യചര്‍ച്ച നടത്തിയിട്ടില്ല. കരാറുമായി ബന്ധപ്പെട്ടുള്ള പുരോഗതി നിരീക്ഷിക്കുക മാത്രമാണ് പ്രധാനമന്ത്രിയുടെ ഓഫീസ് ചെയ്തതെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു. കരാറിന്റെ പുരോഗതി നിരീക്ഷിച്ചതിനെ സമാന്തര ചര്‍ച്ചയായി കാണാനാകില്ല. ഈ കേസില്‍ എന്തെങ്കിലും അന്വേഷണം നടന്നാല്‍ അന്വേഷണ ഏജന്‍സികള്‍ക്ക് ഇതുമായി ബന്ധപ്പെട്ട രേഖകള്‍ കൈമാറേണ്ടി വരും. ഇത് രേഖകളുടെ രഹസ്യ സ്വഭാവം ഇല്ലാതാക്കും. റഫാല്‍ വിമാനങ്ങളുടെ വില, വാങ്ങിയ വില ഇതൊന്നും വെളിപ്പെടുത്താനാകില്ല. ഇതും കരാറിന്റെ രഹസ്യസ്വഭാവം ഇല്ലാതാക്കുന്നതാണ്.

മാധ്യമങ്ങളില്‍ പുറത്തുവന്ന വാര്‍ത്തകള്‍ പ്രതിരോധമന്ത്രാലയത്തിന്റെ ആഭ്യന്തര രേഖകള്‍ മാത്രമാണ്, രഹസ്യരേഖകളല്ല. അതില്‍ വിവാദം ആരോപിക്കേണ്ട കാര്യമില്ല. ഒരു കരാര്‍ രൂപീകരിക്കുമ്പോഴുള്ള സ്വാഭാവികമായ ആശയവിനിമയം മാത്രമേ ഇവിടെയുമുണ്ടായിട്ടുള്ളൂ എന്നും കേന്ദ്രസര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ പറയുന്നു.

Latest