Connect with us

Eranakulam

ആമ്പല്ലൂരിൽ വരുന്നത് 600 കോടിയുടെ ഇലക്‌ട്രോണിക്‌സ് പാർക്ക്

Published

|

Last Updated

കൊച്ചി: സംസ്ഥാന വ്യവസായ രംഗത്തെ നിർണായക പദ്ധതിയായ ഇലക്ട്രോണിക്‌സ് ഹാർഡ് വെയർ പാർക്കിനായുള്ള നടപടികൾ എറണാകുളം ആമ്പല്ലൂരിൽ പുരോഗമിക്കുന്നു. പദ്ധതിയുടെ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിനായി കേരള വ്യവസായ വികസന കോർപറേഷൻ ഭൂമി ഏറ്റെടുക്കൽ നടപടികൾ ആരംഭിച്ചു. ഇതിന് 41.47 കോടി രൂപ സർക്കാർ അനുവദിച്ചിരുന്നു. 100 ഏക്കർ ഭൂമിയാണ് പദ്ധതിക്കായി ഏറ്റെടുക്കുന്നത്. 15 ഭൂവുടമകൾക്ക് ഭൂമി വിലയുടെ 50 ശതമാനം 2016 ൽ നൽകിയിട്ടുള്ളതാണ്. എട്ട് വിഭാഗങ്ങളായി തിരിച്ചാണ് ഭൂമി ഏറ്റെടുക്കുന്നത്. ഭൂമി വിട്ടുകൊടുക്കുന്നതിനുള്ള സമ്മതപത്രം, അവകാശം തെളിയിക്കുന്ന രേഖകൾ എന്നിവ ഹാജരാക്കിയ 63 കക്ഷികളുടെ ആധാരം പരിശോധിച്ച് നഷ്ടപരിഹാരം നൽകാനുള്ള നടപടികൾ പുരോഗമിക്കുന്നു.

രാജ്യത്തിന്റെ ഇലക്‌ട്രോണിക്‌സ് നയങ്ങളുടെ അടിസ്ഥാനത്തിൽ രൂപവത്കരിക്കുന്ന ഇലക്‌ട്രോണിക്‌സ് പാർക്കിന് 600 കോടി രൂപയാണ് നിർമാണ ചെലവ് കണക്കാക്കുന്നത്. പാർക്കിൽ വലിയ കമ്പനികളെ ആകർഷിക്കുന്നതോടൊപ്പം ചെറുകിട നിർമാണ യൂനിറ്റുകൾക്ക് അവസരങ്ങൾ നൽകും. ഇലക്‌ട്രോണിക്‌സ് വ്യവസായങ്ങൾക്ക് ആവശ്യമായ ഘടക ഉപകരണങ്ങൾ നിർമിക്കുന്ന സ്ഥാപനങ്ങൾക്കും ഇവിടെ സ്ഥലം ലഭ്യമാക്കും.

ഡിസൈൻ ഡെവലപ്‌മെന്റ്, റിസെർച്ച് ഡെവലപ്‌മെന്റ്, സെമി കണ്ടക്ടറുകളുടെ നിർമാണ യൂനിറ്റുകൾ എന്നിങ്ങനെ വിവിധ രംഗങ്ങളിൽ ചെറുകിട, ഇടത്തരം സംരംഭകർക്ക് കൂടുതൽ അവസരങ്ങൾ ഒരുക്കുന്നതാണ് പദ്ധതി. വലിയ കമ്പനികൾ എത്തിയാൽ പാർക്കിന് പുറത്തുള്ള ചെറുകിട ഉത്പാദകർക്കും അനുബന്ധ ഘടക നിർമാണങ്ങൾക്കായുള്ള അവസരങ്ങൾ ലഭിക്കും. ഫലത്തിൽ പ്രത്യക്ഷവും പരോക്ഷവുമായി ആയിരങ്ങൾക്ക് തൊഴിലവസരങ്ങൾ ഒരുക്കാൻ പാർക്കിലൂടെ സാധിക്കും. ഇലക്‌ട്രോണിക്‌സ് ഉപകരണങ്ങൾ ഉത്പാദിപ്പിക്കുന്ന ഈ കേന്ദ്രം നാഷനൽ ഇൻവെസ്റ്റ്‌മെന്റ് ആൻഡ് മാനുഫാക്ചറിംഗ് സോണായി മാറും. ഇലക്‌ട്രോണിക്‌സ് ഉപകരണങ്ങളുടെ ഇറക്കുമതി കുറക്കാനും കയറ്റുമതി വർധിപ്പിക്കാനുമുള്ള രാജ്യത്തിന്റെ ശ്രമങ്ങൾക്ക് ഊർജം പകരുന്നതാണ് നിർദിഷ്ട ഇലകട്രോണിക്‌സ് പാർക്ക്.

Latest