Connect with us

Thiruvananthapuram

ജയിലുകളിൽ വിജ്ഞാന "ജ്യോതി' തെളിഞ്ഞു; വിജയം 98%

Published

|

Last Updated

തിരുവനന്തപുരം: സാക്ഷരതാമിഷന്റെ “ജയിൽ ജ്യോതി” പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തെ വിവിധ ജയിലുകളിൽ നടത്തിയ ആദ്യ സാക്ഷരതാ പരീക്ഷയിൽ 274 പേർ വിജയിച്ചു. 98 ശതമാനം വിജയം. മൊത്തം 281 പേരാണ് പരീക്ഷ എഴുതിയത്. തിരുവനന്തപുരം സെൻട്രൽ ജയിലിലാണ് ഏറ്റവും കൂടുതൽ പേർ വിജയിച്ചത്- 112.

ഇവിടെ മൊത്തം 113 പേരാണ് സാക്ഷരതാ പരീക്ഷ എഴുതിയത്. നിരക്ഷരരായ മുഴുവൻ അന്തേവാസികളെയും എഴുതാനും വായിക്കാനും പഠിപ്പിക്കണമെന്ന് ജയിൽ ചട്ടങ്ങളിൽ നിഷ്‌കർഷിച്ചിട്ടുണ്ട്. ഇതനുസരിച്ചാണ് സംസ്ഥാനത്തെ 56 ജയിലുകളിലും പദ്ധതി ആരംഭിച്ചത്.
കോട്ടയം- 10, എറണാകുളം- 10, തൃശൂർ- 24, പാലക്കാട്- 28, മലപ്പുറം- 26, വയനാട്- 20, കണ്ണൂർ- ഒമ്പത്, കാസർകോട് – 35 എന്നിങ്ങനെയാണ് മറ്റുജയിലുകളിൽ സാക്ഷരതാ പരീക്ഷ വിജയിച്ചവരുടെ എണ്ണം. 40 മാർക്കിന്റെ എഴുത്തുപരീക്ഷ, 30 മാർക്കിന്റെ വായനാ പരിശോധന, 30 മാർക്കിന്റെ കണക്ക് എന്നിവയാണ് പരീക്ഷയിൽ ഉൾപ്പെടുത്തിയത്. വായനക്ക് 30 മാർക്കിൽ ഒമ്പത്, എഴുത്തിന് 40 മാർക്കിൽ 12, കണക്കിന് 30 മാർക്കിൽ ഒമ്പത് എന്നിങ്ങനെയാണ് ഓരോവിഷയത്തിലും വിജയിക്കാനുള്ള മാർക്ക്. എന്നാൽ ജയിക്കാൻ ആവശ്യമായ മിനിമം മാർക്ക് 30 ആണ്.

സംസ്ഥാനത്തെ വിവിധ ജയിലുകളിലായി സാക്ഷരതക്ക് 365 പേരും നാലാം തരത്തിൽ 191 പേരും ഏഴാം തരത്തിൽ 98 പേരും നിലവിൽ പഠിക്കുന്നുണ്ട്. പത്താം തരത്തിൽ 62 പേരും ഹയർ സെക്കൻഡറിക്ക് 31 പേരും പഠിതാക്കളായുണ്ട്. എല്ലാ വിഭാഗത്തിലും പൂജപ്പുര സെൻട്രൽ ജയിലിലാണ് ഏറ്റവും കൂടുതൽ പഠിതാക്കൾ ഉള്ളത്. ഇവിടെ സാക്ഷരത- 93, നാലാം തരം- 58, ഏഴാംതരം- 24, പത്താംതരം- 19, ഹയർ സെക്കൻഡറി- 10 എന്നിങ്ങനെയാണ് കണക്ക്. ജയിൽ ജ്യോതി പദ്ധതിയുടെ ഭാഗമായി നേരത്തെ പൂജപ്പുര സെൻട്രൽ ജയിലിൽ പത്താംതരം- ഹയർ സെക്കൻഡറി തുല്യതാ പഠനകേന്ദ്രവും സാക്ഷരതാമിഷൻ ആരംഭിച്ചിരുന്നു. ജയിൽ ജ്യോതി പദ്ധതിയുടെ ഭാഗമായി നേരത്തെ 60 പേർ നാലാം തരം തുല്യതാപരീക്ഷ ജയിച്ചിരുന്നു.

Latest